തിരുവനന്തപുരം: തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. പത്തുദിവസത്തെ ചികിത്സ എന്നാണ് സൂചന. പുലർച്ചെ കുടുംബത്തോടൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് യാത്രതിരിച്ചു. ദുബായ് വഴിയാണ് യാത്ര. മയോ ക്ലിനിക്കിലാണ് പത്തുദിവസത്തിലേറെയുള്ള മുഖ്യമന്ത്രിയുടെ ചികിത്സ.
പകരം ചുമതല പതിവുപോലെ ആർക്കും നൽകിയിട്ടില്ല. ആരോഗ്യമേഖലയിലെ വിവാദങ്ങളിൽ സർക്കാർ വലിയ വിമർശനം നേരിടുമ്പോഴുള്ള മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയ്ക്കെതിരെ പ്രതിപക്ഷത്തെ ചില നേതാക്കൾ ഇതിനകം വിമർശനം ഉന്നയിച്ചിട്ടുണ്ട്. നേരത്തെയും അദ്ദേഹം മിനസോട്ടയിലെ മയോ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു.
2018-ലും 2022-ലുമൊക്കെ അദ്ദേഹം ചികിത്സയ്ക്കായി അമേരിക്ക സന്ദർശിച്ചിട്ടുണ്ട്. ആദ്യമായി അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിലെ മിനസോട്ടയിലുള്ള മയോ ക്ലിനിക്കിൽ പോയത് 2018 സെപ്റ്റംബറിലാണ്. 2022 ജനുവരി 11 മുതൽ 26 വരെ അദ്ദേഹം വീണ്ടും മയോ ക്ലിനിക്കിൽ തുടർ ചികിത്സ തേടിയിരുന്നു. 2022 ഏപ്രിൽ അവസാനവും മെയ് ആദ്യവുമായി അദ്ദേഹം മൂന്നാം തവണയും ചികിത്സയ്ക്കായി അമേരിക്ക സന്ദർശിച്ചു.
മുഖ്യമന്ത്രിയുടെ അഭാവത്തിൽ മറ്റാർക്കും ചുമതല കൈമാറാതെ ഇ-ഫയലിംഗ് വഴിയും ഓൺലൈൻ മന്ത്രിസഭാ യോഗങ്ങളിലൂടെയുമാണ് അദ്ദേഹം ഭരണകാര്യങ്ങളിൽ ഇടപെട്ടിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗികമായി യാത്രാവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
Chief Minister Pinarayi Vijayan went to the US for ten days of treatment