(moviemax.in) 'പപ്പന് വട്ടായോ...' എന്ന ഡയലോഗിലൂടെയാണ് ഫിലിപ്സ് ആന്റ് ദി മങ്കിപെന്നിലെ ജുഗ്രുവിനെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്.
പല്ലില്ലാത്ത മോണ കാട്ടിയുള്ള ജുഗ്രുവിന്റെ സംസാരവും ചിരിയും കുസൃതിയുമെല്ലാം അന്ന് പ്രേക്ഷകരെ തിയേറ്ററിൽ പിടിച്ചിരുത്തി.
ജഹാംഗീറെന്ന ജുഗ്രുവായി ഫിലിപ്സ് ആന്റ് ദി മങ്കിപെന്നിൽ അഭിനയിച്ചത് ഗൗരവ് മേനോനായിരുന്നു. ആദ്യ സിനിമയ്ക്കുശേഷം നിരവധി സിനിമകളിൽ വീണ്ടും ശ്രദ്ധേയ വേഷങ്ങളും കേന്ദ്ര കഥാപാത്രങ്ങളും ഗൗരവ് അവതരിപ്പിച്ചു.
മാത്രമല്ല 2013 മുതൽ 2019 വരെയുള്ള സിനിമാ ജീവിതത്തിനിടെ ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഗൗരവ് നേടി.
സ്കൂൾ ജീവിതം പൂർത്തിയാക്കിയ താരം ഇപ്പോൾ ചെന്നൈയിൽ ബിടെക് മറൈൻ എഞ്ചിനീയറിങ് പഠിക്കുകയാണ്. പഠനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ തൽക്കാലം അഭിനയമോഹം പത്തൊമ്പതുകാരനായ ഗൗരവ് മാറ്റിവെച്ചിരിക്കുകയാണ്.
അഭിനയം വിട്ട് കളയാൻ താൽപര്യമില്ലാത്തതിനാൽ പഠനം പൂർത്തിയാക്കിയശേഷം സിനിമയിലേക്ക് വരാനാണ് കുട്ടിത്താരത്തിന്റെ തീരുമാനം.
ഏഴ് വർഷത്തെ സിനിമാ ജീവിതം നൽകിയ അനുഭവങ്ങളെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും ഗൗരവ് മനസ് തുറന്നു.
മുപ്പത്തേഴോളം സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിൽ ബിടെക് മറൈൻ എഞ്ചിനീയറിങ്ങാണ് ഞാൻ പഠിക്കുന്നത്. അതിനൊപ്പം അഭിനയവും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കില്ല. ലീവ് ലഭിക്കില്ല.
ഷിപ്പിൽ സെയ്ലിങ്ങാണ് പഠിക്കുന്നത്. പഠിച്ച് ഇറങ്ങി കഴിഞ്ഞിട്ട് ഞാൻ സിനിമ എന്തായാലും ട്രൈ ചെയ്യും. വിട്ടുകളയാൻ തോന്നുന്നില്ല. കുഞ്ഞായിരുന്നപ്പോൾ മുതൽ ഞാൻ ആക്ടീവായിരുന്നതുകൊണ്ട് അമ്മയാണ് എന്നെ ഈ ഫീൽഡിലേക്ക് കൊണ്ടുവന്നത്.
ഫിൽപ്പ് ആന്റ് ദി മങ്കിപ്പെന്നിലെ ജഹാംഗീർ എന്ന ജുഗ്രുവിലേക്ക് എത്തിയത് ഓഡീഷൻ വഴിയാണ്. അയ്യായിരം ആറായിരത്തോളം കുട്ടികൾ അന്ന് ആ ഓഡീഷനിൽ പങ്കെടുത്തിരുന്നു.
സിനിമ തുടങ്ങും മുമ്പ് അതിലേക്ക് സെലക്ടായ ഞങ്ങൾ കുട്ടികൾക്ക് ഒരു ക്യാമ്പുണ്ടായിരുന്നു. പണ്ട് ഞാൻ വികൃതിയായിരുന്നു. അതെല്ലാം വെച്ച് എന്തൊക്കയോയാണ് അന്ന് സിനിമയിൽ ചെയ്തത്. അത് ആളുകൾക്ക് ഇഷ്ടപ്പെട്ടു.
ദേശീയ പുരസ്കാരം കിട്ടിയപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. കാരണം സിനിമയിലേക്ക് വന്ന തുടക്കിൽ ഞാൻ ഒരുപാട് സ്ട്രഗിൾ ചെയ്തിരുന്നു. അവഗണനയും ചവിട്ടി താഴ്ത്തലുമെല്ലാം അനുഭവിച്ചിട്ടുണ്ട്.
എന്നെ സിനിമയിൽ അഭിനയിക്കാൻ വിട്ടതിന് മാതാപിതാക്കളെ ബന്ധുക്കളും പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇപ്പോഴും ആ പുരസ്കാരത്തെ കുറിച്ച് ചിന്തിക്കുമ്പോൾ സന്തോഷമാണ്.
സ്റ്റേറ്റ് അവാർഡ് കിട്ടിയത് ഞാനും എല്ലാവരേയും പോലെ ടിവിയിലൂടെയാണ് അറിഞ്ഞതെന്ന് ഗൗരവ് പറയുന്നു. എനിക്ക് എന്നെ സ്ക്രീനിൽ കാണുമ്പോൾ ഒരു ചമ്മലാണ്. ട്രോളിലൊക്കെ എന്റെ മൂവിയിലെ ഭാഗങ്ങൾ കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.
സിനിമയിൽ വന്നശേഷം അഭിനയിക്കാൻ ജയസൂര്യ അങ്കിൾ എന്നെ ഒരുപാട് ഹെൽപ്പ് ചെയ്തിട്ടുണ്ട്. ജിലേബി മുതലാണ് ഞങ്ങൾ കൂടുതൽ അടുത്തത്. ഇപ്പോഴുള്ള നടന്മാരിൽ നല്ലൊരു അഭിനേതാവായാണ് എനിക്ക് ജയസൂര്യ അങ്കിളിനെ തോന്നിയിട്ടുള്ളത്.
പ്രൊഫഷണലായി ചെയ്യാൻ പഠിച്ചതും അദ്ദേഹത്തിൽ നിന്നാണ്. ഒപ്പം അഭിനയിച്ച താരങ്ങളുടെ വളർച്ച കാണുമ്പോൾ സന്തോഷമുണ്ട്. കാരണം എനിക്ക് അവരുടെ കൂടെ അഭിനയിക്കാൻ പറ്റിയല്ലോ... മമിത ചേച്ചിയൊക്കെ നല്ല കഴിവുള്ളയാളാണെന്നും ഗൗരവ് പറയുന്നു.
ഞാൻ സിനിമയിൽ അഭിനയിച്ചിരുന്ന സമയത്ത് ഇഷ്ടമാണെന്ന് പ്രപ്പോസ് ചെയ്ത് ഒരു കുട്ടി മെയിൽ ചെയ്തിട്ടുണ്ട്. അന്ന് ഞാൻ ഏഴിലോ എട്ടിലോ പഠിക്കുകയായിരുന്നു.
പാരന്റ്സായിരുന്നു അന്ന് മെയിൽ ഹാന്റിൽ ചെയ്തിരുന്നതെന്നും ആരാധകരിൽ നിന്നുള്ള അനുഭവം പങ്കിട്ട് ഗൗരവ് പറയുന്നു. ആളുകളുടെ മനസിൽ ഇപ്പോഴും ജുഗ്രു എന്ന കഥാപാത്രമുണ്ട്
അങ്ങനെ ഓർക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. ഞാൻ ഇതുവരെ ചെയ്തതിൽ ഏറ്റവും ടഫ് കഥാപാത്രം ബെന്നിലേതായിരുന്നു.
ആ കഥാപാത്രം എന്റെ റിയൽ ലൈഫിനേയും എഫക്ട് ചെയ്തിരുന്നു. കോളജ് പയ്യനായി സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. മെയിൻ കഥാപാത്രം മാത്രമെ ചെയ്യൂവെന്നില്ലെന്നും തുടർന്നും സിനിമ ചെയ്യാനുള്ള താൽപര്യം പ്രകടിപ്പിച്ച് ഗൗരവ് പറഞ്ഞു.
#remember #child #artist #gouravmenon #currently #Marine #Engineering #student