(moviemax.in)ഏറ്റവും മോശമായ സമയത്തിലൂടെ മലയാള സിനിമ മേഖല കടന്നുപോകുന്ന സാഹചര്യത്തിലാണ് ഓണ റിലീസുകളായി ഒരുപിടി ചിത്രങ്ങൾ തിയേറ്ററുകളിലെത്തുന്നത്.
മലയാള സിനിമ പ്രേക്ഷകർക്കായി കുറച്ച് അധികം നല്ല സിനിമകളാണ് ഓണാഘോഷം കൊഴുപ്പിക്കാൻ വെള്ളിത്തിരയിൽ നിറയുക.
ടൊവിനോ തോമസിന്റെ അജയന്റെ രണ്ടാം മോഷണം, ആന്റണി വർഗീസിന്റെ കൊണ്ടൽ, ആസിഫ് അലിയുടെ കിഷ്കിന്ധാ കാണ്ഡം, പുതുമുഖങ്ങളുടെ ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പ്, റഹ്മാൻ നായകനാകുന്ന ബാഡ് ബോയ്സ് എന്നിവയാണ് റിലീസിനൊരുങ്ങുന്ന പ്രധാന സിനിമകൾ.
ടൊവിനോ തോമസും ആന്റണി പെപ്പേയും ആസിഫ് അലിയും ഒരുമിച്ച് ചേർന്ന് ഒരു പ്രമോഷൻ വീഡിയോ പുറത്തിറക്കി.
ഞങ്ങൾ മൂന്നാളും ഓരോ പടവുമായി വരുന്നുണ്ട്... മിന്നിച്ചേക്കണേ... എന്ന തലക്കെട്ടോടെയാണ് വീഡിയോ താരങ്ങൾ പങ്കിട്ടത്.
യുവതാരങ്ങളുടെ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ അഭിനേത്രിയും നിർമാതാവുമായ ഷീലു എബ്രഹാം സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധനേടുന്നത്.
ടൊവിനോയേയും ആസിഫിനേയും പെപ്പേയേയും വിമർശിച്ചുള്ളതാണ് ഷീലുവിന്റെ കുറിപ്പ്. ആ കുറിപ്പ് ഇങ്ങനെയാണ്... പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ... പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് കാണിച്ച് തന്നതിന് നന്ദി.
നിങ്ങളുടെ ഐക്യവും സ്നേഹവും കാണിക്കാൻ നിങ്ങൾ ചെയ്ത ഈ വീഡിയോയിൽ നിങ്ങളുടെ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ഓണത്തിന് റിലീസ് ചെയ്യുന്നത് എന്ന തെറ്റിദ്ധാരണയാണ് നിങ്ങൾ പ്രേക്ഷകരിലേക്ക് കൊടുക്കുന്നത്.
എന്നാൽ ഞങ്ങളുടെ ബാഡ് ബോയ്സും പിന്നെ കുമ്മാട്ടിക്കളിയും ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പും നിങ്ങൾ നിർദ്ദാക്ഷണ്യം തഴഞ്ഞു.ഈ ചിത്രങ്ങളും ഓണത്തിന് തന്നെയാണ് റിലീസ്.
സ്വാർത്ഥമായ പവർ ഗ്രൂപ്പുകളെക്കാൾ പവർഫുള്ളാണ് മലയാളി പ്രേക്ഷകർ. നാളെ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യുകയാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും വിജയിക്കട്ടെ.
എല്ലാവർക്കും ലാഭവും മുടക്കുമുതലും തിരിച്ച് കിട്ടട്ടെ... എന്നാണ് ഷീലു കുറിച്ചത്. അബാം മൂവീസിൻ്റെ ബാനറിൽ എബ്രഹാം മാത്യു നിർമ്മിച്ച ബാഡ് ബോയ്സ് സംവിധാനം ചെയ്തിരിക്കുന്നത് ഒമർ ലുലുവാണ്.
യുവതാരങ്ങളുടെ സ്വാർത്ഥത നിറഞ്ഞ പെരുമാറ്റത്തിൽ ഒമർ ലുലുവും പ്രതിഷേധം അറിയിച്ചു. നിങ്ങൾ എല്ലാവരും സിനിമയിൽ കഷ്ടപ്പെട്ട് വന്നവരല്ലേ... എല്ലാ സിനിമകൾക്കും ഒരേ കഷ്ടപ്പാടല്ലേ... എന്തിനാണ് ഞങ്ങളെ അവഗണിച്ചത് എന്നാണ് ടൊവിനോയേയും ആസിഫിനേയും പെപ്പേയേയും മെൻഷൻ ചെയ്ത് ഒമർ ചോദിച്ചത്.
ഷീലുവിന്റെയും ഒമറിന്റേയും കുറിപ്പിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. അവർ ഫ്രണ്ട്സാണ്... അവർ അവരുടെ കാര്യം പറഞ്ഞുവെന്ന് വിചാരിച്ചാൽ പോരെ എന്നാണ് ഒരു പ്രേക്ഷകൻ ഒമറിനോട് കമന്റിലൂടെ ചോദിച്ചത്.
അവർ അവരുടെ കാര്യം എന്നത് തന്നെയാണ് സ്വാർത്ഥത എന്ന മറുപടിയാണ് ഒമർ നൽകിയത്. അവർ സുഹൃത്തുക്കൾ... അങ്ങോട്ടും ഇങ്ങോട്ടും സപ്പോർട്ട് ചെയ്തു.
അതിന് നിങ്ങളെന്തിനാ ഇങ്ങനെ ഇമോഷണൽ ആവുന്നേയെന്നും ചിലർ ഒമറിനെ പരിഹസിച്ച് ചോദിച്ചു. എന്നാൽ ഒരു വിഭാഗം പ്രേക്ഷകർ ഷീലുവിനേയും ഒമറിനേയും പിന്തുണച്ചുമെത്തി.
ടൊവിനോയ്ക്കും പെപ്പേയ്ക്കും ആസിഫിനുമുള്ള മറുപടിയായി ബാഡ് ബോയ്സ് തിയേറ്ററിൽ വൻ വിജയമാക്കി കാണിച്ച് കൊടുക്കണമെന്ന കമന്റുകളും പോസ്റ്റിന് ലഭിച്ചു.
ആര് എത്ര പ്രമോഷൻ നടത്തിയാലും നല്ല സിനിമകൾ മാത്രമെ എന്നും മലയാളത്തിൽ വിജയിച്ചിട്ടുള്ളുവെന്നും കമന്റുകളുണ്ട്.
ബാഡ് ബോയ്സിൽ റഹ്മാനെ കൂടാതെ മലയാളികളുടെ ഇഷ്ട താരങ്ങളായ ബാബു ആന്റണി, ശങ്കർ, ഭീമൻ രഘു, ബാല, ടിനി ടോം, ഷീലു എബ്രഹാം, ധ്യാൻ ശ്രീനിവാസൻ അങ്ങനെ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.
#Thanks #actress #shiluAbraham #showing #how #power #groups #work #against #young #actors