( moviemax.in ) ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ സിനിമാ മേഖലയിൽ സ്ഥിരമായി കേട്ടിരുന്ന പല കാര്യങ്ങളിലും വ്യക്തതയും കൃത്യതയും വന്നിരിക്കുകയാണെന്ന് സംവിധായകൻ ജിയോ ബേബി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയ്ക്ക് കുറയെങ്കിലും മാറ്റം വന്നു.
സിനിമയിൽ പ്രവർത്തിക്കുന്ന പെൺകുട്ടികളുടെ എണ്ണം വർധിച്ചു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പേടികൂടാതെ എല്ലാവർക്കും സിനിമയിൽ ജോലി ചെയ്യുന്നതിന് ആവശ്യമായ അന്തരീക്ഷമുണ്ടാകാൻ കൂട്ടായ തീരുമാനം ആവശ്യമുണ്ട്.
അതൊരു ഭാരിച്ച കാര്യമല്ല. സിനിമയിലെ സംഘടനകൾ ശക്തമായ തീരുമാനം എടുക്കണം. സ്ത്രീകളടക്കമുള്ളവർ നേരിടുന്ന പ്രശ്നങ്ങളിൽ ശക്തമായ നടപടിയെടുത്ത് മുന്നോട്ട് പോകേണ്ട സമയമാണ് ഇതെന്നും ജിയോ ബേബി പറഞ്ഞു.
'ഒറ്റപ്പെട്ടു കിടക്കുന്ന ഒരു സ്ഥലത്ത് ചിത്രീകരണം നടക്കുകയാണെന്ന് കരുതുക. അവിടെ ടോയ്‌ലെറ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങളില്ല. ആ സാഹചര്യത്തിൽ എങ്ങനെ സ്ത്രീകളെ ഒഴിവാക്കാം എന്നാണ് ആലോചനകളുണ്ടാകുന്നത്.
അവർക്ക് എങ്ങനെ സൗകര്യമൊരുക്കും എന്ന് ആലോചിക്കുന്നില്ല. സിനിമയിലെ പ്രധാനപ്പെട്ട ആളുകൾക്കാണ് കാരവാൻ സൗകര്യമൊരുക്കുന്നത്. അത്തരം ലക്ഷ്യൂറി ഇല്ലെങ്കിൽ പോലും അടിസ്ഥാന സൗകര്യങ്ങൾ നൽകാവുന്നതേയുള്ളൂ,' എന്ന് ജിയോ ബേബി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നതിന് സമാനമായ പ്രതിസന്ധികൾ സ്ത്രീകൾ തൊഴിലെടുക്കുന്ന എല്ലാ മേഖലകളിലും ഉണ്ടാകുന്നുണ്ട്. സിനിമയിൽ അത് കൂടുതലാണ്. എന്നാൽ സ്ത്രീകൾ ചേർന്ന് ഡബ്ല്യുസിസി എന്ന സംഘടന രൂപീകരിക്കുകയും അവർ ഏറെ കഷ്ടപ്പാടുകൾ സഹിച്ചുമാണ് കമ്മിറ്റി രൂപീകരിക്കുകയും അതിന്റെ റിപ്പോർട്ട് പുറത്തുവരികയും ചെയ്തത്. ഡബ്ല്യുസിസിയെ അടുത്ത തലമുറ ഓർക്കുക തന്നെ ചെയ്യണം എന്നും ജിയോ ബേബി അഭിപ്രായപ്പെട്ടു.
#director #jeobaby #comments #on #hema #committee #report