സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ വലിയ ലൈംഗിക ചൂഷണം നടക്കുന്നുവെന്ന ഗുരുതര വെളിപ്പെടുത്തലടങ്ങിയ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതില്‍ സന്തോഷമറിയിച്ച് സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി.
തങ്ങളുടെ പോരാട്ടം ശരിയായ ദിശയിലായിരുന്നെന്ന് തെളിഞ്ഞെന്നും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് ആ പോരാട്ടത്തിന്റെ ഭാഗമാണെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
സിനിമാ വ്യവസായത്തില്‍ ലിംഗഭേദം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തില്‍ ഇതാദ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക്ക് കുറിപ്പ്. സ്ത്രീകള്‍ക്ക് അന്തസ്സോടെ തൊഴില്‍ ചെയ്യാനാകുന്ന ഒരു ഇടമായി സിനിമാ മേഖലയെ മാറ്റിയെടുക്കാനായിരുന്നു തങ്ങളുടെ പോരാട്ടം.
അതൊരു നീണ്ട പോരാട്ടമായിരുന്നു. റിപ്പോര്‍ട്ട് തയാറാക്കിയ കമ്മിറ്റി അംഗങ്ങള്‍ക്കും വനിതാ കമ്മിഷനും മാധ്യമപ്രവര്‍ത്തകര്‍ക്കും മറ്റ് വനിതാ സംഘടകള്‍ക്കും നിയമവിദഗ്ധര്‍ക്കും ജനങ്ങള്‍ക്കും നന്ദിയറിയിക്കുന്നതായും ഡബ്ല്യുസിസി ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം ഡബ്ല്യുസിസി സ്ഥാപക അംഗത്തിന് സ്വാര്‍ത്ഥ താത്പര്യമെന്ന് റിപ്പോര്‍ട്ടില്‍ ഒരിടത്ത് പരാമര്‍ശമുണ്ട്. സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രശ്‌നമില്ലെന്ന് പ്രചരിപ്പിച്ചു. ഈ അംഗത്തിന് മാത്രം സ്ഥിരമായി സിനിമയില്‍ അവസരം ലഭിച്ചു. സിനിമയിലെ പുരുഷന്മാര്‍ക്കെതിരെ അവര്‍ സംസാരിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
സിനിമാ മേഖലയില്‍ യാതൊരുവിധത്തിലുമുള്ള ലൈംഗിക ചൂഷണം നടക്കുന്നതായി കേട്ടുകേള്‍വി പോലുമില്ലെന്ന് ഈ ഡബ്ല്യുസിസി അംഗം പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത് സത്യത്തിന് നേര്‍വിപരീതമാണ്.
സിനിമാ മേഖലയ്‌ക്കെതിരെയോ സിനിമയിലെ പുരുഷന്മാര്‍ക്കെതിരെയോ ഇവര്‍ സംസാരിക്കാതിരിക്കുന്നതിന് പിന്നില്‍ ആ വ്യക്തി ലക്ഷ്യം വയ്ക്കുന്ന ചില സ്വാര്‍ത്ഥ താത്പര്യമുണ്ടെന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
#wcc #facebook #post #hema #committee #report