മലയാളത്തിലെ ക്ലാസിക് സിനിമയായ മണിച്ചിത്രത്താഴിന്റെ റീ റിലീസിന് ബോക്സ് ഓഫീസിൽ മികച്ച വരവേൽപ്പ്. ആഗസ്റ്റ് 17ന് ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഫോർ കെ അറ്റ്മോസിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ സൗണ്ട് ക്വാളിറ്റിക്കും വിഷ്വലിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
1.10 കോടിയാണ് മണിച്ചിത്രത്താഴ് രണ്ട് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് നേടിയത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ചിത്രത്തിന് നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. ആഗസ്റ്റ് 22ന് മണിച്ചിത്രത്താഴ് ഓവർസീസിൽ റിലീസ് ചെയ്യും.
31 വർഷങ്ങൾക്കിപ്പുറമാണ് മണിച്ചിത്രത്താഴ് തിയേറ്ററുകളിലേക്ക് എത്തുന്നത്. 1993ൽ ഫാസിലിന്റെ സംവിധാനത്തിലാണ് മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്.
മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങിയവർ കസറിയപ്പോൾ ഗംഗ എന്ന കഥാപാത്രമായി ശോഭന പ്രകടനത്തിൽ അമ്പരപ്പിച്ചു.
'മണിച്ചിത്രത്താഴ് റീ റിലീസ് ചെയ്താൽ അത് ഓടുമെന്ന് എന്റെ പാർട്ണറായ സോമൻ പിള്ളയാണ് പറയുന്നത്. അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് അതിന് സമ്മതിച്ചത്.
4കെ ആക്കി കണ്ട ശേഷം ഞാൻ അത്ഭുതപ്പെട്ടു. ഞാൻ പോലും ചിന്തിക്കാത്ത വിധം ഇത് നന്നായിരിക്കുന്നു. എത്രയോ തവണ കണ്ടിട്ടുണ്ടെങ്കിൽ പോലും ഈ സിനിമ 4കെയിൽ കണ്ടപ്പോൾ ഒരു പുതിയ സിനിമ പോലെ അനുഭവപ്പെട്ടു. ഇതിവൃത്തം ആണ് ഈ സിനിമയുടെ മേന്മ. ഇതിന്റെ ഇതിവൃത്തം എന്നും പുതുമയുള്ളതാണ്.
മണിച്ചിത്രത്താഴിന്റെ കഥ ആയിരം വർഷം കഴിഞ്ഞാലും പുതുമയുള്ളതാണ്' നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചൻ മണിച്ചിത്രത്താഴിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. മലയാളത്തിലെ വൻ ഹിറ്റിന് പിന്നാലെ മണിച്ചിത്രത്താഴ് ഇതര ഭാഷകളിൽ റീമേക്ക് ചെയ്തിരുന്നു.
#manichithrathazhu #collects #one #crore #kerala #box #office