മികച്ച എഡിറ്റർക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ സംഗീത് പ്രതാപ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുന്നു. സംസ്ഥാന പുരസ്‌കാരം ലഭിച്ച വാർത്തയറിഞ്ഞ് അച്ഛൻ പ്രതാപ് കുമാർ ഓടിവന്നു പറഞ്ഞ വാക്കുകളും നടൻ കൂടിയായ സംഗീത് കുറിച്ചു.
ഒരു വീഡിയോയും സംഗീത് പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോ ഇപ്പോഴത്തെ തന്റെ മാനസികാവസ്ഥയെ കൃത്യമായി ഒപ്പിയെടുത്തതായി തോന്നുന്നുവെന്നായിരുന്നു താരത്തിൻ്റെ ക്യാപ്ഷൻ.
'അച്ഛൻ എന്റെ അടുത്ത് വന്ന് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത രണ്ട് നിമിഷങ്ങൾ പങ്കുവെച്ചു. ആദ്യത്തേത് 1982 ഓഗസ്റ്റ് 10-ന് തന്റെ ആദ്യ ചിത്രമായ അടിയൊഴുക്കുകളിൽ അഭിനയിക്കാൻ ക്ഷണിച്ച് ഗുരുവായ ജയനൻ വിൻസെന്റിൽ നിന്ന് ഒരു ടെലിഗ്രാം ലഭിച്ചപ്പോൾ, രണ്ടാമത്തേത് ഇന്ന്, ആഗസ്റ്റ് 16 ന് ബാങ്കിൽ കാത്തുനിൽക്കുമ്പോൾ ടിവിയിൽ 'സംഗീത് പ്രതാപ് മികച്ച എഡിറ്റർക്കുള്ള സംസ്ഥാന അവാർഡ് നേടി' എന്ന് കേട്ടപ്പോഴും. അതുകഴിഞ്ഞ് അച്ഛൻ എന്നോട് പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ് ‘‘മതി, എനിക്കിപ്പോൾ തൃപ്തിയായി’’. ഇന്ന് രാത്രി എനിക്ക് എങ്ങനെ ഉറങ്ങാനാകും', സംഗീത് കുറിച്ചു. നിരവധിയാളുകളാണ് സംഗീതിനെ പ്രശംസിച്ച് എത്തുന്നത്.
പ്രേമലു എന്ന ചിത്രത്തിൽ അമൽ ഡേവീസ് ആയി എത്തിയ കെെയടി നേടിയ താരമാണ് സംഗീത് പ്രതാപ്. ‘ലിറ്റിൽ മിസ് റാവുത്തർ’ എന്ന സിനിമയിലെ എഡിറ്റിങ്ങിനാണ് അമലിന് സംസ്ഥാന പുരസ്കാരം ലഭിച്ചത്.
#state #film #award #winner #editor #actor #sangeethprathap #about #his #father