കഴിഞ്ഞ ദിവസമാണ് ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനങ്ങൾ നടന്നത്. അമ്പത്തി നാലാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് നടൻ പൃഥ്വിരാജാണ്. ബ്ലെസി ചിത്രം ആടുജീവിതത്തിലെ പ്രകടനമാണ് പൃഥ്വിരാജിനെ അവാർഡിന് അർഹനാക്കിയത്. പ്രതീക്ഷകള്‍ ശരിവയ്‍ക്കും വിധത്തിലാണ് പൃഥ്വിരാജിനെ അവാര്‍ഡുകള്‍ തേടിയെത്തിയത്. കാതലിലൂടെ മമ്മൂട്ടി കടുത്ത മത്സരമുയര്‍ത്തിയെങ്കിലും ഒടുവില്‍ പുരസ്‍കാരം നടൻ പൃഥ്വിരാജിലേക്ക് എത്തുകയായിരുന്നു.
ആടുജീവിതത്തിന്റെ പ്രഖ്യാപനം തൊട്ടേ ആ ചിത്രം ചര്‍ച്ചകളില്‍ നിറഞ്ഞ് നില്‍ക്കുകയും പൃഥ്വിരാജിന് അവാര്‍ഡുകള്‍ ലഭിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുകയും ചെയ്‍തിരുന്നു. ബെന്യാമിന്റെ നോവല്‍ ആടുജീവിതം ബ്ലെസി സിനിമയാക്കുന്നു എന്നതായിരുന്നു കാരണം. നജീബാകാൻ പൃഥ്വിരാജ് നടത്തിയ സമര്‍പ്പണവും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതോടെ അന്നേ അവാർഡ് പ്രതീക്ഷകള്‍ ആരാധകർക്ക് ഉണ്ടായിരുന്നു.
സിനിമയ്ക്കായി ശരീരഭാരം കുറച്ച പൃഥ്വിരാജിന്റെ ഫോട്ടോ പുറത്തായതപ്പോഴേ ആടുജീവിതം പ്രതീക്ഷ ഉയര്‍ത്തി. തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ആടുജീവിതം കലക്ഷനിലും കുതിച്ചു. മലയാളത്തിന്റെ എക്കാലത്തെയും മികച്ച വിജയ ചിത്രങ്ങളില്‍ ഒന്നായി മാറി ആടുജീവിതം. ആരാധകരും സെലിബ്രിറ്റികളും അടക്കം നിരവധി പേരാണ് പുരസ്കാര ജേതാക്കൾക്ക് അഭിനന്ദനങ്ങൾ സോഷ്യൽമീഡിയ വഴിയും അല്ലാതെയും അറിയിക്കുന്നത്.
അക്കൂട്ടത്തിൽ സംവിധായകനും മുൻ ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പാണ് ശ്രദ്ധനേടുന്നത്. മികച്ച നടൻ എന്ന പുരസ്കാരത്തിന് പൃഥ്വിരാജ് നൂറ് ശതമാനവും അർഹനാണെന്നും പക്ഷെ ജോജു ജോർജ് പരിഗണനയിൽപോലും ഇല്ലാതെ പോയത് നിരാശ സമ്മാനിച്ചുവെന്നുമാണ് അഖിൽ സോഷ്യൽമീഡിയയിൽ കുറിച്ചത്.
സംസ്ഥാന അവാർഡ് നേടിയ എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ... അവാർഡുകൾക്ക് പൂർണത ലഭിക്കുന്നത് അത് അർഹതപ്പെട്ടവർക്ക് നൽകുമ്പോഴാണ്. പൃഥ്വിരാജ് ഇത്തവണ നൂറ് ശതമാനവും അർഹനാണ്. പക്ഷെ ജോജു ജോർജ് പരിഗണനയിൽ പോലും ഇല്ലാതെ പോയത് നിരാശ സമ്മാനിക്കുന്നു. രണ്ട് വ്യത്യസ്ത സ്വഭാവങ്ങളുള്ള കഥാപാത്രമായി അഭിനയിക്കുക പ്രയാസമുള്ള കാര്യമാണ്.
ഈ രണ്ട് കഥാപാത്രങ്ങൾക്കും അതിവൈകാരികമായ നിമിഷങ്ങൾ ഉണ്ടാവുകയും അത് രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളായി തന്നെ പ്രേക്ഷകർക്ക് അനുഭവത്തിൽ എത്തിക്കുകയും എന്നത് ഏറ്റവും മികച്ച ഒരു അഭിനേതാവിന് മാത്രം കഴിയുന്ന ഒന്നാണ്. ഇരട്ട സിനിമ കണ്ട എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു പിടച്ചിലുണ്ടായത് ജോജു ജോർജ് എന്ന നടന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്.
ഒന്നിലധികം പേർക്ക് അവാർഡുകൾ നൽകിയിട്ടുള്ള സംസ്ഥാന അവാർഡ് ഇത്തവണ ജോജുവിന് കൂടി നൽകിയിരുന്നെങ്കിൽ കൂടുതൽ മഹത്വവത്കരിക്കപ്പെട്ടേനെ എന്നാണ് അഖിൽ കുറിച്ചത്. കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകൾ കുറിച്ചു സിനിമാപ്രേമികൾ. അണ്ണാ എല്ലാം ഒക്കെ ഇത് ഇച്ചിരി കൂടുതലാണ് എന്നാണ് ഒരാൾ കുറിച്ചത്. ഇരട്ട എന്ന സിനിമ മോശമായിരുന്നില്ല. അഭിനയവും മോശമല്ല.
പക്ഷെ ആട് ജീവിതത്തിലെ പൃഥ്വിരാജിൻ്റെ അഭിനയം വെച്ച് നോക്കുമ്പോൾ അതിനെ മത്സരിക്കാൻ പരിഗണിക്കുക പോലും ചെയ്യാൻ പാടില്ല. മാരാറിൻ്റെ അടുത്ത ആളാണ് ജോജു. അതുകൊണ്ട് ഒന്ന് സുഖിപ്പിക്കാൻ വേണ്ടി എഴുതി എന്നെയുള്ളു എന്നാണ് മറ്റൊരാൾ വിമർശിച്ച് കുറിച്ചത്. നിങ്ങളുടെ ചങ്കായതുകൊണ് അല്ലേ ഈ അഭിപ്രായം പറഞ്ഞത്. മമ്മൂക്കയുടെ കാതൽ സിനിമ കൂടി ഇതിനൊപ്പം കൂട്ടി വായിക്കാൻ ആഗ്രഹിച്ചു എന്നായിരുന്നു വേറൊരാളുടെ കമന്റ്.
അടുത്ത സിനിമയിൽ പൈസ വാങ്ങാതെ ജോജു അണ്ണൻ അഭിനയിക്കാമെന്ന് വല്ലോം പറഞ്ഞോയെന്നും കമന്റുകളുണ്ട്. അതേസമയം മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ഇരട്ടയിലൂടെ രോഹിത്ത് നേടിയിട്ടുണ്ട്. പൃഥ്വിരാജിന് മികച്ച നടനുള്ള മൂന്നാമത്തെ അവാര്‍ഡാണ് ആടുജീവിതത്തിലൂടെ ലഭിച്ചിരിക്കുന്നത്. 2006ല്‍ വാസ്‍തവത്തിലൂടെയാണ് പൃഥ്വിരാജ് ആദ്യമായി മികച്ച നടനായത്.
#akhilmarar #objected #jojugeorge #not #being #considered #state #film #award