(moviemax.in)മണിച്ചിത്രപ്പൂട്ടിന്റെ വർണവരകൾക്കുള്ളിൽ ഒളിച്ചു വെച്ച രഹസ്യത്തിൽ സ്വന്തം പ്രണയം ഒളിപ്പിച്ചവൾ പറഞ്ഞ കഥ.
ചിരിയും കളിയും ശൃംഗാരവും രൗദ്ര വീണ വായിച്ച രാത്രികളിൽ തെക്കിനിയിലെ ചുമരിൽ പതിഞ്ഞ നർത്തകിയുടെ ചിത്രവരകളിലെ വന്യമായ പ്രതികാര നടനം കൊണ്ട് അന്നും ഇന്നും നമ്മളെ ത്രസിപ്പിച്ച മണിച്ചിത്രത്താഴ് എന്ന എവർ ഗ്രീൻ ഹിറ്റ് സിനിമ 4 കെ ക്വാളിറ്റിയിൽ പുതിയ സാങ്കേതികത്തികവോടെ എത്തുമ്പോൾ കാത്തിരിപ്പിനു പ്രതീക്ഷയുടെ വലിയ ആവേശം തന്നെ ഉണ്ട്.
ഹരിപ്പാട്ടെ തന്റെ തറവാട്ടിൽ പത്തൊൻപതാം നൂറ്റാണ്ടിൽ നടന്നു എന്ന് കേട്ടു കേൾവിയുള്ള ഒരു കഥയെ പുതിയ കാലത്തിന്റെ സിനിമാറ്റിക് ഭാഷയിൽ മധു മുട്ടം എഴുതിയ തിരക്കഥ ഫാസിൽ സിനിമയാക്കിയപ്പോൾ മലയാള സിനിമ കണ്ട എക്കാലത്തെയും സൂപ്പർ ഹിറ്റ് സൈക്കോ ത്രില്ലറായി മാറി മണിച്ചിത്രത്താഴ്, അന്ന്.
ഏറ്റവും കൂടുതൽ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട മലയാള സിനിമ എന്ന പ്രത്യേകതയ്ക്കും അപ്പുറത്തായിരുന്നു കാലം കടന്നു പോയിട്ടും മണിച്ചിത്രത്താഴിന്റെ മലയാളി മറക്കാത്ത സിനിമാറ്റിക് എക്സ്പീരിയൻസ്.
തലങ്ങും വിലങ്ങും മുറിവേൽക്കപ്പെട്ടപ്പോഴും ഹൃദയത്തിൽ രാമനാഥനായി പ്രണയം കാത്തുവെച്ചവൾ. വരുവാനാരുമില്ലാത്ത വിജനമായ വഴിയിൽ അനന്തമായ കാത്തിരിപ്പ് അവശേഷിച്ചപ്പോഴും അവനിലേക്ക് തുറന്ന ജനൽ പാളിയിലൂടെ എന്നും പാടുന്നവൾ.
അങ്ങനെ ഗംഗയിലൂടെ നമ്മൾ കണ്ട നാഗവല്ലിയെന്ന അതി ഗംഭീര സൈക്കോയുടെ പിറവിക്കു 30 വയസു തികയുമ്പോൾ പുതുമ ചോരാതെയാണ് പ്രേക്ഷകരിലേക്ക് സിനിമ വീണ്ടും എത്തുന്നത്.
അന്ന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ശോഭനയ്ക്ക് നാഗവല്ലിയായി പരകായ പ്രവേശം ചെയ്ത ഗംഗയുടെ കഥാപാത്രത്തിലൂടെ ലഭിച്ചിരുന്നു.
അന്നുവരെ മലയാള സിനിമ കണ്ട ചലച്ചിത്ര ഭാഷ അപ്പാടെ പൊളിച്ചെഴുതിയിരുന്നു മണിച്ചിത്രത്താഴ്. ഒരേ സമയം പ്രേക്ഷകപ്രശംസയും ജനപ്രിയതയും നേടിയതിനൊപ്പം ബോക്സ്ഓഫീസിലും തിളങ്ങി അന്നീ ചിത്രം.
300 ലധികം ദിവസം തീയേറ്ററുകളിൽ ഓടിയ സിനിമ അന്ന് 7 കോടിയിലധികം രൂപയായിരുന്നു ആ കാലത്ത് കളക്ട് ചെയ്തത്.
ഫാസിലിനൊപ്പം അന്നത്തെ സൂപ്പർ ഹിറ്റ് സംവിധായകരായ സിബിമലയിൽ, സിദ്ധിഖ് ലാൽ, പ്രിയദർശൻ എന്നിവരാണ് സിനിമയുടെ സെക്കന്റ് യൂണിറ്റ് കൈകാര്യം ചെയ്തിരുന്നത്.
ഒരേ സമയം മൂന്നും നാലും ലൊക്കേഷനുകളിൽ സിനിമ ചിത്രീകരിക്കപ്പെടുകയുണ്ടായി. തൃപ്പൂണിത്തുറ ഹില്‍ പാലസും തക്കല പത്മനാഭപുരം പാലസും തമിഴ്‌നാട്ടിലെ വാസന്‍ ഹൗസും മണിച്ചിത്രത്താഴിനു പശ്ചാത്തലങ്ങളായി.
സിനിമയില്‍ കാണുന്ന മാടമ്പള്ളി തറവാടിന്റെ പല ഭാഗങ്ങള്‍ ഈ മൂന്നു കെട്ടിടവും ചേര്‍ന്നതാണ്.സിനിമയുടെ തുടക്ക രംഗങ്ങളിലൊന്നില്‍ ഇന്നസെന്റിന്റെ കഥാപാത്രം കുട മറന്നുവയ്ക്കുന്ന പൂമുഖം തൃപ്പൂണിത്തുറ ഹില്‍പാലസും ക്ലൈമാക്‌സില്‍ നാഗവല്ലി നൃത്തം ചെയ്യുന്നത് പത്മനാഭപുരം പാലസും കാരണവരേയും നാഗവല്ലിയേയും കുടിയിരുത്തിയ തെക്കിനി വാസന്‍ ഹൗസുമാണ്.
ചിത്രത്തിലെ ഹാസ്യ രംഗങ്ങളിൽ പലതും സിദ്ദിഖ് ലാലുമാരായിരുന്നു അന്ന് ഷൂട്ട് ചെയ്തത്. വരുവാനില്ലാരുമീ.. എന്ന ഗാനം പ്രിയദർശനായിരുന്നു അന്ന് സംവിധാനം ചെയ്തത്.
വേണു, ആനന്ദക്കുട്ടൻ, സണ്ണി ജോസഫ് തുടങ്ങിയ അന്നത്തെ മികച്ച ഛായാഗ്രഹരായിരുന്നു സിനിമയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചത്.
എം ജി രാധാകൃഷ്ണൻ ചിട്ടപ്പെടുത്തിയ 10 ഗാനങ്ങൾ യേശുദാസ്, ചിത്ര, സുജാത മോഹൻ, വേണുഗോപാൽ എന്നിവർ പാടി അനശ്വരമാക്കിയപ്പോൾ ഓഡിയോ കാസറ്റ് സിനിമ ഇറങ്ങും മുന്നേ സൂപ്പർ ഹിറ്റ് ആയിരുന്നു എന്നതും ചരിത്രം.
ഭാഷകൾ കടന്നും മണിച്ചിത്രത്താഴിന്റെ ഖ്യാതി നീണ്ടുപോയി എന്നതും അഭിമാനകരമാണ്.
ഭൂല്‍ ഭുലയ്യ (ഹിന്ദി), ആപ്തമിത്ര (കന്നട), രാജ്‌മൊഹല്‍ (ബംഗാളി), ചന്ദ്രമുഖി (തമിഴ്) എന്നീ റീമേക്കുകളിലൂടെ ഇന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും ചിത്രം റീ മേക്ക് ചെയ്യപ്പെട്ടപ്പോൾ വലിയ സ്വീകാര്യതയാണ് നേടിയത്.
എന്നാൽ ഒറിജിലിനെ വെല്ലാൻ റീമേക്കുകൾക്കായില്ല എന്നത് മറ്റൊരു ചരിത്രം. അത്തരം ചർച്ചകൾ പലപ്പോഴും ഉയരുകയും ചെയ്തിട്ടുണ്ട്'.
തൊണ്ണൂറുകളുടെ ആദ്യപാദത്തില്‍ കണ്ട അതേ പുതുമയോടെ പ്രേക്ഷകര്‍ക്ക് ഇപ്പോഴും ഈ സിനിമ കാണാൻ കഴിയും എന്നതാണ് മണിച്ചിത്രത്താഴിന്റെ വിജയരഹസ്യമെന്ന് വേണമെങ്കിൽ പറയാം.
പ്രായഭേദമന്യേ എല്ലാവരിലേക്കുമെത്തുന്ന ആസ്വാദനത്തിന്റെ ഒരു രസച്ചരട് മണിച്ചിത്രത്താഴിലുടനീളം രൂഢമൂലമായി കിടപ്പുണ്ട്.
ഒരു തവണ കണ്ടുതീര്‍ന്നാല്‍ വീണ്ടും കാണാന്‍ തോന്നുന്നത്ര അടുപ്പം ഇന്നും ഈ സിനിമയോട് നമുക്ക് തോന്നുന്നു എന്നതാണ് മണിച്ചിത്രത്താഴിന്റെ ഏറ്റവും വലിയ ഹൈലൈറ്റുകളിലൊന്ന്.
#nagavalli #and #sunny #ready #for #4k #surprise #Manichitrathazhu #rerelease