ബോളിവുഡിനെ അപേക്ഷിച്ച് യുദ്ധ സിനിമകൾ മലയാളത്തിൽ ഒരുപാട് പരീക്ഷിച്ചിട്ടില്ല. അഴിമതി, തീവ്രവാദം എന്നീ വിഷയങ്ങൾ ഉൾക്കൊള്ളിച്ച സിനിമകൾ സാധാരണയായി മലയാളികൾക്ക് സുപരിചിതമാണ്.
എന്നാൽ ഒരു പൂർണ അർത്ഥത്തിൽ രാജ്യസ്നേഹം അല്ലെങ്കിൽ ദേശീയത ഉയർത്തിക്കാട്ടുന്ന ചിത്രങ്ങൾ വളരെ വിരളമാണ്. 78ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഇന്ന് മോളിവുഡിൽ നിന്നും റിലീസ് ചെയ്ത മികച്ച രാജ്യസ്നേഹം നിറഞ്ഞ ചില സിനിമകൾ പരിചയപ്പെടാം.
കീർത്തിചക്ര
2006 മേജർ രവി സംവിധാനം ചെയ്ത വാർ മൂവിയാണിത്. മലയാളി യുവാക്കളെ ഇന്ത്യൻ മിലിട്രിയിലേക്ക് ജോയിൻ ചെയ്യാൻ പ്രേരിപ്പിച്ച സിനിമ കൂടിയാണിത്. മോഹൻലാൽ, ജീവ, നവാബ് ഷാ, ഗോപിക എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ജമ്മു ആന്റ് കാശ്മീരിൽ നടന്ന യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് കഥ പറയുന്നത്. മേജർ രവി ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം മലയാളികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചു. ചിത്രത്തിലെ പാട്ടുകളും രോമാഞ്ചം നിറഞ്ഞതായിരുന്നു.
കുരുക്ഷേത്ര
ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ പടരാം... ഒരു താരാഗണമാകാശം ചിന്നിച്ചിതറാം... കീർത്തി ചക്രയുടെ രണ്ടാം ഭാഗം പോലെ മേജർ രവി സംവിധാനം ചെയ്ത ചിത്രമാണ് കുരുക്ഷേത്ര. മോഹൻലാൽ വീണ്ടും മേജർ മഹാദേവനായി എത്തിയപ്പോൾ പുതിയ നിരവധി കഥാപാത്രങ്ങളും കുരുക്ഷേത്രയിലൂടെ പ്രേക്ഷകർക്കു മുന്നിലെത്തി. ആദ്യ ഭാഗം പോലെ രാജ്യസ്നേഹം അതിന്റെ ഉച്ഛത്തിൽ എത്തിക്കാൻ കുരുക്ഷേത്രയിലും സാധിച്ചു. ബിജു മേനോൻ, സിദ്ധിഖ്, അസീം ജമാൽ തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചു.
കാണ്ഢഹാർ
മേജർ രവിയുടെ കീർത്തിചക്ര സീരീസിലെ മൂന്നാമത്തെ സിനിമയാണ് കാണ്ഢഹാർ. അമിതാഭ് ബച്ചൻ ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രമാണിത്. ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് ഹൈജാക്ക് ചെയ്യുന്നതിലൂടെ സംഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രം പറയുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ അഴിമതികളെ കുറിച്ചും പരാമർശിക്കുന്നുണ്ട്. മേജർ മഹാദേവനായി വീണ്ടും മോഹൻലാൽ എത്തി. ഒപ്പം തമിഴ് നടൻ ഗണേഷ് വെങ്കിട്ടരാമനും അഭിനയിക്കുന്നുണ്ട്.
പിക്കറ്റ് 43
സ്ഥിരം വാർ സിനിമകളിൽ നിന്നും വിഭിന്നമായി മേജർ രവി ചെയ്ത ചിത്രമാണിത്. പൃഥ്വിരാജ്, ജാവേദ് ജാഫ്രെ എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രം മിക്സഡ് റിവ്യൂസ് നേടിയിരുന്നു. ബോർഡറിൽ നിൽക്കുന്ന ഹവിൽദാർ ഹരീന്ദ്രൻ നായരും പാക്കിസ്ഥാൻ പട്ടാളക്കാരൻ മുഷ്രഫ് ഖാനും തമ്മിലുള്ള സൗഹൃദത്തിന്റെ ആത്മബന്ധം പറഞ്ഞ കഥയാണിത്. ഒരു സ്ലോ പേസിൽ പോകുന്ന കഥയാണെങ്കിലും ചിത്രത്തിന്റെ ക്ലൈമാക്സിനോട് അടുക്കുമ്പോൾ വല്ലാത്തൊരു രോമാഞ്ചം തോന്നും. മേജർ രവിയുടെ മികച്ച സൃഷ്ടി കൂടിയാണിത്.
കാലാപാനി
പ്രിയദർശൻ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ഡ്രാമയാണ് കാലാപാനി. ബ്രിട്ടീഷ് രാജ് നിലനിൽക്കേ സ്വാതന്ത്ര സമര പോരാളികളെ ആന്റമാൻ നിക്കോബാറിലുള്ള സെല്ലുലാർ ജെയിലിൽ പിടിച്ചിടുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് ഗോവർദനും മുകുന്ദൻ അയ്യരും അവിടുന്ന് രക്ഷപ്പെടുന്നു. തുടർന്നുണ്ടാവുന്ന പ്രതിസന്ധികളും സ്വാതന്ത്രത്തിനു വേണ്ടിയുള്ള പോരാട്ടവുമാണ് കാലാപാനി പറയുന്നത്. മോഹൻലാൽ, പ്രഭു, അമരിഷ്പുരി, തബു തുടങ്ങി വലിയൊരു താരനിരയുണ്ട്. സ്വാതന്ത്ര ദിനത്തിൽ ഇന്നും മലയാളികൾക്ക് കാണാൻ പ്രേരിപ്പിക്കുന്ന രാജ്യസ്നേഹ സിനിമയാണിത്.
മിഷൻ 90 ഡേയ്സ്
രാജീവ് ഗാന്ധി അസാസിയേഷനുമായി ബന്ധപ്പെട്ട് നടത്തിയ ഇൻവെസ്റ്റിഗേഷനാണ് ചിത്രം പറയുന്നത്. മേജർ രവിയുടെ രണ്ടാമത്തെ ചിത്രമാണിത്. പ്രമുഖ ആർമി ഓഫീസറും എൻ.എസ്.ജി കമാന്റോയുമായി മമ്മൂട്ടി മേജർ ശിവറാം എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഈ ചിത്രം മേജർ രവിയുടെ പ്രൊഫഷണൽ ലൈഫിൽ സംഭവിച്ച യഥാർത്ഥ കഥയാണ്. ലാലു അലക്സ്, വിജയരാഘവൻ, ബാബുരാജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. 2007ലാണ് ചിത്രം റിലീസ് ചെയ്തത്.
#independenceday #top #patriotic #movies #malayalam