(moviemax.in)എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ രാജ്യം തയ്യാറായി കഴിഞ്ഞു.
നേരിനും നീതിക്കുമൊപ്പം നിന്ന് ചിന്തിക്കാനും മതത്തിനും ജാതിക്കും അപ്പുറം മനുഷ്യനെ മനുഷ്യനായി കാണാനും വർഗീയതയേയും കപട വിശ്വാസങ്ങളേയും എതിർക്കാനുള്ള ആർജവമാണ് ഒരോ ദേശസ്നേഹിക്കും വേണ്ടത്.
ഓരോ സ്വാതന്ത്ര്യദിനത്തിലും നാം ഓരോരുത്തരും മനസറിഞ്ഞ് നന്ദി പറയുന്നത് രാജ്യത്തിന്റെ വികാരമായ സൈന്യത്തിനാണ്. ഓരോ സൈനികന്റെ ജീവനും രാജ്യത്തിന്റെ ആത്മാവാണ്.
അവർ ഉറക്കമൊഴിച്ച് കാവൽ നിൽക്കുന്നത് കൊണ്ടാണ് നമുക്ക് നിർഭയമായി ഉറങ്ങാൻ സാധിക്കുന്നത്.ഇന്ത്യൻ സൈന്യം രാജ്യസ്നേഹം രക്തത്തിലലിയിച്ചവരാണ്.
ഏത് പ്രതിസന്ധിയിൽ നിന്നും നമ്മെ രക്ഷിക്കാൻ ഓടിയെത്താൻ പോകുന്നതും ഭാരതത്തിന്റെ സൈന്യം മാത്രമാണ്. അടുത്തിടെയുണ്ടായ വയനാട് ദുരന്തത്തിൽ ഓരോ മലയാളിയും അതിന് സാക്ഷ്യം വഹിച്ചതുമാണ്.
സ്വാതന്ത്ര്യദിനമാഘോഷിക്കുമ്പോൾ ദേശീയതയും ദേശഭക്തിയും തുളുമ്പുന്ന ഒട്ടേറെ ഗാനങ്ങളാണ് രാജ്യത്തെ ജനതയുടെ മനസിൽ അലയടിക്കുക.
അക്കൂട്ടത്തിൽ രാജ്യസ്നേഹമുണർത്തുന്ന ഗാനങ്ങളിൽ ചിലതിനെ കുറിച്ച് അറിയാം.
സന്ദേസേ ആതേ ഹൈ
ഇന്ത്യൻ സിനിമയിലെ തന്നെ ഐക്കോണിക്ക് ഗാനങ്ങളിൽ ഒന്നാണ് എല്ലാവരും പാടി നടക്കാറുള്ള സന്ദേസേ ആതേ ഹൈ. സണ്ണി ഡിയോള്‍, അക്ഷയ് ഖന്ന, സുനില്‍ ഷെട്ടി, ജാക്കി ഷ്രോഫ് തുടങ്ങി വലിയൊരു താരനിര അണിനിരന്ന ദേശസ്നേഹം പറഞ്ഞ സിനിമയായ ബോർഡറിലേതാണ് ഗാനം.
ഒരു സൈനികൻ്റെ ജീവിതത്തിൻ്റെ വൈകാരിക വശം ഈ ഗാനത്തിൽ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. ഗാനത്തിന്റെ വരികൾ ജാവേദ് അക്തറിന്റേതാണ്. സോനു നിഗവും രൂപ്കുമാർ റാത്തോഡും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
ചക് ദെ ഇന്ത്യ
ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു ഗാനമാണ് ചക് ദെ ഇന്ത്യ. ഷാരൂഖ് ഖാൻ അഭിനയിച്ച് 2007ൽ പുറത്ത് വന്ന സ്‌പോർട്‌സ് ഡ്രാമ സിനിമ ചക് ദെ ഇന്ത്യയിലെ ടൈറ്റിൽ ട്രാക്കാണിത്.
കായിക മത്സരത്തിന് വേണ്ടി ഇന്ത്യ മൈതാനത്തിറങ്ങുമ്പോഴെല്ലാം ഹൈ വോൾട്ടേജ് എനർജി ഓരോ ഇന്ത്യക്കാരനും സമ്മാനിക്കാനും ആവേശത്തിലാക്കാനും ഈ ഗാനം സഹായിക്കാറുണ്ട്.
സുഖ്‌വീന്ദർ സിംഗ്, സലിം മർച്ചൻ്റ്, മരിയാൻ ഡിക്രൂസ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് വരികളെഴുതിയത് ജയ്ദീപ് സാഹ്നിയാണ്.
പ്രതിസന്ധി ഘട്ടങ്ങളിൽ സ്റ്റേഡിയങ്ങളിൽ ഈ പാട്ട് മുഴുങ്ങുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം കാണികൾക്കും മത്സരത്തിന് ഇറങ്ങിയ ഓരോരുത്തർക്കും ലഭിക്കും. അത് തന്നെയാണ് ഈ പാട്ടിന്റെ വരികളുടെയും മ്യൂസിക്കിന്റേയും ശക്തി.
എ വതൻ
മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്‌ത് വിനീത് ജെയിൻ, കരൺ ജോഹർ, ഹിരൂ യാഷ് ജോഹർ, അപൂർവ മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച് 2018ൽ തിയേറ്ററുകളിലെത്തിയ ബോളിവുഡ് സിനിമയാണ് സ്‌പൈ ത്രില്ലർ റാസി.
ആലിയ ഭട്ട്, വിക്കി കൗശൽ എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച് സിനിമയിലെ ദേശസ്നേഹം വർണിക്കുന്ന എ വതൻ എന്ന ഗാനം ഹിറ്റായിരുന്നു.
കൊച്ചുകുട്ടികൾ പോലും മനപാഠമാക്കിയിട്ടുള്ള ഗാനം കൂടിയാണിത്. ഗുൽസാറും അല്ലാമ ഇഖ്ബാലുമാണ് ഗാനത്തിന് വരികൾ എഴുതിയത്. സുനിധി ചൗഹാനായിരുന്നു ആലാപനം.
മാ തുജേ സലാം
സംഗീത മാന്ത്രികൻ എ.ആർ റഹ്മാൻ്റെ 1998ൽ പുറത്തിറങ്ങിയ വന്ദേമാതരം എന്ന ആൽബത്തിൽ ഉൾപ്പെട്ടതാണ് ഈ ഗാനം. ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ദേശസ്നേഹത്തിൻ്റെ അഭിമാനവും ദേശീയ ഐക്യവും വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള ഗാനമാണിത്.
പുറത്തിറങ്ങിയത് മുതൽ ഈ ആൽബവും അതിൻ്റെ ടൈറ്റിൽ ഗാനമായ മാ തുജെ സലാം എന്ന ഗാനവും ഓരോ ഇന്ത്യക്കാരനും അത്രയേറെ പ്രിയപ്പെട്ടതാണ്.
ദേശസ്നേഹം ഇതിലും മനോഹരമായി വിവരിച്ച മറ്റൊരു ഗാനം ഇന്ത്യൻ സിനിമയിലുണ്ടോയെന്ന് തന്നെ സംശയമാണ്.
ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ പടരാം
ദേശസ്‌നേഹ പ്രചോദിതമായ സിനിമകള്‍ നിരവധി മലയാളത്തിലുമുണ്ട്. അതിൽ ഏറെ ആരാധകരുള്ള ഒരു സിനിമയാണ് മോഹൻലാൽ അഭിനയിച്ച കുരുക്ഷേത്രയിലെ ജ്വാലാമുഖി കത്തുന്നൊരു നെഞ്ചിൽ പടരാം... എന്ന് തുടങ്ങുന്ന ഗാനം.
അതിർത്തിയിൽ മഞ്ഞും മഴയും വെയിലും കൊണ്ട് നമ്മളെ കാക്കുന്ന ധീരജവാന്മാരോടുള്ള ആദരവ് പതിന്മടങ്ങായി തോന്നിപ്പിക്കുന്ന ഗാനം കൂടിയാണിത്.
മലയാളികളുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ ഭരിക്കുന്ന ഒരു ഗാനം കൂടിയാണിത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് സിദ്ധാർത്ഥ് വിപിനാണ്.
യുവഗായകരായ നജീം അർഷാദ്, അരുൺ ഗോപൻ, റോഷൻ, നിതിൻ രാജ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
നെഞ്ചില്‍ ഇടനെഞ്ചില്‍ തുടികൊളളും ഒരു ശബ്ദം...
ജയ് ഹിന്ദുസ്ഥാന്‍ എസ്.എൻ സ്വാമി, ഷിബു ചക്രവർത്തി എന്നിവരുടെ തിരക്കഥയില്‍ ജോഷി ഒരുക്കിയ സൈന്യം എന്ന ചിത്രം അവസാനിക്കുന്നത് ദേശസ്നേഹം നിറഞ്ഞ് നിൽക്കുന്ന നെഞ്ചില്‍ ഇടനെഞ്ചില്‍ തുടികൊളളും ഒരു ശബ്ദം...ജയ് ഹിന്ദുസ്ഥാന്‍ എന്ന ഗാനത്തോടെയാണ്.
മമ്മൂട്ടി, വിക്രം, ദിലീപ്, മുകേഷ്, മോഹിനി, പ്രിയാ രാമൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച സിനിമ ഇന്ത്യൻ എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ ഗ്രൂപ്പ് ക്യാപ്റ്റൻ ഈശ്വറിൻ്റെ ഔദ്യോഗിക ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്.
ഇന്ത്യൻ എയർഫോഴ്‌സിനുള്ള ട്രിബ്യൂട്ടായിരുന്നു സിനിമ.
#top #patriotic #movie #songs #indian #cinema #watch #independence #day