നേരത്തേ നടൻ ഫഹദ് ഫാസിൽ തനിക്ക് എ.ഡി.എച്ച്.ഡി. അഥവാ അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്റ്റിവിറ്റി ഡിസോർഡർ സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. നാൽപത്തിയൊന്നാം വയസ്സിലാണ് സ്ഥിരീകരിച്ചതെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ നടൻ ഷൈൻ ടോം ചാക്കോയും തനിക്ക് എ.ഡി.എച്ച്.ഡി. ആണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടേയാണ് ഷൈൻ ഇക്കാര്യം പങ്കുവെച്ചത്.
തനിക്ക് എ.ഡി.എച്ച്.ഡി. സ്ഥിരീകരിച്ചിട്ടുണ്ടെന്നും തന്നെ സംബന്ധിച്ച് അത് ഗുണമായാണ് അനുഭവപ്പെട്ടതെന്നും ഷൈൻ പറയുന്നു. എ.ഡി.എച്ച്.ഡി. ഉള്ളവർ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റണം എന്നുള്ളവർ ആയിരിക്കുമെന്നും അതിൽ നിന്നാണ് ഒരു ആക്റ്റർ ഉണ്ടാകുന്നതെന്നും ഷൈൻ പറയുന്നു.
ഷൈനിന്റെ വാക്കുകളിലേക്ക്...
എനിക്ക് എ.ഡി.എച്ച്.ഡി. ഉണ്ട്. ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റണം എന്നുള്ളവരാകും എ.ഡി.എച്ച്.ഡി. ഉള്ളവർ. അതിൽ നിന്നാണ് ഒരു ആക്റ്റർ ഉണ്ടാകുന്നത്. എല്ലാവർക്കും അതിലൊരംശമുണ്ട്. ഡ്രസ് മാറുന്നതും പുറത്തേക്ക് പോകുന്നതുമൊക്കെ ആരെങ്കിലുമൊക്കെ കാണും എന്നുള്ളതുകൊണ്ടാണ്. ഈയവസ്ഥ ഉള്ളവരിൽ അതിന്റെ അളവ് കൂടുതലയിരിക്കും.
എ.ഡി.എച്ച്.ഡി. ഉള്ള ഒരാൾക്ക് എപ്പോഴും ആളുകൾ ശ്രദ്ധിക്കപ്പെടണം എന്ന ചിന്തയായിരിക്കും. ഒരുകൂട്ടമാളുകൾക്കിടയിൽ കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടി പെർഫോം ചെയ്യുന്നവരുണ്ട്. ഇതെല്ലാം ഡിസോർഡർ ആയി പുറത്തുള്ളവർക്കേ തോന്നൂ. എന്നെ സംബന്ധിച്ച് എ.ഡി.എച്ച്.ഡി ഏറ്റവും നല്ല ഗുണമാണ്. കറ നല്ലതാണ് എന്ന് പറയുന്നതുപോലെയാണ് ഇതും.
എന്താണ് എഡിഎച്ച്ഡി; അത് എങ്ങനെ മാറ്റിയെടുക്കാം
നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ടുണ്ടാകുന്ന തകരാറാണിത്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാതെ വരുന്ന 'ഇന്‍അറ്റന്‍ഷന്‍', ഒരു കാര്യത്തിലും ക്ഷമയില്ലാതെ എടുത്തുചാടി ചെയ്യുന്ന 'ഇംപള്‍സിവിറ്റി', ഒരിക്കലും അടങ്ങിയിരിക്കാതെ ഓടി നടക്കുന്ന 'ഹൈപ്പര്‍ ആക്ടിവിറ്റി' എന്നിവയാണ് എഡിഎച്ച്ഡിയുടെ മുഖമുദ്ര.
അമിതമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഒരാളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തില്‍ പെരുമാറ്റം നിയന്ത്രിക്കാന്‍ കഴിയാതിരിക്കുക, മറവി, സമയക്ലിപ്തത ഇല്ലായ്മ, ചില കാര്യങ്ങളില്‍ അമിതമായ ഊന്നല്‍, അലഞ്ഞു നടക്കുന്ന മനസ് തുടങ്ങിയവയെല്ലാം ഈ രോഗാവസ്ഥയുടെ ലക്ഷണങ്ങളാണ്.
തലച്ചോറിലെ ഡോപമിന്റെ അളവില്‍ കുറവുണ്ടാകുകയും മസ്തിഷ്‌കത്തിലെ ഇരു അര്‍ദ്ധഗോളങ്ങളും തമ്മിലുള്ള ഏകോപനം കുറയുകയും ചെയ്യുമ്പോഴാണ് എഡിഎച്ച്ഡി എന്ന മാനസികാവസ്ഥയുണ്ടാവുന്നത്.
ഇത്തരക്കാരെ കൃത്യമായി ചികില്‍സിക്കാത്തപക്ഷം കുട്ടികള്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ തുടങ്ങിയ സ്വഭാവ സംബന്ധമായ അടിമത്തങ്ങളില്‍ ചെന്നു ചാടാനും പിന്നീട് ലഹരിവസ്തു അടിമത്തത്തിലേക്കും അപകടകരമായ സ്വഭാവരീതികളിലേക്കും അമിത ലൈംഗിക പരീക്ഷണങ്ങളടക്കമുള്ള രീതികളിലേക്കും പോകാനും സാധ്യത കൂടുതലാണ്.
അതിനാല്‍ വികൃതി കൂടുതലാണെന്ന് സ്വയം തീരുമാനിക്കാതെ കുട്ടിക്കാലത്തുതന്നെ എഡിഎച്ച്ഡി കണ്ടെത്തി ചികിത്സിച്ചാല്‍ ഭാവിയില്‍ ഇവര്‍ ലഹരിക്കും സ്വഭാവസംബന്ധമായ അടിമത്തങ്ങള്‍ക്കും വിധേയരാവുന്നത് തടയാന്‍ സാധിക്കും. എഡിഎച്ച്ഡി വരാനുള്ള കാരണങ്ങള്‍ ഇന്നും അജ്ഞാതമാണെങ്കിലും നമ്മുടെ ജനിതകപരമായ ഘടകങ്ങള്‍ക്ക് ഇതില്‍ പ്രധാന പങ്കുണ്ടെന്ന് കരുതുന്നു.
തലച്ചോറിന് വരുന്ന പരിക്കുകള്‍, മാസം തികയാതെയുള്ള ജനനം, ജനന സമയത്തെ കുറഞ്ഞ ഭാരം എന്നിവയും എഡിഎച്ച്ഡി സാധ്യത കൂട്ടുന്നു. എഡിഎച്ച്ഡി കണ്ടെത്തുന്നതിനായി ഒന്നിലധികം പരിശോധനകള്‍ നടത്തണം. ബിഹേവിയര്‍ തെറാപ്പിയും മരുന്നുകളും ഉള്‍പ്പെട്ടതാണ് ചികിത്സ.
#actor #shinetomchacko #says #he #has #adhd