പാലക്കാട് : ( www.truevisionnews.com ) പാലക്കാട് തൃത്താലയിൽ സ്കൂൾ മേൽക്കൂര തകർന്നു വീണുണ്ടായ അപകടത്തിൽ തൊഴിലാളിക്ക് പരിക്കേറ്റു. തൃത്താല ആലൂർ എഎം യുപി സ്കൂളിലാണ് അപകടമുണ്ടായത്. ദ്രവിച്ച കഴുക്കോൽ മാറ്റാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്.
മേൽക്കൂരയ്ക്ക് മുകളിൽ നിന്നും താഴേക്ക് വീണാണ് ആലൂർ സ്വദേശിയായ തൊഴിലാളിക്ക് പരിക്കേറ്റത്. മറ്റൊരു തൊഴിലാളിക്ക് ഓട് വീണും നിസാരമായി പരിക്കേറ്റു. ഇരുവരെയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്കൂൾ തുറന്നത് മുതൽ ചോർച്ചയുള്ള ഭാഗത്ത് അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.
അതേസമയം കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതിക്ക് ജീവൻ നഷ്‌ടമായ സംഭവത്തിൽ തലസ്ഥാനത്ത് ഉൾപ്പടെ പല ജില്ലകളിലും പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ് . കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെയായിരുന്നു കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം അടർന്ന് വീണത് .
ആദ്യം മൂന്ന് പേർക്ക് മാത്രം നിസാര പരിക്കേറ്റു എന്നായിരുന്നു റിപ്പോർട്ടുകൾ എന്നാൽ ഒരു മണിക്കൂറിനു ശേഷം ബിന്ദു എന്ന സ്ത്രീയെ കാണാനില്ലെന്ന് മകൾ പറഞ്ഞതോടെ തിരച്ചിൽ ആരംഭിക്കുകയായിരുന്നു . മണ്ണ് മാന്തി യന്ത്രമുൾപ്പെടെ എത്തിച്ച് തിരച്ചിൽ നടത്തിയതിന് പിന്നാലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ബിന്ദുവിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു .
തലക്കേറ്റ ഗുരുതര പരിക്കും ആന്തരീക രക്തസ്രാവവും മരണ കാരണം. വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞു. ആന്തരീക അവയങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കെട്ടിടം വീണപ്പോള്‍ തന്നെ അപകടത്തില്‍പ്പെട്ട് മരണം സംഭവിച്ചിരിക്കാമെന്ന നിഗമനമാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്.
മകളുടെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ബിന്ദു കോട്ടയം മെഡിക്കൽ കോളേജിലെത്തിയത്. ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് അപകടം ഉണ്ടായത്. അതേസമയം, കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരേയും മെഡിക്കൽ കോളേജ് അധികൃതർക്കെതിരേയും വിമർശനവും പ്രതിഷേധവും ശക്തമാവുകയാണ്. കെട്ടിടത്തിന് പഞ്ചായത്തിൻറെ ഫിറ്റ്നസ് ഇല്ലായിരുന്നെന്ന് ആർപ്പൂക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് അരുൺ കെ. ഫിലിപ്പ് പ്രതികരിച്ചു.
കാലാകാലങ്ങളായി മെഡിക്കൽ കോളേജ് സംബന്ധിച്ച കാര്യങ്ങളിൽ അധികൃതർ പഞ്ചായത്തുമായി സഹകരിക്കുന്നില്ലെന്നാണ് ആക്ഷേപം. മെഡിക്കൽ കോളേജിലെ കാര്യങ്ങളൊന്നും പഞ്ചായത്തിനെ അറിയിക്കാറില്ല. പല കെട്ടിടങ്ങളും കെട്ടിട നിർമ്മാണ ചട്ടത്തിന് വിരുദ്ധമാണെന്ന് വൈസ് പ്രസിഡൻറ് അരുൺ കെ ഫിലിപ്പ് വിമർശിച്ചു. നിയമങ്ങളെ വളച്ചൊടിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നത്. പുതിയ കെട്ടിടങ്ങൾക്ക് പോലും അപകടമുണ്ടായാൽ രക്ഷപ്രവർത്തനത്തിന് സൗകര്യമില്ല.
അധികൃതരോട് ചോദിച്ചാൽ നിഷേധിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമർശനം ഉയരുന്നുണ്ട്. നിലവിൽ അപകടകരമായ കെട്ടിടങ്ങളുടെ അവസ്ഥയറിക്കാൻ മെഡിക്കൽ കോളേജ് അധികൃതർക്ക് നോട്ടീസ് നൽകാനാണ് പഞ്ചായത്തിൻറെ തീരുമാനം. അപകടത്തിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങും.
അപകടം നടന്ന സ്ഥലത്ത് തെളിവെടുപ്പ് നടത്തും. അതിവേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് സർക്കാർ കളക്ടർക്ക് നൽകിയ നിർദേശം. രക്ഷാപ്രവർത്തനത്തിലുണ്ടായ കാലതാമസം അടക്കം കളക്ടറുടെ സംഘം അന്വേഷിക്കും.
School roof collapses in Thrithala worker injured