കുട്ടികളെ വേഗത്തിൽ പഠിപ്പിക്കാൻ തന്റെ ഡ്രസ്സിംഗ് സ്റ്റൈൽ തന്നെ മാറ്റി അധ്യാപകൻ, വൈറൽ

കുട്ടികളെ വേഗത്തിൽ പഠിപ്പിക്കാൻ തന്റെ ഡ്രസ്സിംഗ് സ്റ്റൈൽ തന്നെ മാറ്റി അധ്യാപകൻ, വൈറൽ
2023-02-25T14:23:00 | By Susmitha Surendran

വേറിട്ട അധ്യാപന രീതിയിലൂടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ് ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ നിന്നുള്ള ഒരു പ്രൈമറി സ്കൂൾ അധ്യാപകൻ. വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ താത്പര്യം ഉണ്ടാകാനായി അക്ഷരങ്ങളും അക്കങ്ങളും അച്ചടിച്ച കുർത്തികളും ഷർട്ടുകളുമിട്ട് സ്കൂളിലെത്തിയാണ് നീലാംഭായി ചമൻഭായ് പട്ടേൽ എന്ന അധ്യാപകൻ കുട്ടികളെ പഠിപ്പിക്കുന്നത്.

ഈ രീതിയിലൂടെ കുട്ടികളുമായി കൂടുതൽ ഇടപഴകാൻ സാധിച്ചതായും വിദ്യാർത്ഥികളുടെ പഠനം മെച്ചപ്പെട്ടതായും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ പ്രയത്നവും ആശയവും തിരിച്ചറിഞ്ഞ വില്ലേജ് അധികാരികൾ വിവിധ പദവികൾ നൽകി ആദരിക്കുകയും ചെയ്തു. ഈ അധ്യാപനരീതിക്ക് സ്കൂൾ അധികൃതരുടെ ഭാഗത്തു നിന്നും പൂർണ്ണപിന്തുണയും ലഭിക്കുന്നുണ്ട്.

ബനസ്‌കന്തയിലെ കാൻക്രേജ് താലൂക്കിലെ ശ്രീ ഹരിനഗർ പ്രൈമറി സ്‌കൂളിലെ അധ്യാപകനാണ് നീലാംഭായി പട്ടേൽ. പടാൻ ജില്ലയിലെ ബാലിസാന ഗ്രാമത്തിൽ നിന്നുള്ള അദ്ദേഹം കഴിഞ്ഞ 16 വർഷമായി ബനസ്കന്തയിൽ അധ്യാപകനായി ജോലി ചെയ്തുവരികയാണ്.

അധ്യാപകനായി ചുമതലയേറ്റെടുത്ത അന്ന് മുതൽ ഗ്രാമീണരിൽ വിദ്യാഭ്യാസത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ അദ്ദേഹം നിരവധി ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഗ്രാമത്തിലെ നിർദ്ധനരായ ആളുകളുടെ മക്കൾക്ക് അദ്ദേഹം സൗജന്യ വിദ്യാഭ്യാസം നൽകുന്നുമുണ്ട്.

വിദ്യാർത്ഥികളുടെ മാത്രമല്ല ഗ്രാമവാസികളുടെ മുഴുവൻ പ്രിയങ്കരനായ അധ്യാപകനാണ് നീലാംഭായി പട്ടേൽ. ഗ്രാമത്തിൽ നിന്ന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ സ്കൂളുകളിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഇന്ന് ശ്രീ ഹരിനഗർ പ്രൈമറി സ്കൂളിൽ എഴുപതിലധികം കുട്ടികളാണ് പഠിക്കുന്നത്.

കോവിഡ് 19 എന്ന മഹാമാരി കെട്ടടങ്ങിയതോടെയാണ് ഗ്രാമത്തിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി ആവേശം പകരുന്ന ഒരു വേറിട്ട അധ്യാപന രീതിയെക്കുറിച്ച് നീലാംഭായി ചിന്തിച്ചുതുടങ്ങിയത്. ലോക്ക്ഡൗൺ കാലത്ത് സ്കൂളുകൾ അടച്ചിടുകയും സർക്കാർ ഓൺലൈൻ വിദ്യാഭ്യാസം പ്രഖ്യാപിക്കുകയും ചെയ്തതോടെ പതിവിൽ നിന്ന് വ്യത്യസ്‍തമായി എന്തെങ്കിലും ചെയ്യാനുള്ള ചിന്ത അധ്യാപകനിൽ ഉണ്ടായി.

പല വിദ്യാർത്ഥികൾക്കും സാമ്പത്തിക പ്രശ്‍നങ്ങൾ കാരണം ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ നീലാംഭായ് പട്ടേൽ തെരുവുകളിൽ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി തുടങ്ങി. പക്ഷേ, തെരുവുകളിലെ അധ്യാപനം പ്രായോഗികം അല്ലാത്തതിനാൽ അദ്ദേഹം അച്ചടിച്ച വസ്ത്രമെന്ന ആശയം നടപ്പിലാക്കാൻ തീരുമാനിച്ചു.

ഇംഗ്ലീഷ് അക്ഷരമാല, ഗണിത സൂത്രവാക്യങ്ങൾ, ജില്ലയുടെ പ്രാദേശിക വിവരങ്ങൾ മുതലായവയെല്ലാം കുർത്തകളിൽ അച്ചടിച്ചു. ഇതിലൂടെ അദ്ദേഹം കുട്ടികൾക്ക് ഫലപ്രദമായും ക്രിയാത്മകമായും തെരുവുകളിൽ വിദ്യാഭ്യാസം നൽകി. മാത്രമല്ല ഈ പഠനരീതി മറ്റുള്ളവരെ ആകർഷിക്കുകയും ചെയ്തു.

പുസ്തകങ്ങൾക്കു പുറമെയുള്ള വിദ്യാഭ്യാസം നൽകിക്കൊണ്ട് വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് നീലാംഭായി പറയുന്നത്. തന്റെ ക്ലാസുകളിൽ പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി അദ്ദേഹം പുതിയ ഇനം പക്ഷികൾ, മൃഗങ്ങൾ, മരങ്ങൾ മുതലായവയെ കുറിച്ചും കുട്ടികളുമായി സംസാരിക്കാറുണ്ട്. സ്‌കൂളിൽ വിവിധയിനം പക്ഷികൾക്ക് കൂടുകളും ഇക്കോ ക്ലബ്ബിന്റെ ഭാഗമായി ചെറിയ അടുക്കളത്തോട്ടം വരെ അദ്ദേഹം നിർമിച്ചിട്ടുണ്ട്.

മികച്ച അധ്യാപകനുള്ള അവാർഡ്, പോർബന്തറിലെ ഗുരു ഗൗരവ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ നീലാംബായിയെ തേടിയെത്തിയിട്ടുണ്ട്. കുട്ടികളെ മാത്രമല്ല മറ്റ് നിരവധി അധ്യാപകരെയും ഈ വ്യത്യസ്തമായ അധ്യാപനരീതിയിലൂടെ അദ്ദേഹം പ്രചോദിപ്പിച്ചിട്ടുണ്ട്.

തെലങ്കാനയിലെ ഒരു അധ്യാപകൻ തന്റെ പ്രദേശത്തുള്ള കുട്ടികളെ പഠിപ്പിക്കാൻ ഇത്തരത്തിൽ കുർത്ത ഉപയോഗിച്ചതോടെയാണ് നീലാംഭായിയുടെ ആശയം ആളുകൾ ഏറ്റെടുത്തുവെന്ന് തെളിയിക്കപ്പെട്ടത്.

കുട്ടികൾക്ക് സാധാരണയായി പഠിക്കാൻ ബുദ്ധിമുട്ടുള്ള ഇംഗ്ലീഷ്, ഗണിത വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് നീലാംഭായി വസ്ത്രങ്ങളിൽ അച്ചടിച്ചിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ശ്രദ്ധേയനായിരിക്കുകയാണ് നീലാംഭായിയെന്ന ഒരു ഗ്രാമത്തിന്റെ പ്രിയങ്കരനും അദ്ദേഹത്തിന്റെ അധ്യാപന രീതിയും.

Content Highlight: Teacher changes her dressing style to teach kids faster, goes viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup