---
title: "വറുത്ത മുളകിന്റെ മണം ഔദ്യോ​ഗിക മണമാക്കാൻ ന്യൂ മെക്സിക്കോ"
english_title: "New Mexico to industrialize the smell of roasted chilies"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99492/new-mexico-to-industrialize-the-smell-of-roasted-chilies"
published_at: "2023-02-25T09:50:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f98ceeee723_viral.jpg"
keywords: []
---

# വറുത്ത മുളകിന്റെ മണം ഔദ്യോ​ഗിക മണമാക്കാൻ ന്യൂ മെക്സിക്കോ

> **Lead Summary:** ഓരോ രാജ്യത്തിനും അവരവരുടേതായ ഔദ്യോഗിക ഭാഷ, പക്ഷി, മൃഗം എന്നിങ്ങനെയൊക്കെ ഉള്ളതായി നമുക്കറിയാം. എന്നാൽ, ഏതെങ്കിലും ഒരു രാജ്യത്തിന് ഒരു ഔദ്യോഗിക സുഗന്ധമുള്ളതായി കേട്ടിട്ടുണ്ടോ? എങ്കിൽ കേട്ടുകൊള്ളൂ അത്തരത്തിലൊരു ഔദ്യോഗിക സുഗന്ധം സ്വന്തമാക്കുന്നതിനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ ന്യൂ മെക്സിക്കോ സിറ്റി.

## Article Content

ഓരോ രാജ്യത്തിനും അവരവരുടേതായ ഔദ്യോഗിക ഭാഷ, പക്ഷി, മൃഗം എന്നിങ്ങനെയൊക്കെ ഉള്ളതായി നമുക്കറിയാം. എന്നാൽ, ഏതെങ്കിലും ഒരു രാജ്യത്തിന് ഒരു ഔദ്യോഗിക സുഗന്ധമുള്ളതായി കേട്ടിട്ടുണ്ടോ? എങ്കിൽ കേട്ടുകൊള്ളൂ അത്തരത്തിലൊരു ഔദ്യോഗിക സുഗന്ധം സ്വന്തമാക്കുന്നതിനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ ന്യൂ മെക്സിക്കോ സിറ്റി.

നിയമനിർമ്മാണ സഭയിൽ പരിഗണനയിലുള്ള പുതിയ ബില്ലിലൂടെ മെക്സിക്കോയുടെ ഔദ്യോഗിക സുഗന്ധമായി വറുത്ത പച്ച മുളകിന്റെ ഗന്ധത്തെ തിരഞ്ഞെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. മെക്സിക്കോയുടെ സംസ്ഥാന ചിഹ്നങ്ങളുടെ പട്ടികയിലേക്ക് ഔദ്യോഗിക ഗന്ധം കൂടി ഉൾപ്പെടുത്താനാണ് ബില്ല് ശുപാർശ ചെയ്യുന്നത്.

ഡെമോക്രാറ്റിക് സ്റ്റേറ്റ് സെനറ്റർ വില്യം സോൾസ് ആണ് ബില്ല് നിർദ്ദേശിച്ചിരിക്കുന്നത്. നിയമനിർമ്മാണസഭയിൽ ബിൽ പാസായാൽ, ന്യൂ മെക്സിക്കോയുടെ ഔദ്യോഗിക ചിഹ്നങ്ങളിൽ സംസ്ഥാന സൌരഭ്യവും ചേരും.

ന്യൂ മെക്‌സിക്കോ നിയമസഭയുടെ വെബ്‌സൈറ്റ് അനുസരിച്ച്, നിർദ്ദേശം അംഗീകരിച്ചാൽ ജൂൺ 16 മുതൽ ഇത് പ്രാബല്യത്തിൽ വരും. ‌ബില്ല് നിലവിൽ നിയമനിർമ്മാതാക്കളുടെ പരിഗണനയിലാണ്.

സെനറ്റർ വില്യം സോൾസ് ഒരു സ്കൂൾ സന്ദർശനത്തിനിടയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംഭാഷണത്തിൽ നിന്നാണ് മെക്സിക്കോയുടെ ഔദ്യോഗിക സുഗന്ധമായി വറുത്ത പച്ചമുളകിന്റെ ഗന്ധം തിരഞ്ഞെടുക്കാം എന്ന തീരുമാനത്തിൽ എത്തിയത്.

ഇത്തരം ഒരു ആലോചന വന്നപ്പോൾ നിരവധി ഗന്ധങ്ങളെക്കുറിച്ച് ചിന്തിച്ചുവെങ്കിലും വേറിട്ടു നിൽക്കുന്ന മറ്റൊരു ഗന്ധം കണ്ടെത്താൻ കഴിഞ്ഞില്ല എന്നുമാണ് വില്യം സോൾസ് ഇതിനെക്കുറിച്ച് പറയുന്നത്. മെക്സിക്കോയിൽ എല്ലാ ഭക്ഷണപദാർത്ഥങ്ങളിലും ഉൾപ്പെടുത്തുന്ന ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പച്ചമുളക്, കൂടാതെ മെക്സിക്കോയുടെ ഔദ്യോഗിക പച്ചക്കറികളുടെ പട്ടികയിലും പച്ചമുളക് ഉണ്ട്. അതുകൊണ്ടുതന്നെ ഔദ്യോഗിക സുഗന്ധമായി വറുത്ത പച്ചമുളകിന്റെ ഗന്ധം തിരഞ്ഞെടുക്കുന്നതിൽ തെറ്റില്ല എന്നാണ് പൊതുവിൽ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/99492/new-mexico-to-industrialize-the-smell-of-roasted-chilies)