---
title: "സുബിക്ക് അസുഖമുള്ളതായി അറിഞ്ഞിരുന്നില്ല; ഹരിശ്രീ അശോകന്‍ "
english_title: "Now actor Harishree Ashokan is saying that he got to know the news of Subi's death through TV"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99258/now-actor-harishree-ashokan-is-saying-that-he-got-to-know-the-news-of-subis-death-through-tv"
published_at: "2023-02-24T10:41:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f8474090357_HARISREE_ASOKAN_AND_SUBI.jpg"
keywords: []
---

# സുബിക്ക് അസുഖമുള്ളതായി അറിഞ്ഞിരുന്നില്ല; ഹരിശ്രീ അശോകന്‍ 

> **Lead Summary:** നടി സുബി സുരേഷ് ഈ ലോകത്തോട് വിട പറഞ്ഞു എന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല. സുബിക്കൊപ്പം ഉള്ള ഓര്‍മ്മകള്‍ കണ്ണീരോടെയാണ് താരങ്ങളെല്ലാം പങ്കുവെക്കുന്നത്. ബിഗ് സ്‌ക്രീനിലും സ്റ്റേജ് പരിപാടികളില്‍ എല്ലാം പ്രേക്ഷകരെ ഒത്തിരി പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട് ഈ കലാകാരി. 

## Article Content

നടി സുബി സുരേഷ് ഈ ലോകത്തോട് വിട പറഞ്ഞു എന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല. സുബിക്കൊപ്പം ഉള്ള ഓര്‍മ്മകള്‍ കണ്ണീരോടെയാണ് താരങ്ങളെല്ലാം പങ്കുവെക്കുന്നത്. ബിഗ് സ്‌ക്രീനിലും സ്റ്റേജ് പരിപാടികളില്‍ എല്ലാം പ്രേക്ഷകരെ ഒത്തിരി പൊട്ടിച്ചിരിപ്പിച്ചിട്ടുണ്ട് ഈ കലാകാരി. 

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കുറെ നാളുകളെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സുബി സുരേഷ്. എന്നാല്‍ അത് മരണത്തിലേക്ക് എത്തിക്കുമെന്ന് ആരും കരുതിയിരുന്നില്ല.

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള എല്ലാ ഒരുക്കങ്ങള്‍ കഴിഞ്ഞിരുന്നുവെങ്കിലും, സുബിയുടെ ആരോഗ്യസ്ഥിതി വളരെ മോശമായത് കാരണം അത് വിജയിക്കുമോ എന്ന സംശയമുണ്ടായിരുന്നു. ഓരോ ദിവസം കഴിയുംതോറും സുബിയുടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. ഒടുവില്‍ ഈ ലോകത്തോട് തന്നെ സുബി വിട പറഞ്ഞു.

ഇപ്പോഴിതാ സുബിയുടെ മരണ വാര്‍ത്ത ടിവിയിലൂടെയാണ് അറിഞ്ഞതെന്നും, കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും നടന്‍ ഹരിശ്രീ അശോകന്‍ പറയുന്നു. സുബിക്ക് അസുഖമുള്ളതായി അറിഞ്ഞിരുന്നില്ല, മരണവാര്‍ത്ത കേട്ടപ്പോഴാണ് അതേക്കുറിച്ച് അറിഞ്ഞതെന്നായിരുന്നു ഹരിശ്രീ അശോകന്‍ പറഞ്ഞത്.

ഭാര്യയ്ക്കൊപ്പം ഇരുന്ന് ടിവി കാണുന്നതിനിടയിലായിരുന്നു സുബി മരിച്ചെന്ന വാര്‍ത്ത കണ്ടത്. കണ്ടപ്പോള്‍ത്തന്നെ ഞെട്ടിപ്പോയി. കുറച്ച് പേരെയൊക്കെ വിളിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് അവര്‍ക്കൊന്നും അറിയില്ലായിരുന്നു. പിന്നെയാണ് കരള്‍ രോഗത്തെക്കുറിച്ച് അറിഞ്ഞത്.

കല്‍പന കഴിഞ്ഞാല്‍ ആ സ്ഥാനത്തേക്ക് ഞാന്‍ കണ്ടിരുന്ന കലാകാരിയായിരുന്നു സുബി. കല്‍പനയുടെ ഒഴിവ് അവിടെയുണ്ടെന്ന്് ഞാന്‍ സുബിയോട് പറഞ്ഞിരുന്നു. അഭിനയത്തിലായാലും അവതരണത്തിലായാലും സുബിയുടെ കഴിവ് വേറിട്ടതാണ്. കുട്ടിപ്പട്ടാളമെന്ന ഷോ വിജയിച്ചത് സുബിയുടെ കഴിവിലൂടെയാണ്. ആ പരിപാടിയില്‍ നിന്നും സുബി മാറിയിരുന്നെങ്കില്‍ അത് നിന്നുപോയേനെ .

### Related Links & Sources
- [Original Story Source](https://moviemax.in/news/99258/now-actor-harishree-ashokan-is-saying-that-he-got-to-know-the-news-of-subis-death-through-tv)