---
title: "ഓരോ പുതിയ ആരംഭവും മറ്റേതെങ്കിലും തുടക്കത്തിന്‍റെ അവസാനത്തില്‍ നിന്നാണ് ആരംഭിക്കുന്നത്; സുബിയുടെ പേജില്‍ വന്ന പോസ്റ്റ് "
english_title: "After confirming his death, Subi Suresh's Facebook post went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/98826/after-confirming-his-death-subi-sureshs-facebook-post-went-viral"
published_at: "2023-02-22T13:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f5cee64920f_subi_suresh_33.jpg"
keywords: []
---

# ഓരോ പുതിയ ആരംഭവും മറ്റേതെങ്കിലും തുടക്കത്തിന്‍റെ അവസാനത്തില്‍ നിന്നാണ് ആരംഭിക്കുന്നത്; സുബിയുടെ പേജില്‍ വന്ന പോസ്റ്റ് 

> **Lead Summary:** മലയാളികളെ ഞെട്ടിച്ചാണ് നടി സുബി സുരേഷിന്‍റെ മരണം സംഭവിച്ചത്. നടിയുടെ രോഗാവസ്ഥ സംബന്ധിച്ച് പ്രേക്ഷകര്‍ അടക്കം അറിഞ്ഞിരുന്നില്ല. കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

## Article Content

മലയാളികളെ ഞെട്ടിച്ചാണ് നടി സുബി സുരേഷിന്‍റെ മരണം സംഭവിച്ചത്. നടിയുടെ രോഗാവസ്ഥ സംബന്ധിച്ച് പ്രേക്ഷകര്‍ അടക്കം അറിഞ്ഞിരുന്നില്ല. കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മരണം സ്ഥിരീകരിച്ചതിന് പിറകെ സുബി സുരേഷിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ശരിക്കും ആരാധകര്‍ക്ക് നൊമ്പരമാകുകയാണ്.

പേജിന്‍റെ അഡ്മിനാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. സുബിയുടെ ചിരിക്കുന്ന ചിത്രത്തിനൊപ്പം  ഇംഗ്ലീഷില്‍ എഴുതിയ പോസ്റ്റിന്‍റെ പരിഭാഷ ഇങ്ങനെയാണ്. 'ഓരോ പുതിയ ആരംഭവും മറ്റേതെങ്കിലും തുടക്കത്തിന്‍റെ അവസാനത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. എല്ലാവരെയും വീണ്ടും കാണാം... നന്ദി.'.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെ രേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം.അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍ : എബി സുരേഷ്.

മിമിക്സ് മിമിക്രി രംഗത്ത് സ്ത്രീകള്‍ അധികം സാന്നിധ്യമാല്ലാത്ത കാലത്ത് ജനപ്രിയ കോമഡി പരിപാടിയിലെ മുഖമാണ് സുബി. സ്റ്റേജ് ഷോകളില്‍ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി.

കൊറോണ കാലത്തിന് ശേഷം സുബിക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അടുപ്പമുള്ളവര്‍ പറയുന്നത്. സ്‌കൂള്‍ പഠനകാലത്ത് ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് കലാരംഗത്തേക്ക് എത്തിയത്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടി വളരെ ജനപ്രിയമായിരുന്നു. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ എന്നിവയുള്‍പ്പെടെ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/98826/after-confirming-his-death-subi-sureshs-facebook-post-went-viral)