---
title: "മദ്യവില കൂട്ടുന്നതിനനുസരിച്ച് മയക്കു മരുന്ന് എന്ന തിന്മയെ നിങ്ങള്‍ക്ക് നേരിടേണ്ടിവരും; മുരളി ഗോപി"
english_title: "As the price of liquor increases, you will have to deal with the evil of drugs; Murali Gopi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94529/as-the-price-of-liquor-increases-you-will-have-to-deal-with-the-evil-of-drugs-murali-gopi"
published_at: "2023-02-04T10:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63dde7a1d15ef_MURALI_GOPI.jpg"
keywords: []
---

# മദ്യവില കൂട്ടുന്നതിനനുസരിച്ച് മയക്കു മരുന്ന് എന്ന തിന്മയെ നിങ്ങള്‍ക്ക് നേരിടേണ്ടിവരും; മുരളി ഗോപി

> **Lead Summary:** സംസ്ഥാന ബജറ്റില്‍ മദ്യ വിലയില്‍ ഏര്‍പ്പെടുത്തുന്ന സെസ് ഉയര്‍ത്തിയിരുന്നു. ഇതോടെ മദ്യത്തിന് വിലകൂടും. എന്നാല്‍ മദ്യത്തിലെ വിലക്കയറ്റം ജനത്തെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടുമെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു.

## Article Content

സംസ്ഥാന ബജറ്റില്‍ മദ്യ വിലയില്‍ ഏര്‍പ്പെടുത്തുന്ന സെസ് ഉയര്‍ത്തിയിരുന്നു. ഇതോടെ മദ്യത്തിന് വിലകൂടും. എന്നാല്‍ മദ്യത്തിലെ വിലക്കയറ്റം ജനത്തെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടുമെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോഴിതാ അതേ അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു മുരളി ഗോപി മദ്യ വിലക്കയറ്റത്തില്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

പ്രകടമായ യാഥാര്‍ഥ്യം: മദ്യം താങ്ങാനാവാത്ത വിലയിലേക്ക് ഉയര്‍ത്തുന്നതിനനുസരിച്ച് മറ്റൊരു തിന്മയെ നിങ്ങള്‍ക്ക് നേരിടേണ്ടതായി വരും, മയക്കുമരുന്ന്, എന്നാണ് മുരളി ഗോപിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. അതേസമയം എല്ലാ മദ്യത്തിനും സെസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എല്ലാത്തിനും വില വര്‍ധിക്കുന്നില്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വിശദീകരിച്ചിരുന്നു .

500 രൂപക്കു താഴെയുള്ള മദ്യത്തിന് വില കൂടില്ല. 500 മുതല്‍ മുകളിലേക്ക് വിലയുള്ള മദ്യത്തിന് മാത്രമാണ് വില കൂടന്നതെന്നായിരുന്നു ധനമന്ത്രി അറിയിച്ചത്.

500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു ബോട്ടിലിന് 20 രൂപാനിരക്കിലും 1000 രൂപാ മുതല്‍ മുകളിലോട്ട് വില വരുന്ന മദ്യത്തിന് ബോട്ടിലിന് 40 രൂപാ നിരക്കിലുമുള്ള സാമൂഹ്യ സുരക്ഷാ സെസ്സ് ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/94529/as-the-price-of-liquor-increases-you-will-have-to-deal-with-the-evil-of-drugs-murali-gopi)