---
title: "ഭാര്യക്ക് പിറന്നാൾ സമ്മാനമായി നൽകിയ ലോട്ടറി ടിക്കറ്റ് സമ്മാനമടിച്ചു; മെക്കാനിക്കിന് ലഭിച്ചത് ഒരുകോടി"
english_title: "Won a lottery ticket given to his wife as a birthday present; The mechanic received one crore"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93184/won-a-lottery-ticket-given-to-his-wife-as-a-birthday-present-the-mechanic-received-one-crore"
published_at: "2023-01-29T14:55:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d63bd5d0d66_viral.jpg"
keywords: []
---

# ഭാര്യക്ക് പിറന്നാൾ സമ്മാനമായി നൽകിയ ലോട്ടറി ടിക്കറ്റ് സമ്മാനമടിച്ചു; മെക്കാനിക്കിന് ലഭിച്ചത് ഒരുകോടി

> **Lead Summary:** പിറന്നാൾ ദിനത്തിലോ മറ്റ് ആഘോഷവേളകളിലോ ഭാര്യക്ക് സമ്മാനം നൽകുന്നവരാണോ നിങ്ങൾ? അല്ലെങ്കിൽ അങ്ങനെയൊരു ശീലം തുടങ്ങാവുന്നതാണ്. പക്ഷേ, കൊടുക്കുമ്പോൾ ഇനിമുതൽ ലോട്ടറി ടിക്കറ്റുകൾ വാങ്ങി നൽകാൻ ശ്രദ്ധിക്കുക.

## Article Content

പിറന്നാൾ ദിനത്തിലോ മറ്റ് ആഘോഷവേളകളിലോ ഭാര്യക്ക് സമ്മാനം നൽകുന്നവരാണോ നിങ്ങൾ? അല്ലെങ്കിൽ അങ്ങനെയൊരു ശീലം തുടങ്ങാവുന്നതാണ്. പക്ഷേ, കൊടുക്കുമ്പോൾ ഇനിമുതൽ ലോട്ടറി ടിക്കറ്റുകൾ വാങ്ങി നൽകാൻ ശ്രദ്ധിക്കുക.

അങ്ങനെ ചെയ്താൽ ഭാഗ്യം തുണച്ചാൽ ഒരു ദിവസം കൊണ്ട് നിങ്ങൾക്ക് വലിയ തുക കയ്യിൽ വന്നേക്കാം. അത്തരത്തിൽ ഒരു മഹാഭാഗ്യമാണ് കഴിഞ്ഞദിവസം നോർത്ത് കരോലിനയിൽ നിന്നുള്ള ഒരു മെക്കാനിക്കിനെ തേടിയെത്തിയത്. ഭാര്യയുടെ ജന്മദിനത്തിൽ ഇയാൾ സമ്മാനിച്ച 5 ഡോളർ വിലയുള്ള ലോട്ടറി ടിക്കറ്റിനാണ് ജാക്ക്പോട്ട് അടിച്ചത്.

$200,000 ആണ് സമ്മാനത്തുകയായി ലഭിക്കുക. അതായത് ഇന്ത്യൻ രൂപയിൽ 1,63,03,100. 62 -കാരനായ മൈക്കൽ പെട്രിവെല്ലി എന്ന മെക്കാനിക്കിനെ തേടിയാണ് ഈ മഹാഭാഗ്യം എത്തിയത്. ഭാര്യയുടെ ജന്മദിനത്തിൽ പതിവായി സമ്മാനം വാങ്ങി നൽകാറുള്ള ഇദ്ദേഹം ഇക്കുറി അല്പം വ്യത്യാസമായിക്കോട്ടെ എന്ന് കരുതിയാണ് ലോട്ടറി ടിക്കറ്റ് സമ്മാനിച്ചത്.

ഏതായാലും ആ തോന്നൽ ഒരു ദിവസം കൊണ്ട് അദ്ദേഹത്തിന് ഒരു കോടിയോളം നേടിക്കൊടുത്തിരിക്കുകയാണ്. തനിക്ക് ഇപ്പോഴും ഇത് വിശ്വസിക്കാൻ ആവുന്നില്ല എന്നും സമ്മാനമായി ലോട്ടറി ടിക്കറ്റ് വാങ്ങി നൽകാൻ തോന്നിയ ആ നിമിഷത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ലെന്നും ആണ് ഇദ്ദേഹം പറയുന്നത്.

ഭാര്യ പട്രീഷ്യയ്ക്ക് തൻറെ ഈ പിറന്നാൾ സമ്മാനം എന്തായാലും ഏറെ ഇഷ്ടപ്പെടുമെന്നും അദ്ദേഹം പറയുന്നു. കോൺകോർഡ് പാർക്ക്‌വേ നോർത്തിലെ സ്പീഡ്‌വേ ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്.

നികുതി പിടിച്ചതിനു ശേഷം സമ്മാനമായി ലഭിച്ച 142,501 ഡോളർ പെട്രിവെല്ലിയ്ക്ക് നൽകിയതായി ലോട്ടറി ഏജൻസി അറിയിച്ചു. ഏതായാലും ഇതിലും വലിയൊരു സമ്മാനം തൻറെ ഭാര്യക്ക് ഈ ജന്മത്തിൽ തനിക്ക് നൽകാൻ ആവില്ല എന്നാണ് ഏറെ സന്തോഷത്തോടെ അദ്ദേഹം പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93184/won-a-lottery-ticket-given-to-his-wife-as-a-birthday-present-the-mechanic-received-one-crore)