---
title: "'അച്ഛനോട് പറഞ്ഞ് വാങ്ങി കൊടുക്കൂ എന്തിനാണ് സോഷ്യല്‍ മീഡിയയില്‍ അപേക്ഷിക്കുന്നത്'; പ്രണവിനെതിരെ  വിമർശനം"
english_title: "'Tell your father why you are applying on social media'; Criticism against love"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93158/tell-your-father-why-you-are-applying-on-social-media-criticism-against-love"
published_at: "2023-01-29T12:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d617fc82298_pranav_mohanlal.jpg"
keywords: []
---

# 'അച്ഛനോട് പറഞ്ഞ് വാങ്ങി കൊടുക്കൂ എന്തിനാണ് സോഷ്യല്‍ മീഡിയയില്‍ അപേക്ഷിക്കുന്നത്'; പ്രണവിനെതിരെ  വിമർശനം

> **Lead Summary:** പ്രണവ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിത്തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. ഏറ്റവുമൊടുവിലെത്തിയ തന്‍റെ ചിത്രം ഹൃദയത്തിന്‍റെ പ്രൊമോഷനുവേണ്ടി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തിയിരുന്നു.

## Article Content

പ്രണവ് മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ സജീവമായിത്തുടങ്ങിയിട്ട് അധികകാലം ആയിട്ടില്ല. ഏറ്റവുമൊടുവിലെത്തിയ തന്‍റെ ചിത്രം ഹൃദയത്തിന്‍റെ പ്രൊമോഷനുവേണ്ടി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തിയിരുന്നു.

വ്യക്തിപരമായ സന്തോഷങ്ങളൊക്കെ പങ്കുവെക്കാന്‍ ഇന്‍സ്റ്റഗ്രാമാണ് പ്രണവ് കൂടുതലും ഉപയോഗിക്കാറ്. ജീവിതത്തില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന യാത്ര, സാഹസികത, സംഗീതം എന്നിവയൊക്കെ പ്രണവിന്‍റെ ഇൻസ്റ്റ​ഗ്രാം പേജിൽ നിറയാറുണ്ട്.

അല്ലാതെ സെലിബ്രിറ്റികളുടെ പേജുകളിൽ കാണുന്ന പതിവ് പോസ്റ്റുകളൊന്നും മഷിയിട്ട് നോക്കിയാൽ പോലും പ്രണവിന്റെ സോഷ്യൽമീഡിയ പേജിൽ കാണാൻ‌ സാധിക്കില്ല. ഇപ്പോഴിതാ ആദ്യമായി വളരെ വ്യത്യസ്തമായൊരു കുറിപ്പ് സോഷ്യൽ‌മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് പ്രണവ് മോഹൻലാൽ.

പതിനഞ്ച് മാസം മാത്രം പ്രായമുള്ള നിര്‍വ്വാൺ എന്ന കുഞ്ഞിന് വേണ്ടിയുള്ള ക്രൗഡ് ഫണ്ടിങിന്റെ ഭാ​ഗമായിരിക്കുകയാണ് ഇപ്പോൾ പ്രണവ് മോഹൻലാലും. സാധാരണ പ്രണവ് ഇത്തരം കാര്യങ്ങൾ ചെയ്യാറില്ല.

ആദ്യമായാണ് ക്രൗഡ് ഫണ്ടിങിന് വേണ്ടി പ്രണവും ഭാ​ഗമാകുന്നത്. നിർവ്വാണിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ ക്രൗണ്ട് ഫണ്ടിങ് ആരംഭിച്ചിട്ട് ദിവസങ്ങളായി. സെലിബ്രിറ്റികള്‍ അടക്കം പലരും നിര്‍വ്വാണിന് വേണ്ടിയുള്ള ഫണ്ട് സ്വരൂപിക്കുന്നതിന് കാമ്പയിന്‍ നടത്തുകയാണ്. കഴിഞ്ഞ ദിവസം യുവനടി അഹാന കൃഷ്ണയും ക്രൗഡ് ഫണ്ടിങിന്റെ ഭാ​ഗമായി നിർവ്വാണിനൊപ്പം വീഡിയോ ചെയ്തിരുന്നു. 'പൊതുവെ ഇത്തരം കാര്യങ്ങള്‍ ഞാന്‍ ചെയ്യാറില്ല. പക്ഷെ ഇത് എനിക്ക് കൂടെ വ്യക്തിപരമായി അറിയാവുന്നതാണ്.'

എല്ലാവരും തങ്ങളാല്‍ കഴിയുന്ന ചെറിയ സഹായങ്ങള്‍ ചെയ്യണം എന്നാണ് നിർവ്വാണിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കുറിപ്പ് പങ്കുവെച്ച് പ്രണവ് കുറിച്ചത്. പ്രണവിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ താരത്തിന്റെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ കമന്റുകളുമായി എത്തി. സോഷ്യൽമീഡിയയിൽ വന്ന് ചോദിക്കാതെ പണക്കാരനായ അച്ഛനോട് ചോദിച്ച് വാങ്ങിക്കൊടുത്തുകൂടെ എന്നാണ് പ്രണവിനെ വിമർശിച്ച് വന്ന കമന്റുകളിൽ ഏറെയും. 

അച്ഛന്റെ കാശ് അച്ഛന്റെ കാശായി കാണുന്ന മക്കൾക്ക് പ്രണവിന്റെ കുറിപ്പ് കണ്ടാൽ‌ ഒന്നും തോന്നില്ല. അച്ഛന്റെ അധ്വാനം മുഴുവൻ എനിക്കുള്ളതാണെന്ന് കരുതുന്ന കിഴങ്ങുകൾക്കും മരവാഴകൾക്കും പോസ്റ്റ് കണ്ട് നിനക്ക് അച്ഛന്റെ കൈയ്യിൽ നിന്നും മേടിച്ച് കൊടുത്തുകൂടെയെന്ന് ചോദിക്കാം.'

'പ്രണവ് പോസ്റ്റ് ചെയ്തത് കൊണ്ട് കുറ്റം പറയാൻ വന്നവരോട് ഒന്ന് ചോദിച്ചോട്ടെ.... ഇതിപ്പോൾ വേറെ രീതിയിൽ അറിഞ്ഞാലും മനുഷ്യത്വം ഉള്ളവർ പറ്റുന്ന പോലെ സഹായിക്കില്ലേ. ഇതിന് മുമ്പും സഹായിച്ചിട്ടില്ലേ. ഒരു കുഞ്ഞിൻ്റെ ജീവന് വേണ്ടി അല്ലേ അത് പോലും ആരും ചിന്തിക്കുന്നില്ലല്ലോ നാളെ നമ്മൾക്കും ഈ അവസ്ഥ വന്നാൽ എന്ത് ചെയ്യും.'

'സിനിമ കണ്ടും അല്ലാതെയും എത്രയോ പൈസ അനാവശ്യമായി ചിലവാക്കുന്നു. ഇതിന് വേണ്ടി ഒരു നിസാര തുക എങ്കിലും കൊടുക്കുക. നിങ്ങൾ മൂലം ഒരു അമ്മക്കും അച്ഛനും അവരുടെ കുഞ്ഞിനെ തിരിച്ച് കിട്ടില്ലേ.... അത് ഓർക്കുക ബാക്കി നിങ്ങളുടെ ഇഷ്ടം.' 'മനസ് ഉളളവർ സഹായിക്കുക' എന്നാണ് പ്രണവിനെ അനുകൂലിച്ച് പ്രേക്ഷകരിൽ ഒരാൾ കുറിച്ചത്. ടൈപ് 2 എസ് എം ഐ രോഗമാണ് നിര്‍വാൺ എന്ന കുഞ്ഞ് നേരിട്ടുകൊണ്ടിരിക്കുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/93158/tell-your-father-why-you-are-applying-on-social-media-criticism-against-love)