---
title: "സന്തോഷത്തോടെ ജീവിക്കണം; മരണത്തിലേക്ക് നീങ്ങുന്ന 88 -കാരൻ ഭാര്യയോട് പറഞ്ഞത്, വീഡിയോ ..."
english_title: "Now an eye-filling video is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/92991/now-an-eye-filling-video-is-going-viral"
published_at: "2023-01-28T14:56:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4ea85cdd36_viral.jpg"
keywords: []
---

# സന്തോഷത്തോടെ ജീവിക്കണം; മരണത്തിലേക്ക് നീങ്ങുന്ന 88 -കാരൻ ഭാര്യയോട് പറഞ്ഞത്, വീഡിയോ ...

> **Lead Summary:** പ്രിയപ്പെട്ടൊരാൾ മരണത്തിലേക്ക് പോവുന്നത് എത്ര വേദനാജനകമായ കാര്യമാണ് അല്ലേ? ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ആളുകളുടെ കണ്ണ് നനയിക്കുന്നത് ഒരു 88 -കാരന്റെ അവസാന നിമിഷങ്ങളാണ്.

## Article Content

പ്രിയപ്പെട്ടൊരാൾ മരണത്തിലേക്ക് പോവുന്നത് എത്ര വേദനാജനകമായ കാര്യമാണ് അല്ലേ? ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ആളുകളുടെ കണ്ണ് നനയിക്കുന്നത് ഒരു 88 -കാരന്റെ അവസാന നിമിഷങ്ങളാണ്.

'ജീവിതം ജീവിക്കുക, എപ്പോഴും സന്തോഷമായിട്ടിരിക്കുക' എന്നാണ് അദ്ദേഹം തന്റെ ഭാര്യയോട് അവസാനമായി പറയുന്നത്. അസുഖത്തെ തുടർന്ന് ഡിസംബർ മാസത്തിലാണ് അദ്ദേഹം മരിക്കുന്നത്. അതിന് തൊട്ടുമുമ്പാണ് വീഡിയോ എടുത്തിരിക്കുന്നത്. Xin Jing Jia You എന്നയാളാണ് Douyin -നിൽ വീഡിയോ പങ്കിട്ടത്. ഇയാൾ 88 -കാരന്റെ ബന്ധുവാണ് എന്നാണ് കരുതുന്നത്.

64 വർഷമായി വിവാഹിതരായിരുന്നു ദമ്പതികൾ. അത്രയും വർഷം ഒരുമിച്ച് കഴിഞ്ഞ ഭാര്യയോട് ഭർത്താവ് നടത്തുന്ന സംഭാഷണം തെല്ലൊന്നുമല്ല സോഷ്യൽ മീഡിയയെ സ്പർശിച്ചത്. മില്ല്യൺ കണക്കിന് ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ കണ്ടു.

[**https://youtu.be/rqxXhBmXH8g**](https://youtu.be/rqxXhBmXH8g)

മുത്തശ്ശൻ മരിച്ചു എന്നും മുത്തശ്ശി അതിനുശേഷം ഒരു കുഞ്ഞിനെ പോലെ കരയുകയാണ്, അത് നിർത്തിയിട്ടില്ല എന്നും ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു. '64 -ാം വിവാഹവാർഷികത്തിന്റെ പിറ്റേ ദിവസമാണ് അദ്ദേഹം മരിച്ചത്. തന്റെ ജീവിതകാലം മുഴുവനും താൻ സ്നേഹിച്ച, ശ്രദ്ധയോടെ പരിപാലിച്ച പെൺകുട്ടിയെ വിട്ടാണ് അദ്ദേഹം പോയത്' എന്നും അതിൽ പറയുന്നു.

മം​ഗോളിയയിലെങ്ങോ ആണ് ദമ്പതികൾ ജീവിച്ചത് എന്നാണ് കരുതുന്നത്. 'ധൈര്യമായിട്ടിരിക്കണം, കരുത്തായിട്ടിരിക്കണം, വേദന കൊണ്ട് സ്വയം നോക്കാതിരിക്കരുത്' എന്നും 88 -കാരൻ ഭാര്യയോട് പറയുന്നുണ്ട്. 'ആര് നിന്നെ സന്തോഷമില്ലാത്ത ആളാക്കാൻ നോക്കിയാലും സമ്മതിക്കരുത്.

എപ്പോഴും സന്തോഷമായിരിക്കണം' എന്നും അദ്ദേഹം പറയുന്നു. 'നിങ്ങളെന്തിനാണ് ഇത്ര നേരത്തെ പോകുന്നത്, ഞാൻ നിങ്ങളെ വെറുക്കുന്നു' എന്ന് വേദനയോടെയും പരിഭവത്തോടെയും ഭാര്യയായ 83 -കാരി ഭർത്താവിനോട് പറയുന്നുണ്ട്.

ഭാര്യയുടെ മുഖത്തും കൈകളിലും തലോടിക്കൊണ്ട് ഭർത്താവ് പറയുന്നത് 'വേദനിക്കരുത്, ഇതെന്റെ തെരഞ്ഞെടുപ്പല്ലല്ലോ' എന്നാണ്. എത്രയോ പേരാണ് വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി എന്ന് കമന്റിട്ടത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/92991/now-an-eye-filling-video-is-going-viral)