---
title: "ഷൂട്ടിംഗിനിടെ ബോട്ടപകടം; നടന്‍ വിജയ് ആന്റണിക്ക് പരിക്ക്"
english_title: "Boat accident during shooting; Actor Vijay Antony injured"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91021/boat-accident-during-shooting-actor-vijay-antony-injured"
published_at: "2023-01-18T14:15:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7b1dac2594_vijay_antony.jpg"
keywords: []
---

# ഷൂട്ടിംഗിനിടെ ബോട്ടപകടം; നടന്‍ വിജയ് ആന്റണിക്ക് പരിക്ക്

> **Lead Summary:** ഷൂട്ടിംഗിനിടെ നടന്‍ വിജയ് ആന്റണിക്ക് പരിക്ക്. മലേഷ്യയില്‍ വെച്ച് തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ‘പിച്ചൈക്കാരന്‍ 2’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. വിജയ് സഞ്ചരിച്ച ബോട്ട് നിയന്ത്രണം വിട്ട് ക്യാമറാ സംഘമുണ്ടായിരുന്ന വലിയ ബോട്ടില്‍ ഇടിക്കുകയായിരുന്നു.

## Article Content

ഷൂട്ടിംഗിനിടെ നടന്‍ വിജയ് ആന്റണിക്ക് പരിക്ക്. മലേഷ്യയില്‍ വെച്ച് തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ‘പിച്ചൈക്കാരന്‍ 2’ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടമുണ്ടായത്. വിജയ് സഞ്ചരിച്ച ബോട്ട് നിയന്ത്രണം വിട്ട് ക്യാമറാ സംഘമുണ്ടായിരുന്ന വലിയ ബോട്ടില്‍ ഇടിക്കുകയായിരുന്നു.

മലേഷ്യയിലെ ലങ്കാവി ദ്വീപില്‍ ബോട്ടില്‍ വെച്ചുള്ള സംഘട്ടനരംഗം ചിത്രീകരിക്കവേയാണ് സംഭവം. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം നടനെ ക്വലാലംപുരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്‍ സുഖം പ്രാപിച്ച് വരികയാണെന്ന് സംവിധായകന്‍ സി.എസ് അമുദനും നിര്‍മ്മാതാവ് ധനഞ്ജയനും ട്വിറ്ററിലൂടെ അറിയിച്ചു.

വിജയ് ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പിച്ചൈക്കാരന്‍ 2. നടന്റെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രമായ പിച്ചൈക്കാരന്റെ രണ്ടാം ഭാഗമാണിത്. സംവിധാനത്തിനൊപ്പം വിജയ് തന്നെയാണ് പിച്ചൈക്കാരന്‍ 2ന്റെ സംഗീത സംവിധാനവും നിര്‍മ്മാണവും.

ജോണ്‍ വിജയ്, ഹരീഷ് പേരടി, വൈ.ജി. മഹേന്ദ്രന്‍, അജയ് ഘോഷ്, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

സംവിധായകന്‍ ശശി ആയിരുന്നു സിനിമയുടെ ആദ്യ ഭാഗം സംവിധാനം ചെയ്തത്. മരണക്കിടക്കയിലുള്ള അമ്മയുടെ ആഗ്രഹപ്രകാരം കോടീശ്വരനായ നായകന്‍ 48 ദിവസം ഭിക്ഷക്കാരനായി ജീവിക്കുന്നതായിരുന്നു സിനിമയുടെ പ്രമേയം.

### Related Links & Sources
- [Original Story Source](https://moviemax.in/news/91021/boat-accident-during-shooting-actor-vijay-antony-injured)