---
title: "പൃഥ്വിരാജ് ചിത്രം 'കാപ്പ' ഇനി  ഒടിടിയിലേക്ക്"
english_title: "Prithviraj's film 'Kappa' is now in OTT"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89848/prithvirajs-film-kappa-is-now-in-ott"
published_at: "2023-01-12T16:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bfed5cad435_kappa.jpg"
keywords: []
---

# പൃഥ്വിരാജ് ചിത്രം 'കാപ്പ' ഇനി  ഒടിടിയിലേക്ക്

> **Lead Summary:** പൃഥ്വിരാജ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് 'കാപ്പ'. ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധായകൻ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.

## Article Content

പൃഥ്വിരാജ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് 'കാപ്പ'. ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധായകൻ. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.

ഇപ്പോഴിതാ ചിത്രം ഒടിടിയിലേക്ക് എത്തുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സിലാണ് 'കാപ്പ' സ്‍ട്രീമിംഗ് ചെയ്യുക. ജനുവരി 19 മുതലായിരിക്കും സ്‍ട്രീമിംഗ്. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തി.

ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ 'ശംഖുമുഖി'യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തിൻറെ രചനയും നിർവഹിക്കുന്നത്. ജിനു വി ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് ദിലീഷ് നായർ എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിച്ച തിയ്യേറ്റർ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്‍ക റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിൽ നിർമ്മിച്ച ചിത്രമാണ് 'കാപ്പ'.

സരിഗമയും തീയറ്റർ ഓഫ് ഡ്രീംസും ഈ ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. ചിത്രത്തില്‍ അന്ന ബെൻ, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു തുടങ്ങി വലിയ താരനിരയും അഭിനയിക്കുന്നു. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും 'കൊട്ട മധു' എന്ന കഥാപാത്രവും റിലീസിനു മുന്നേ തന്നെ സോഷ്യൽ മീഡിയകളിൽ ശ്രദ്ധ നേടിയിരുന്നു.

ഛായാഗ്രഹണം- ജോമോൻ ടി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടർ മനു സുധാകരൻ, മേക്കപ്പ് സജി കാട്ടാക്കട, സ്റ്റിൽസ്-ഹരി തിരുമല, പിആർഒ ശബരി എന്നിവരുമാണ്.

ഷാജി കൈലാസ് കാപ്പയ്‍ക്ക് മുന്നേ സംവിധാനം ചെയ്‍ത ചിത്രത്തിലും പൃഥ്വിരാജായിരുന്നു നായകൻ. 'കടുവ' എന്ന ചിത്രം ഹിറ്റായിരുന്നു. 'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ പൃഥ്വിരാജ് അഭിനയിച്ചത്. ജിനു എബ്രഹാമിന്റേതായിരുന്നു രചന.

### Related Links & Sources
- [Original Story Source](https://moviemax.in/news/89848/prithvirajs-film-kappa-is-now-in-ott)