---
title: "എല്ലാവരുടെയും സഹായവും പ്രാര്‍ത്ഥനയും ഉണ്ടാകണം; മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ തുടരുന്നു"
english_title: "Actress Molly Kannamali remains in Guruvastha."
publisher: "moviemax.in"
canonical_url: "https://moviemax.in/news/89610/actress-molly-kannamali-remains-in-guruvastha"
published_at: "2023-01-11T14:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be7e4656d5c_moli_kankamali.jpg"
keywords: []
---

# എല്ലാവരുടെയും സഹായവും പ്രാര്‍ത്ഥനയും ഉണ്ടാകണം; മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ തുടരുന്നു

> **Lead Summary:** നടി മോളി കണ്ണമാലി ഗുരുവസ്ഥയില്‍ തന്നെ തുടരുന്നു. ബിഗ് ബോസ് താരവും സാമൂഹ്യ പ്രവര്‍ത്തകയുമായ ദിയ സനയാണ് മോളി കണ്ണമാലിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ചാണ് ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലെന്ന വിവരം ദിയ അറിയിച്ചിരിക്കുന്നത്.

## Article Content

നടി മോളി കണ്ണമാലി ഗുരുവസ്ഥയില്‍ തന്നെ തുടരുന്നു. ബിഗ് ബോസ് താരവും സാമൂഹ്യ പ്രവര്‍ത്തകയുമായ ദിയ സനയാണ് മോളി കണ്ണമാലിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്. ആശുപത്രിയില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ചാണ് ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലെന്ന വിവരം ദിയ അറിയിച്ചിരിക്കുന്നത്.

”മോളി ചേച്ചിയുടെ രോഗവസ്ഥയുമായി ബന്ധപ്പെട്ട് മകന്‍ ജോളിയെ വിളിച്ചിരുന്നു. വെന്റിലേറ്ററില്‍ തന്നെയാണ്.. 2 ദിവസം കൂടി കഴിഞ്ഞാലേ എന്തെങ്കിലും പറയാന്‍ പറ്റുള്ളൂ എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. എല്ലാവരുടെയും സഹായവും പ്രാര്‍ത്ഥനയും ഉണ്ടാകണം” എന്ന് പറഞ്ഞ ദിയ ഗൂഗിള്‍ പേ നമ്പറും പങ്കുവെച്ചിട്ടുണ്ട്.

ശ്വാസതടസത്തെ തുടര്‍ന്നാണ് മോളി കണ്ണമാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസം മുമ്പ് കടുത്ത ശ്വാസതടസവും ദേഹാസ്വസ്ഥതയും നേരിട്ട നടി കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തി, ചികിത്സയ്ക്ക് ഇടയില്‍ ന്യൂമോണിയയും കടുത്തതോടെ ഗുരുതരാവസ്ഥയില്‍ ആവുകയായിരുന്നു. നടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തന്നെയാണ് ആരോഗ്യസ്ഥിതി തുടരുന്നത്. നേരത്തെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു മോളി കണ്ണമാലി. രണ്ട് തവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ട്.

‘സ്ത്രീധനം’ എന്ന സീരിയലിലൂടെയാണ് മോളി അഭിനയ രംഗത്തേക്ക് എത്തുന്നത്. സീരിയലിലെ ‘ചാള മേരി’ എന്ന കഥാപാത്രത്തിലൂടെയാണ് നടി ശ്രദ്ധ നേടുന്നത്. ‘പുതിയ തീരങ്ങള്‍’ എന്ന സിനിമയിലൂടെയാണ് ബിഗ് സ്‌ക്രീനിലേക്ക് എത്തിയത്. ‘ടുമോറോ’ എന്ന ഹോളിവുഡ് ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/89610/actress-molly-kannamali-remains-in-guruvastha)