---
title: "കാമുകന്റെ വീട്ടില്‍ ചെന്നപ്പോള്‍ കിട്ടിയ ഭക്ഷണം ഇഷ്ടമായില്ല, പ്രണയം ഉപേക്ഷിച്ച് യുവതി!"
english_title: "When she went to her boyfriend's house, she didn't like the food, and the young woman left her love!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89505/when-she-went-to-her-boyfriends-house-she-didnt-like-the-food-and-the-young-woman-left-her-love"
published_at: "2023-01-11T06:46:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be0e160a19c_couples.jpg"
keywords: []
---

# കാമുകന്റെ വീട്ടില്‍ ചെന്നപ്പോള്‍ കിട്ടിയ ഭക്ഷണം ഇഷ്ടമായില്ല, പ്രണയം ഉപേക്ഷിച്ച് യുവതി!

> **Lead Summary:** കേട്ടാലേറെ വിചിത്രകരമായി തോന്നുന്ന ഒരു കാരണത്തിന്റെ പേരില്‍ ചൈനയില്‍ ഒരു യുവതി തന്റെ കാമുകനുമായി പിരിഞ്ഞു. കാമുകന്റെ വീട് കാണാന്‍ ചെന്നപ്പോള്‍ വളരെ ലളിതമായ രീതിയില്‍ തന്നെ സല്‍ക്കരിച്ചതാണ് പെണ്‍കുട്ടിയെ ചൊടിപ്പിച്ചത്.

## Article Content

കേട്ടാലേറെ വിചിത്രകരമായി തോന്നുന്ന ഒരു കാരണത്തിന്റെ പേരില്‍ ചൈനയില്‍ ഒരു യുവതി തന്റെ കാമുകനുമായി പിരിഞ്ഞു. കാമുകന്റെ വീട് കാണാന്‍ ചെന്നപ്പോള്‍ വളരെ ലളിതമായ രീതിയില്‍ തന്നെ സല്‍ക്കരിച്ചതാണ് പെണ്‍കുട്ടിയെ ചൊടിപ്പിച്ചത്.

പ്രതീക്ഷിച്ചിരുന്നതിലും മോശമായി തന്നെ സല്‍ക്കരിച്ച കാമുകന്റെ മാതാപിതാക്കളെ യുവതിക്ക് ഒട്ടുമ പിടിച്ചില്ല എന്ന് മാത്രമല്ല കാമുകനുമായി എന്നെന്നേക്കുമായി വേര്‍പിരിയാനും യുവതി തീരുമാനിച്ചു. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ നിന്നുള്ള 20 കാരിയായ യുവതിയാണ് കാമുകനുമായി വേര്‍പിരിയുന്ന കാര്യം ഓണ്‍ലൈനിലൂടെ പങ്കിട്ടത്.

കാമുകന്റെ മാതാപിതാക്കളെ കാണാന്‍ ഇരുവരും ഒരുമിച്ച് നടത്തിയ യാത്രയാണ് വേര്‍പിരിയലിന് കാരണമായത്. രണ്ടര മണിക്കൂര്‍ യാത്രയില്‍ കാമുകന്‍ തനിക്ക് വാങ്ങി നല്‍കിയ ഭക്ഷണങ്ങളും കാമുകന്റെ വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ നല്‍കിയ ഭക്ഷണവും തീരെ കുറഞ്ഞുപോയി എന്നാണ് യുവതിയുടെ പരാതി.

യാത്രയില്‍ ഉടനീളം കാമുകനോടൊപ്പം താന്‍ കഴിച്ച ഭക്ഷണത്തിന്റെയും കാമുകന്റെ മാതാപിതാക്കള്‍ ഒരുക്കിയിരുന്ന വിഭവങ്ങളുടെയും ചിത്രങ്ങള്‍ ഓണ്‍ലൈനിലൂടെ പുറത്തുവിട്ടാണ് താന്‍ കാമുകനുമായി പിരിയുകയാണ് എന്ന് യുവതി പ്രഖ്യാപിച്ചത്.

ഏറെ പ്രതീക്ഷയോടെയാണ് കാമുകന്റെ വീട്ടിലെത്തിയതെന്നും എന്നാല്‍ സല്‍ക്കാരം വളരെ മോശമായിപ്പോയി എന്നുമാണ് യുവതിയുടെ പരാതി. ചില തണുത്ത വിഭവങ്ങളും മുട്ടയും മത്തങ്ങ സൂപ്പും ന്യൂഡില്‍സും ആയിരുന്നു കാമുകന്റെ വീട്ടുകാര്‍ അവള്‍ക്കായി ഒരുക്കിയിരുന്നത്. എന്നാല്‍ താനുമായുള്ള ആദ്യ കൂടിക്കാഴ്ച ആയിരുന്നതുകൊണ്ടുതന്നെ അല്പം കൂടി നല്ല രീതിയില്‍ വിഭവങ്ങള്‍ ഒരുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് യുവതി പറഞ്ഞു.

ഇതിനെക്കുറിച്ച് കാമുകനോട് പറഞ്ഞപ്പോള്‍ സാധാരണക്കാരുടെ ജീവിതമാണ് തങ്ങളുടേത് എന്നും ഇതൊക്കെയും സാധാരണക്കാരുടെ ജീവിതത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ് എന്നുമായിരുന്നു കാമുകന്റെ പ്രതികരണം. ന്യൂഡില്‍സ് തനിക്ക് ഇഷ്ടമല്ല എന്ന് കാമുകന് അറിയാമായിരുന്നിട്ടും താന്‍ അവിടെ ചിലവഴിച്ച ദിവസങ്ങളില്‍ എല്ലാം ന്യൂഡില്‍സ് വിളമ്പി എന്നാണ് യുവതിയുടെ മറ്റൊരു പരാതി.

ഒടുവില്‍ കുറച്ച് അധികം കാലം അവര്‍ക്കൊപ്പം താമസിക്കാനായി ചെന്ന യുവതി രണ്ടുദിവസം കൊണ്ട് പെട്ടി പാക്ക് ചെയ്ത് കാമുകനോട് എന്നെന്നേക്കുമായി ബൈ പറഞ്ഞു. ഏതായാലും കാമുകനുമായുള്ള ബ്രേക്ക് അപ്പിന്റെ കാര്യങ്ങള്‍ വിശദമാക്കി കൊണ്ട് യുവതി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

നിരവധി പേരാണ് യുവതിയെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നത്. യുവതിയെ കുറച്ചു കൂടി കാര്യമായി സ്വീകരിക്കാമെന്നായിരുന്നു ഒരഭിപ്രായം. പെണ്‍കുട്ടിയോടുള്ള താല്‍പ്പര്യ കുറവാണ് വീട്ടുകാര്‍ കാണിച്ചതെന്നായിരുന്നു മറ്റൊരു അഭിപ്രായം. വിവാഹത്തിനുമുന്‍പ് തന്നെ വരന്റെ വീട്ടുകാരെക്കുറിച്ച് മനസ്സിലാക്കിയത് നന്നായെന്നും അവര്‍ പെണ്‍കുട്ടിയോട് മാന്യമായ രീതിയില്‍ അല്ല പെരുമാറിയതെന്നുമാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

### Related Links & Sources
- [Original Story Source](https://moviemax.in/news/89505/when-she-went-to-her-boyfriends-house-she-didnt-like-the-food-and-the-young-woman-left-her-love)