‘ശാകുന്തളം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ പൊട്ടിക്കരഞ്ഞ് നടി സാമന്ത. ചിത്രത്തിന്റെ സംവിധാകനായ ഗുണശേഖര്‍ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കവെ ആയിരുന്നു സാമന്ത വികാരധീനയായത്. മയോസിറ്റിസ് രോഗബാധിതയായ സാമന്ത കുറച്ചു മാസങ്ങളായി പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
എത്ര ബുദ്ധിമുട്ടിയാലും തനിക്ക് സിനിമയോടുള്ള തന്റെ സ്‌നേഹം മാറില്ല എന്നാണ് സാമന്ത പറയുന്നത്. ”ഞാന്‍ ജീവിതത്തില്‍ എത്ര ബുദ്ധിമുട്ടുകള്‍ നേരിട്ടാലും ഒരു കാര്യം മാറില്ല. അത് സിനിമയോടുള്ള സ്‌നേഹമാണ്. അത്രമാത്രം ഞാന്‍ സിനിമയെ സ്‌നേഹിക്കുന്നു. സിനിമ എന്നെ തിരികെ സ്‌നേഹിക്കുന്നു.”

”ശാകുന്തളത്തോടെ ഈ സ്‌നേഹം പലമടങ്ങ് വളരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഇന്ത്യന്‍ സാഹിത്യ ചരിത്രത്തില്‍, ശകുന്തളയുടെ കഥ അവിസ്മരണീയമായ ഒന്നാണ്. ഗുണശേഖര്‍ സാര്‍ എന്നെ ഈ കഥാപാത്രത്തിനായി തിരഞ്ഞെടുത്തത് ഭാഗ്യമായി കരുതുന്നു. ഇത് ശരിക്കും വലിയ പദവിയാണ്” എന്നാണ് സാമന്ത ചടങ്ങില്‍ സംസാരിച്ചത്.
കാളിദാസന്റെ പ്രശസ്തമായ അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തെ ആസ്പദമാക്കി ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശകുന്തളയുടെ ടൈറ്റില്‍ റോളിലാണ് സാമന്ത എത്തുന്നത്. ‘സൂഫിയും സുജാതയും’ സിനിമയിലൂടെ ശ്രദ്ധ നേടിയ ദേവ് മോഹന്‍ ആണ് ദുഷ്യന്തനായി എത്തുന്നത്.

തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് റിലീസിനെത്തുക. ഫെബ്രുവരി 17 ന് സിനിമ പ്രദര്‍ശനത്തിനെത്തും. അദിതി ബാലന്‍, മോഹന്‍ ബാബു, സച്ചിന്‍ ഖേദേക്കര്‍ കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരും ചിത്രത്തിലുണ്ട്.
Content Highlight: Actress Samantha burst into tears during the trailer launch of the film 'Shakunthalam'.

































