---
title: "'മലൈക്കോട്ടൈ വാലിബനില്‍' കമല്‍ഹാസനും...? അതിഥി വേഷത്തിലെത്തുമെന്ന് സൂചന"
english_title: "Kamal Haasan in 'Malaikottai Valiban'...? It is hinted that he will make a guest appearance"
publisher: "moviemax.in"
canonical_url: "https://moviemax.in/news/88282/kamal-haasan-in-malaikottai-valiban-it-is-hinted-that-he-will-make-a-guest-appearance"
published_at: "2023-01-01T06:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b0dfb7bb3c2_kamal_hasan.jpg"
keywords: []
---

# 'മലൈക്കോട്ടൈ വാലിബനില്‍' കമല്‍ഹാസനും...? അതിഥി വേഷത്തിലെത്തുമെന്ന് സൂചന

> **Lead Summary:** **മോ**ഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. നീണ്ട സസ്പെന്‍സിന് ശേഷം, നിര്‍മ്മാതാക്കള്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്.

## Article Content

**മോ**ഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. നീണ്ട സസ്പെന്‍സിന് ശേഷം, നിര്‍മ്മാതാക്കള്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപിച്ചത്.

സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്. ഇപ്പോഴിതാ തമിഴ് സൂപ്പര്‍സ്റ്റാര്‍ ചിത്രത്തില്‍ എത്തുന്നു എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. 2023 ല്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തില്‍ കമല്‍ഹാസന്‍ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കമല്‍ ഹാസന്‍ അതിഥി വേഷത്തില്‍ എത്തുമെന്നാണ് സൂചന. 2009ല്‍ പുറത്തിറങ്ങിയ ‘ഉന്നൈ പോലൊരുവന്‍' എന്ന ചിത്രത്തില്‍ മോഹന്‍ലാലും കമല്‍ഹാസനും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു.

ബോളിവുഡ് താരം വിദ്യുത് ജാംവാല്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഷിബു ബേബി ജോണ്‍ ആകും ചിത്രം നിര്‍മ്മിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍.

പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്. കലാസംവിധാനം ഗോകുല്‍ ദാസും വസ്ത്രാലങ്കാരം റോണക്സ് സേവ്യറുമാണ്. മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവയും നിര്‍മ്മാണ പങ്കാളികളാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/88282/kamal-haasan-in-malaikottai-valiban-it-is-hinted-that-he-will-make-a-guest-appearance)