---
title: "ജഗതി ചേട്ടന്റെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പാന്‍ പറഞ്ഞു; അത് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ഞാന്‍ പറഞ്ഞു; ജോബി"
english_title: "What Jobi said about actor Jagathy Sreekumar is now going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86985/what-jobi-said-about-actor-jagathy-sreekumar-is-now-going-viral"
published_at: "2022-12-24T14:27:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a6bf71bcc3b_JOBI_AND_JAGATHI.jpg"
keywords: []
---

# ജഗതി ചേട്ടന്റെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പാന്‍ പറഞ്ഞു; അത് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ഞാന്‍ പറഞ്ഞു; ജോബി

> **Lead Summary:** മലയാളികൾക്ക് സുപരിചിതനായ താരമാണ് ജോബി. പൊക്കം കുറവാണെങ്കിലും സിനിമയിലും മിമിക്രി ലോകത്തുമൊക്കെ സജീവ സാന്നിധ്യമായി മാറാന്‍ ജോബിയ്ക്ക് സാധിച്ചു. 

## Article Content

മലയാളികൾക്ക് സുപരിചിതനായ താരമാണ് ജോബി. പൊക്കം കുറവാണെങ്കിലും സിനിമയിലും മിമിക്രി ലോകത്തുമൊക്കെ സജീവ സാന്നിധ്യമായി മാറാന്‍ ജോബിയ്ക്ക് സാധിച്ചു. 

അടുത്തിടെ ഗായകന്‍ എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ മത്സരിക്കാന്‍ ജോബി എത്തിയിരുന്നു. മകനും കൂടെയുണ്ടായിരുന്നു. സിനിമാ ലോകത്തേക്ക് എത്തിയതിനെ കുറിച്ചും തന്റെ ജീവിതത്തെ പറ്റിയുമൊക്കെ എംജിയുടെ ചോദ്യത്തിന് മറുപടിയായി ജോബി പറഞ്ഞിരുന്നു.

അതില്‍ നടന്‍ ജഗതി ശ്രീകുമാറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നും ജഗതി ചേട്ടന്റെ മുഖത്ത് തുപ്പുന്ന സീനില്‍ തനിക്ക് അഭിനയിക്കേണ്ടി വന്നിരുന്നു. അന്നത് ചെയ്യാന്‍ മടിച്ചെങ്കിലും എന്നെ കൊണ്ട് പറഞ്ഞ് നിര്‍ബന്ധിച്ച് ചെയ്യിപ്പിച്ചത് ജഗതി ചേട്ടന്‍ തന്നെയാണന്നാണ് പരിപാടിയ്ക്കിടെ ജോബി വെളിപ്പെടുത്തിയത്. 

'ആ സിനിമയില്‍ പഞ്ചായത്ത് പ്രസിഡന്റായ ജഗതി ചേട്ടന്‍ ഒരു കിണര്‍ ഉദ്ഘാടനം ചെയ്യാന്‍ വരുന്നതാണ് സീന്‍. ഇതിനെ തുരങ്കം വെക്കാന്‍ നടക്കുന്നവരുടെ കൂട്ടത്തിലാണ് ഞാന്‍. ജഗദീഷേട്ടന്‍, ജനാര്‍ദ്ദനന്‍ ചേട്ടനൊക്കെ നമ്മുടെ ടീമിലുണ്ട്. അങ്ങനെ ജഗതി ചേട്ടന്‍ കിണര്‍ ഉദ്ഘാടനം ചെയ്ത് വെള്ളം കോരി എടുത്ത് വരുമ്പോള്‍ തൊട്ടിയ്ക്ക് അകത്ത് ഞാനാണ്. എടാ മാത്താ നീയോ എന്നാണ് പുള്ളി എന്നെ കണ്ടതും ചോദിക്കുന്നത്. 

മാത്രമല്ല ആ സീനില്‍ ഞാന്‍ ജഗതി ചേട്ടന്റെ മുഖത്തേക്ക് കാര്‍ക്കിച്ച് തുപ്പണം. അഭിനയിക്കാനാണെങ്കിലും ഇത് കുറച്ച് കൂടുതലായി പോയി. അത് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ഞാന്‍ പറഞ്ഞു. 'നീയൊരു നടനല്ലേ, നിനക്കെന്താ തുപ്പിയാലെന്നാണ്', ചേട്ടന്‍ ചോദിച്ചത്. ഇതോടെ ഞാന്‍ തുപ്പി. ആ രംഗം ഞാനിപ്പോഴും ഓര്‍ത്ത് പോവുകയാണെന്ന്', ജോബി പറയുന്നു. 

'ചാണക കുഴിയില്‍ വീഴാനും മറ്റുമൊക്കെ ഒരു കുഴപ്പവുമില്ലാത്ത ആളാണ് ജഗതി. ക്യാമറയ്ക്ക് മുന്നില്‍ സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍ എന്ന് പറഞ്ഞാല്‍ അദ്ദേഹം വേറൊരു ആളായിരിക്കും. അദ്ദേഹത്തിന് കൊടുത്തിരിക്കുന്ന ഡയലോഗില്‍ നിന്നും ഒത്തിരി മാറി, കുറച്ചൊക്കെ കൈയ്യില്‍ നിന്നും ഇട്ടിട്ടൊക്കെയാണ് അദ്ദേഹം അഭിനയിക്കാറുള്ളതെന്ന്', അവതാരകന്‍ എംജി ശ്രീകുമാറും പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/86985/what-jobi-said-about-actor-jagathy-sreekumar-is-now-going-viral)