മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. ചക്കപ്പഴം വീട്ടിലെ ഓരോ അംഗങ്ങളും ഇന്ന് മലയാളികളെ സംബന്ധിച്ച് തങ്ങളുടെ വീട്ടിലെ ഒരാളെന്ന പോലെ പ്രിയപ്പെട്ടവരാണ്. ചക്കപ്പഴത്തിലെ പൈങ്കിളിയായി എത്തുന്നത് ശ്രുതി രജനീകാന്താണ്. അവതാരകയും ആര്‍ജെയുമൊക്കെയായിരുന്ന അശ്വതി ശ്രീകാന്ത് അഭിനേത്രിയായി മാറിയ പരമ്പര കൂടിയാണ് ചക്കപ്പഴം.
ശ്രുതിയുടേയും അശ്വതിയുടേയും അടുപ്പം വ്യക്തമാക്കുന്നൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന്റെ അഭിമുഖത്തിനിടെ അവതാരകനും ശ്രുതിയും ചേര്‍ന്ന് അശ്വതിയെ പറ്റിച്ചതിന്റെ വീഡിയോയാണ് വൈറലായി മാറുന്നത്. രസകരമായ സംഭവം തുടങ്ങുന്നത് ശ്രുതി അശ്വതിയെ തങ്ങളുടെ പദ്ധതി അനുസരിച്ച് വിളിക്കുന്നതോടെയാണ്.

നാത്തൂ, ഒരു ചെറിയ പ്രശ്‌നമുണ്ട് എന്ന് പറഞ്ഞാണ് അശ്വതിയെ ശ്രുതി വിളിക്കുന്നത്. ഞാനിവിടെ ഇന്റര്‍വ്യുവിന് വന്നതായിരുന്നു. ഇപ്പോള്‍ ബാത്ത് റൂമിലേക്ക് മാറി നിന്നാണ് വിളിക്കുന്നത്. ഇവര്‍ ഭയങ്കര പേഴ്‌സണലായ ചോദ്യങ്ങളാണ് ചോദിക്കുന്നതെന്നാണ് ശ്രുതി പറയുന്നത്.
ഭയങ്കരമായിട്ട് ചൊറിയുന്നു, വളരെ മോശമായി പെരുമാറുന്നു. ഇന്നുവരെ എനിക്ക് ഇങ്ങനൊരു അനുഭവമുണ്ടായിട്ടില്ല. വന്നപ്പോള്‍ നോര്‍മലായിരുന്നുവെന്നും അശ്വതിയോട് ശ്രുതി പറയുന്നുണ്ട്. ഇത് കേട്ടതും നീ ഇറങ്ങിപ്പോരെടി, നീ ആരെയാ പേടിക്കുന്നത് എന്നായിരുന്നു അശ്വതിയുടെ മറുപടി.
എനിക്ക് പോകണം എന്നുണ്ട്. പക്ഷെ വണ്ടി വന്നിട്ടില്ല. സുഹൃത്തിനെ വിളിച്ചിട്ടുണ്ട്. ബാത്ത് റൂമില്‍ കയറി നില്‍ക്കുകയാണ്. എനിക്കവരുടെ നോട്ടവും പെരുമാറ്റവുമൊന്നും ഇഷ്ടപ്പെട്ടില്ല. പെണ്ണുങ്ങളെ വൃത്തികെട്ട രീതിയില്‍ നോക്കുന്നു. എനിക്ക് ദേഷ്യം വരുന്നു, ഞാന്‍ കയറി ഒരെണ്ണം പൊട്ടിക്കട്ടെ? എന്നും ശ്രുതി ചോദിക്കുന്നു.

പിന്നാലെ തന്നോട് ഡീപ്പ് നെക്ക് വസ്ത്രം ധരിക്കുന്നതിനെക്കുറിച്ചൊക്കെ ചോദിക്കുന്നതായി ശ്രുതി പറയുന്നു. ഇതൊക്കെ എന്ത് തരം ചോദ്യങ്ങളാണെന്ന് ശ്രുതി ചോദിച്ചപ്പോള്‍ ഇത് നീ അവരോട് ചോദിക്കെന്ന് അശ്വതി പറഞ്ഞു. ഇതിനിടെ അവതാരകന്‍ ഇടപെട്ടു. ശ്രുതി സൂക്ഷിച്ച് സംസാരിക്കണം.
ഞാന്‍ അശ്വതി ചേച്ചി പറഞ്ഞ ചോദ്യങ്ങള്‍ മാത്രമേ ചോദിച്ചിട്ടുള്ളൂവെന്ന് അവതാരകന്‍ പറഞ്ഞു. ഇതോടെ സ്ത്രീകളുടെ വാഷ്‌റൂമിലേക്ക് ഇങ്ങനെ വരുന്നത് എങ്ങനെയാണ്, ഇറങ്ങിപ്പോകൂ. ഇപ്പോള്‍ തന്നെ ഇറങ്ങിപ്പോകണമെന്ന് ശ്രുതി ചൂടാവുകയായിരുന്നു.
എന്നാല്‍ ഇതോടെ സംഗതി അശ്വതിയ്ക്ക് മനസിലായി. ഇത് വല്ല പ്രാങ്കുമാണോ എന്ന് അശ്വതി ചോദിച്ചതോടെ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു. തനിക്ക് സംശയം തോന്നിയെന്നും താന്‍ വണ്ടിയുമായി ഇറങ്ങാനിരുന്നതായിരുന്നുവെന്നും അശ്വതി പറയുന്നുണ്ട്.
Content Highlight: A video showing Shruti and Ashwathi's closeness is now gaining attention on social media.


































