---
title: "മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ നായിക;  കുട്ടിക്കാലചിത്രം വൈറല്‍ "
english_title: "Heroine of Malayalam superstars; Childhood photo viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/8611/heroine-of-malayalam-superstars-childhood-photo-viral"
published_at: "2021-11-02T22:27:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61816e322b60b_radhika.jpg"
keywords: []
---

# മലയാളത്തിലെ സൂപ്പർസ്റ്റാറുകളുടെ നായിക;  കുട്ടിക്കാലചിത്രം വൈറല്‍ 

> **Lead Summary:** തെന്നിന്ത്യൻ സിനിമാലോകത്തെ തിരക്കേറിയ നായികമാരിൽ ഒരാളായിരുന്നു നടി രാധിക ശരത് കുമാർ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി എല്ലാ തെന്നിന്ത്യൻ ഭാഷകളിലും ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും രാധിക അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർതാരങ്ങൾക്ക് ഒപ്പവും രാധിക വേഷമിട്ടിട്ടുണ്ട്.

## Article Content

തെന്നിന്ത്യൻ സിനിമാലോകത്തെ തിരക്കേറിയ നായികമാരിൽ ഒരാളായിരുന്നു നടി രാധിക ശരത് കുമാർ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി എല്ലാ തെന്നിന്ത്യൻ ഭാഷകളിലും ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും രാധിക അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർതാരങ്ങൾക്ക് ഒപ്പവും രാധിക വേഷമിട്ടിട്ടുണ്ട്.

രാധികയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അമ്മ ഗീതയുടെ കൈകളിൽ ഇരിക്കുന്ന കൊച്ചു രാധികയെ ആണ് ചിത്രത്തിൽ കാണാനാവുക. പ്രശസ്ത തമിഴ് നടൻ എം.ആർ. രാധയുടെയും ഗീതയുടെയും മകളാണ് രാധിക.

ഇന്ത്യയിലും യുകെയിലുമായി വിദ്യഭ്യാസം പൂർത്തിയാക്കിയ രാധിക 1978ൽ ‘കിഴക്കെ പോഗും റെയിൽ’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് വിവിധ ഭാഷകളിലായി മുന്നൂറോളം സിനിമകളിൽ രാധിക വേഷമിട്ടിട്ടുണ്ട്.

നടി എന്ന രീതിയിൽ മാത്രമല്ല, ഡബ്ബിംഗ് ആർട്ടിസ്റ്റായും നിർമ്മാതാവായുമൊക്കെ ശ്രദ്ധ നേടാൻ രാധികയ്ക്ക് കഴിഞ്ഞു. രാധിക നിർമ്മിച്ച ‘മീണ്ടും ഒരു കാതൽ കഥൈ’ എന്ന ചിത്രത്തിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ടെലിവിഷൻ സീരിയലുകളിലും രാധിക അഭിനയിച്ചിട്ടുണ്ട്.

ഒപ്പം നിരവധി ടെലിവിഷൻ ഷോകളിൽ അവതാരകയായും രാധിക പ്രത്യക്ഷപ്പെട്ടു. നടൻ ശരത് കുമാർ ആണ് രാധികയുടെ ഭർത്താവ്. 2001 ഫെബ്രുവരി നാലിനായിരുന്നു ഈ ദമ്പതികളുടെ വിവാഹം. രാധികയുടെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. രാഹുൽ എന്നൊരു മകനും റയാനെ എന്നൊരു മകളുമാണ് ഈ ദമ്പതികൾക്ക് ഉള്ളത്. അഭിമന്യു മിഥുനെയാണ് മകൾ റയാനെ വിവാഹം ചെയ്തിരിക്കുന്നത്.

അടുത്തിടെ ‘ഇട്ടിമാണി’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി രാധിക എത്തിയിരുന്നു. നീണ്ട ഒരിടവേളയ്ക്കു ശേഷം രാധികയ്ക്ക് ഒപ്പം മോഹൻലാൽ അഭിനയിച്ച ചിത്രം കൂടിയായിരുന്നു ‘ഇട്ടിമാണി’.

### Related Links & Sources
- [Original Story Source](https://moviemax.in/news/8611/heroine-of-malayalam-superstars-childhood-photo-viral)