---
title: "50 -കാരൻ ബസ് ഡ്രൈവറുമായി പ്രണയത്തിലായി 24 -കാരി, വിവാഹശേഷം കണ്ടക്ടറായി കൂടെപ്പോകുന്നു"
english_title: "50-year-old falls in love with bus driver, 24-year-old goes with him as conductor after marriage"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85298/50-year-old-falls-in-love-with-bus-driver-24-year-old-goes-with-him-as-conductor-after-marriage"
published_at: "2022-12-15T07:41:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639a82680d41d_viral.jpg"
keywords: []
---

# 50 -കാരൻ ബസ് ഡ്രൈവറുമായി പ്രണയത്തിലായി 24 -കാരി, വിവാഹശേഷം കണ്ടക്ടറായി കൂടെപ്പോകുന്നു

> **Lead Summary:** പാകിസ്ഥാനിൽ 50 -കാരനായ ബസ് ഡ്രൈവറുമായി പ്രണയത്തിലായി 24 -കാരി. ഒടുവിൽ ഇരുവരും വിവാഹിതരായി. അദ്ദേഹത്തിന്റെ ഡ്രൈവിം​ഗ് സ്റ്റൈലാണ് തന്നെ ആകർഷിച്ചത് എന്നാണ് യുവതി പറയുന്നത്. ഇപ്പോൾ സാദിഖിനൊപ്പം ബസിൽ കണ്ടക്ടറായും പോകുന്നുണ്ട് ഷെഹ്സാദി.

## Article Content

പാകിസ്ഥാനിൽ 50 -കാരനായ ബസ് ഡ്രൈവറുമായി പ്രണയത്തിലായി 24 -കാരി. ഒടുവിൽ ഇരുവരും വിവാഹിതരായി. അദ്ദേഹത്തിന്റെ ഡ്രൈവിം​ഗ് സ്റ്റൈലാണ് തന്നെ ആകർഷിച്ചത് എന്നാണ് യുവതി പറയുന്നത്. ഇപ്പോൾ സാദിഖിനൊപ്പം ബസിൽ കണ്ടക്ടറായും പോകുന്നുണ്ട് ഷെഹ്സാദി.

നേരത്തെ സാദിഖ് ഓടിച്ചിരുന്ന ബസിലാണ് മിക്കവാറും ചന്നുവിൽ നിന്ന് പാകിസ്താനിലെ പഞ്ചാബിലെ ലാഹോറിലേക്ക് അവൾ പോയിക്കൊണ്ടിരുന്നത്. പാകിസ്ഥാനി യൂട്യൂബറായ സെയ്‍ദ് ബാസിത് അലിയാണ് ഇരുവരെയും അഭിമുഖം ചെയ്തത്. പഴയ പാട്ടുകൾ കേട്ടു കൊണ്ടാണ് സാദിഖ് ബസോടിച്ചിരുന്നത്.

അങ്ങനെ അയാൾ ഡ്രൈവ് ചെയ്യുന്ന രീതി തനിക്കിഷ്ടപ്പെട്ടു എന്ന് ഷെഹ്സാദി ബാസിത് അലിയോട് പറഞ്ഞു. മൃദുവായി സംസാരിക്കുന്ന, നന്നായി പെരുമാറുന്ന ആളായിരുന്നു അദ്ദേഹം എന്നും യുവതി പറഞ്ഞു. ഷെഹ്സാദിയാണ് സാദിഖിനോട് ആദ്യം തന്റെ പ്രണയം തുറന്നു പറയുന്നത്.

'എന്റെ സ്റ്റോപ്പ് ഏറ്റവും അവസാനമാണ്. അതിനാൽ മിക്കവാറും അവസാനമാകുമ്പോൾ ഞാനും അദ്ദേഹവും തനിച്ച് മാത്രമേ പാട്ടും കേട്ട് ബസിൽ ഉണ്ടാകൂ. പയ്യെ പയ്യെ ഞാൻ അദ്ദേഹത്തോട് പ്രണയത്തിലായി. പിന്നീട് ഞാനത് തുറന്നു പറഞ്ഞു. അദ്ദേഹവും ആ പ്രണയം അം​ഗീകരിച്ചു' എന്ന് ഷെഹ്സാദി പറഞ്ഞു.

ഷെഹ്സാദി 90 -കളിലെ പാട്ടുകൾ ആസ്വദിക്കുന്നത് താനും ശ്രദ്ധിച്ചിരുന്നു എന്ന് സാദിഖ് പറഞ്ഞു. 'അവളെന്റേത് ആയിരുന്നു എങ്കിൽ എന്ന് ഞാനും പ്രാർത്ഥിച്ചിരുന്നു. ആ ദിവസം സർവശക്തൻ എന്റെ പ്രാർത്ഥന കേട്ടു' എന്ന് സാദിഖ് പറഞ്ഞു.

ബന്ധുക്കൾക്ക് ഇവർ വിവാഹിതരാവുന്നതിനോട് യാതൊരു താൽപര്യവും ഇല്ലായിരുന്നു എങ്കിലും ഇരുവരും അതൊന്നും കാര്യമാക്കിയില്ല. 'ബന്ധുക്കളൊന്നും തനിക്കൊരു പ്രശ്നമല്ല. നീ നന്നായി ബസോടിക്കും.

ഇപ്പോൾ സ്ഥിരമായി ഒരു യാത്രക്കാരിയെ കൂടി കിട്ടിയ സ്ഥിതിക്ക് ജീവിതവും നന്നായി ഓടിച്ച് പോകുമല്ലോ എന്നാണ് എന്റെ സുഹൃത്തുക്കൾ എന്നോട് പറഞ്ഞത്' എന്നും സാദിഖ് പറയുന്നു. ഏതായാലും ഇപ്പോൾ കണ്ടക്ടറായി സാദിഖിനൊപ്പം പോകുന്നുണ്ട് ഷെഹ്സാദി.

### Related Links & Sources
- [Original Story Source](https://moviemax.in/news/85298/50-year-old-falls-in-love-with-bus-driver-24-year-old-goes-with-him-as-conductor-after-marriage)