---
title: "ഷാരൂഖ് ഖാൻ ചിത്രം 'പഠാന്‍' വീഡിയോ സോംഗ് പുറത്ത് "
english_title: "Shah Rukh Khan film 'Pathan' video song out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84789/shah-rukh-khan-film-pathan-video-song-out"
published_at: "2022-12-12T13:41:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396e25876f04_padaan.jpg"
keywords: []
---

# ഷാരൂഖ് ഖാൻ ചിത്രം 'പഠാന്‍' വീഡിയോ സോംഗ് പുറത്ത് 

> **Lead Summary:** ബോളിവുഡില്‍ ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവ് ചിത്രമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിനിമയാണ് പഠാന്‍. 2018 ല്‍ പുറത്തെത്തിയ സീറോയ്ക്കു ശേഷം എസ് ആര്‍ കെ നായകനായി സ്ക്രീനിലെത്തുന്ന ചിത്രമാണിത്.

## Article Content

ബോളിവുഡില്‍ ഷാരൂഖ് ഖാന്‍റെ തിരിച്ചുവരവ് ചിത്രമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സിനിമയാണ് പഠാന്‍. 2018 ല്‍ പുറത്തെത്തിയ സീറോയ്ക്കു ശേഷം എസ് ആര്‍ കെ നായകനായി സ്ക്രീനിലെത്തുന്ന ചിത്രമാണിത്.

ജനുവരി 25 ന് ആണ് ചിത്രത്തിന്‍റെ റിലീസ്. പരസ്യ പ്രചരണത്തിന്‍റെ ഭാഗമായി ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ബെഷറം രംഗ് എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കുമാര്‍ ആണ്.

സ്പാനിഷ് ഭാഷയിലെ വരികള്‍ എഴുതിയിരിക്കുന്നത് വിശാല്‍ ദദ്‍ലാനി. വിശാലും ശേഖറും ചേര്‍ന്ന് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവു, കരാലിസ മോണ്ടെയ്റോ, വിശാല്‍, ശേഖര്‍ എന്നിവര്‍ ചേര്‍ന്നാണ്. സ്റ്റൈലിഷ് ഗെറ്റപ്പില്‍ ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഗാനത്തില്‍ മനോഹര ചുവടുകളുമായി ദീപിക പദുകോണുമുണ്ട്.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിദ്ധാര്‍ഥ് ആനന്ദ് ആണ്. സലാം നമസ്തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സംവിധായകന്‍. ദീപിക പദുകോണ്‍ നായികയാവുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും അഭിനയിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിനു വേണ്ടി ഷാരൂഖ് ഏറെ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സല്‍മാന്‍ ഖാന്‍റെ അതിഥിവേഷവും ചിത്രത്തെ ശ്രദ്ധേയമാക്കുന്ന ഘടകമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും പഠാന്‍ തിയറ്ററുകളിലെത്തും.

### Related Links & Sources
- [Original Story Source](https://moviemax.in/news/84789/shah-rukh-khan-film-pathan-video-song-out)