---
title: "പറയുവാനാവാതെ എന്ന കവിതയുടെ ദൃശ്യാവിഷ്‌ക്കാരം പ്രകാശനം ചെയ്തു"
english_title: "The visual representation of the poem "
publisher: "moviemax.in"
canonical_url: "https://moviemax.in/news/84104/the-visual-representation-of-the-poem-parayuvanavathe-was-released"
published_at: "2022-12-08T20:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6391fdfa8e4f4_kavitha_.jpg"
keywords: []
---

# പറയുവാനാവാതെ എന്ന കവിതയുടെ ദൃശ്യാവിഷ്‌ക്കാരം പ്രകാശനം ചെയ്തു

> **Lead Summary:** കവയത്രിയും ഗായികയുമായ പേരാമ്പ്ര സ്വദേശിനി വിജയശ്രീ രാജീവ് രചിച്ച പറയുവാനാവാതെ എന്ന കവിതയുടെ ദൃശ്യാവിഷ്‌ക്കാരം പ്രകാശനം ചെയ്തു. യുവ സംവിധായകനായ ഷാജി പയ്യോളിയാണ് പറയുവാനാവാതെ എന്ന മ്യൂസിക്കല്‍ ആല്‍ബം അണിയിച്ചൊരുക്കിയിരിക്കുന്നത്.

## Article Content

കവയത്രിയും ഗായികയുമായ പേരാമ്പ്ര സ്വദേശിനി വിജയശ്രീ രാജീവ് രചിച്ച പറയുവാനാവാതെ എന്ന കവിതയുടെ ദൃശ്യാവിഷ്‌ക്കാരം പ്രകാശനം ചെയ്തു. യുവ സംവിധായകനായ ഷാജി പയ്യോളിയാണ് പറയുവാനാവാതെ എന്ന മ്യൂസിക്കല്‍ ആല്‍ബം അണിയിച്ചൊരുക്കിയിരിക്കുന്നത്.

വാര്‍ദ്ധക്യകാലത്ത് മക്കളുടെ സ്‌നേഹം കൊതിക്കുന്ന മാതാപിതാക്കള്‍ക്കായി സമര്‍പ്പിക്കുന്ന ഈ ആല്‍ബത്തില്‍ ഒരു പെറ്റമ്മയുടെ തീരാനോവാണ് ആഖ്യാനം ചെയ്തിരിക്കുന്നത്. ഇതില്‍ കാലഘട്ടത്തിന്റെ ദുഃഖമുണ്ട്. അമ്മ മനസ്സിനെ അറിയണമെന്ന നിത്യ സന്ദേശവുമുണ്ട്.

പ്രത്യേകിച്ചും അമ്മമാരെ അഗണ്യകോടിയില്‍ തള്ളുന്ന ഈ ദശാസന്ധിയില്‍ മാതൃബോധം പ്രേഷകരുടെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറക്കുന്നതാണ് ഈ ആല്‍ബം. നീറുന്ന അമ്മ മനസിന്റെ വിഹ്വലതകള്‍ വരച്ചുകാട്ടാന്‍ കവയത്രിയും അതിന് ദൃശ്യാവിഷ്‌ക്കരണം നടത്തിയ സംവിധായകനും ശ്രമിച്ചിട്ടുണ്ട്.

വിജയശ്രീ രാജീവ് തന്നെ നിര്‍മ്മാണം നിര്‍വ്വഹിച്ച ഈ ആല്‍ബത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവനേകിയത് ഇവരുടെ അടുത്ത കുടുംബാംങ്ങള്‍ തന്നെയാണ്. വിജയശ്രീയുടെ അമ്മ പീടികക്കണ്ടി പത്മിനി അമ്മയാണ് ഇതിലെ കേന്ദ്രകഥാപാത്രമായ, മക്കളുടെയും മരുമക്കളുടെയും അവഗണന ഏറ്റ് ജിവിക്കേണ്ടി വരുന്ന മുത്തശ്ശിയെ അവതരിപ്പിച്ചിരിക്കുന്നത്. അമ്മ അവതരിപ്പിച്ച കഥാപാത്രത്തിന്റെ യവ്വനകാലം അഭിനയിച്ചതും വിജയശ്രീയാണ്.

വിജയശ്രീ രാജീവിന്റെ ഭര്‍ത്താവ് രാജീവന്‍, മകള്‍ ആദിത്യ രാജ്, സഹോദരന്‍ ശ്രീജിത്തും ഭാര്യ അനുഷ, മക്കളായ ശ്രാവണ്‍ ജിത്ത്, ശ്രീലക്ഷ്മി, അനില്‍ കാരയാട് എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങളെല്ലാവരും അഭിനയിച്ച ആല്‍ബം എത്തത് നാടാടെയായിരിക്കും. സംവിധായകനായ ഷാജി പയ്യോളി തന്നെയാണ് ഇതിലെ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തത്.

യുവഗായികയായ നൂറാ സലാം ആണ് കവിതക്ക് സംഗീതം നല്‍കി ആലപിച്ചിരിക്കുന്നത്. യു.കെ ഷിജു പൈതോത്ത് ചിത്ര സംയോജനവും ലിജിത്ത് അഡാര്‍ ശബ്ദ ലേഖനവും നിര്‍വ്വഹിച്ചിരിക്കുന്നു. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ പി. അനില്‍ ആല്‍ബത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ഗുരു ശ്രേഷ്ഠ പുരസ്‌കാര ജേതാവ് നസീര്‍ നൊച്ചാട് ഏറ്റുവാങ്ങി. എഴുത്തുകാരിയും ഗാന രചയിതാവുമായ രശ്മ നിഷാദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

പട്ടുറുമാല്‍ ഫെയിമും ഗായകനുമായ ശ്രീജിത്ത് കൃഷ്ണ ആദ്യ പ്രദര്‍ശനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ പി.പി അബ്ദു റഹിമാന്‍, കുറുന്തോടി എല്‍.പി സ്‌കൂള്‍ റിട്ട. പ്രധാനാധ്യാപകന്‍ പി. സുരേന്ദ്രന്‍, ഗായകന്‍ കുഞ്ഞിമൊയ്തി, പി.കെ. ശ്രീജിത്ത്, സംവിധായകന്‍ ഷാജി പയ്യോളി എന്നിവര്‍ സംസാരിച്ചു. വിജയശ്രീ രാജീവ് മറുമൊഴി നല്‍കി. ഭാഷാശ്രീ ചീഫ് എഡിറ്റര്‍ പ്രകാശന്‍ വെള്ളിയൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് സി.എം.എച്ച്.എസ് അധ്യാപകന്‍ വി. രാജീവന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/84104/the-visual-representation-of-the-poem-parayuvanavathe-was-released)