---
title: "'എനിക്ക് ഏറ്റവും കൂടുതൽ ആകുലതയുള്ള സമയം'; ശസ്ത്രക്രിയയ്ക്ക് വിധേയനായി തെന്നിന്ത്യൻ താരം "
english_title: "'the time I am most anxious'; The South Indian player underwent surgery"
publisher: "moviemax.in"
canonical_url: "https://moviemax.in/news/81075/the-time-i-am-most-anxious-the-south-indian-player-underwent-surgery"
published_at: "2022-11-19T16:12:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378b334084a8_abhas.jpg"
keywords: []
---

# 'എനിക്ക് ഏറ്റവും കൂടുതൽ ആകുലതയുള്ള സമയം'; ശസ്ത്രക്രിയയ്ക്ക് വിധേയനായി തെന്നിന്ത്യൻ താരം 

> **Lead Summary:** കണ്ണെഴുതി പൊട്ടുംതൊട്ട് സിനിമയിലെ മൂസക്കുട്ടിയെയാണ് അബ്ബാസിന്റെ പേര് കേൾക്കുമ്പോൾ മലയാളിക്ക് ആദ്യം ഓർമ വരിക. തൊണ്ണൂറുകളിൽ പ്രണയനായകനായി സിനിമകളിൽ വിലസിയ അബ്ബാസ് അക്കാലത്തെ പെൺകുട്ടികളുടെ സങ്കൽപ പുരുഷനായിരുന്നു. 

## Article Content

കണ്ണെഴുതി പൊട്ടുംതൊട്ട് സിനിമയിലെ മൂസക്കുട്ടിയെയാണ് അബ്ബാസിന്റെ പേര് കേൾക്കുമ്പോൾ മലയാളിക്ക് ആദ്യം ഓർമ വരിക. തൊണ്ണൂറുകളിൽ പ്രണയനായകനായി സിനിമകളിൽ വിലസിയ അബ്ബാസ് അക്കാലത്തെ പെൺകുട്ടികളുടെ സങ്കൽപ പുരുഷനായിരുന്നു. 

പ്രായം അമ്പതിനോട് അടുത്തിട്ടും അബ്ബാസിന്റെ സൗന്ദര്യത്തിന് കുറവ് വന്നിട്ടില്ല. സിനിമയിലേക്ക് തിരിച്ച് വരണമെന്ന് പലപ്പോഴും അബ്ബാസിനോട് സോഷ്യൽമീഡിയ വഴി ആരാധകർ ആവശ്യപ്പെടാറുമുണ്ട്.

ഇപ്പോഴിതാ താരം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായതിന്റെ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അബ്ബാസ് തന്നെയാണ് തന്റെ സോഷ്യൽമീഡിയ പേജുവഴി താൻ കഴിഞ്ഞ ദിവസം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിയെന്ന് അറിയിച്ചത്. 

'ആശുപത്രിയിൽ ആയിരിക്കുമ്പോൾ എന്റെ ഉത്കണ്ഠകൾ ഏറ്റവും മോശമായ നിലയിലേക്ക് എത്തും. പക്ഷെ അവിടെയിരുന്നപ്പോൾ ചില ഭയങ്ങളെ മറികടക്കാൻ ഞാൻ ശ്രമിച്ചു. എന്റെ മനസിനെ ശക്തിപ്പെടുത്താൻ ഞാൻ എന്നെത്തന്നെ സഹായിച്ചു.' 'ശസ്‌ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഉടൻ വീട്ടിലെത്തണം. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും എല്ലാവർക്കും നന്ദി...' എന്നാണ് അബ്ബാസ് ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്. 

അബ്ബാസിന്റെ കുറിപ്പും ഫോട്ടോയും പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേർ രോ​ഗത്തെ കുറിച്ചും ശസ്ത്രക്രിയയെ കുറിച്ചും തിരക്കാൻ തുടങ്ങി. 'ഏത് തരത്തിലുള്ള സർജറിയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും അത് ആശങ്കയ്ക്ക് കാരണമാകുന്നു.'

'അത് അവസാനിച്ചതിൽ സന്തോഷമുണ്ട്... വേഗം സുഖം പ്രാപിക്കുന്നതിന് പ്രാർത്ഥനകൾ‌ നേരുന്നു' എന്നാണ് ആരാധകരിൽ ഏറെപ്പേരും അബ്ബാസിന് ആശ്വാസ വാക്കുകൾ നേർ‌ന്ന് കുറിച്ചത്. അബ്ബാസിന്റെ കാലിനാണ് സർജറി നടന്നതെന്നും റിപ്പോർട്ടുകളുണ്ട്‌. 

### Related Links & Sources
- [Original Story Source](https://moviemax.in/news/81075/the-time-i-am-most-anxious-the-south-indian-player-underwent-surgery)