---
title: "7.6 കോടി വര്‍ഷം പഴക്കമുള്ള ദിനോസര്‍ തലയോട്ടി വില്‍പ്പനയ്ക്ക്; വില 162 കോടി രൂപ!"
english_title: "7.6 million-year-old dinosaur skull for sale; The price is 162 crore rupees!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/80835/76-million-year-old-dinosaur-skull-for-sale-the-price-is-162-crore-rupees"
published_at: "2022-11-18T10:26:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637710d37b55b_dinoser.jpg"
keywords: []
---

# 7.6 കോടി വര്‍ഷം പഴക്കമുള്ള ദിനോസര്‍ തലയോട്ടി വില്‍പ്പനയ്ക്ക്; വില 162 കോടി രൂപ!

> **Lead Summary:** 76 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ തലയോട്ടി അടുത്ത മാസം ലേലത്തിനെത്തും. ടൈറനോസോറസ് റെക്സിന്റെ ഫോസിലൈസ് ചെയ്ത തലയോട്ടിയാണ് ഡിസംബര്‍ 9 -ന് ന്യൂയോര്‍ക്കില്‍ തല്‍സമയ ലേലം ചെയ്യുക. ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും സമ്പൂര്‍ണ്ണമായ തലയോട്ടികളില്‍ ഒന്നാണ് ഇത്.

## Article Content

76 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസറിന്റെ തലയോട്ടി അടുത്ത മാസം ലേലത്തിനെത്തും. ടൈറനോസോറസ് റെക്സിന്റെ ഫോസിലൈസ് ചെയ്ത തലയോട്ടിയാണ് ഡിസംബര്‍ 9 -ന് ന്യൂയോര്‍ക്കില്‍ തല്‍സമയ ലേലം ചെയ്യുക. ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും സമ്പൂര്‍ണ്ണമായ തലയോട്ടികളില്‍ ഒന്നാണ് ഇത്.

ലേലത്തില്‍ ഈ തലയോട്ടിക്ക് 15 മുതല്‍ 20 മില്യണ്‍ ഡോളര്‍ വരെ ലഭിക്കുമെന്നാണ് ലേലക്കമ്പനിയായ സോതെബേ പ്രതീക്ഷിക്കുന്നത്. അതായത് ഏകദേശം 162 കോടി ഇന്ത്യന്‍ രൂപ. സൗത്ത് ഡക്കോട്ടയിലെ ഹാര്‍ഡിംഗ് കൗണ്ടിയിലെ ഹെല്‍ ക്രീക്ക് ഫോര്‍മേഷനിലെ സ്വകാര്യ ഭൂമിയില്‍ നിന്നാണ് ഫോസില്‍ ഗവേഷകര്‍ ഈ തലയോട്ടി കണ്ടെത്തിയത്.

ഇതിനുമുമ്പും ദിനോസറുകളുടെ തലയോട്ടികള്‍ ലേലം ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ആദ്യത്തെ ദിനോസര്‍ തലയോട്ടി ലേലം നടന്നത് 1997-ല്‍ ആണ് . സ്യൂ എന്ന് വിളിക്കപ്പെടുന്ന ആ തലയോട്ടി അന്ന് ലേലം ചെയ്തത് 8.3 മില്യണ്‍ ഡോളറിന് ആണ്. 2020-ലും സമാനമായ രീതിയില്‍ ഒരു ദിനോസര്‍ തലയോട്ടി ലേലം നടന്നിട്ടുണ്ട്. സ്റ്റാന്‍ എന്നെ വിളിക്കപ്പെട്ടിരുന്ന ആ തലയോട്ടി വില്‍ക്കപ്പെട്ടത് 31.8 മില്യണ്‍ ഡോളറിനാണ്.

ഒരു ഇരുമ്പ് പീഠവും അതില്‍ ഘടിപ്പിച്ചിരിക്കുന്ന 200 പൗണ്ട് ഭാരവും 6 അടി 7.5 ഇഞ്ച് ഉയരവുമുള്ള തലയോട്ടിയാണ് ലേലത്തില്‍ വിജയിക്കുന്ന വ്യക്തിക്ക് ലഭിക്കുക. ഈ തലയോട്ടിയുടെ എല്ലാ അസ്ഥികളും ഒരൊറ്റ ടി. റെക്സില്‍ നിന്നുള്ളതാണ് എന്നത് വളരെ അപൂര്‍വമായ ഒരു വസ്തുതയാണ്.

താടിയെല്ല് അതുപോലെ തന്നെയുണ്ട്. ഭൂരിഭാഗം ബാഹ്യ അസ്ഥികളും മുകളിലും താഴെയുമുള്ള പല പല്ലുകളും ഈ തലയോട്ടിയില്‍ ഉണ്ട്. തലയോട്ടിയില്‍ രണ്ട് വലിയ ദ്വാരങ്ങളുണ്ട്, ഇത് മറ്റൊരു ദിനോസറുമായി യുദ്ധം ചെയ്തതിന്റെ സൂചനയാണെന്ന് കരുതുന്നു.

മിക്കവാറും മറ്റൊരു ടി. റെക്‌സുമായി ആയിരിക്കാം ആക്രമണത്തില്‍ ഏര്‍പ്പെട്ടത്. ജീവിയുടെ മരണകാരണം എന്താണെന്ന് വിദഗ്ധര്‍ക്ക് ഉറപ്പില്ല . ഇത് ഒരു തലയോട്ടി മാത്രമാണെന്നും പൂര്‍ണ്ണമായ അസ്ഥികൂടമല്ല എന്നതും ഈ ലേലത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/80835/76-million-year-old-dinosaur-skull-for-sale-the-price-is-162-crore-rupees)