---
title: "ഭര്‍തൃമാതാവിനൊപ്പം ഉള്ളി കൃഷി ചെയ്യുന്ന ജര്‍മന്‍കാരി; വീഡിയോ വൈറലാകുന്നു "
english_title: "A German woman who grows onions with her mother-in-law; The video went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/79735/a-german-woman-who-grows-onions-with-her-mother-in-law-the-video-went-viral"
published_at: "2022-11-11T16:34:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e2d2f4c696_viral.jpg"
keywords: []
---

# ഭര്‍തൃമാതാവിനൊപ്പം ഉള്ളി കൃഷി ചെയ്യുന്ന ജര്‍മന്‍കാരി; വീഡിയോ വൈറലാകുന്നു 

> **Lead Summary:** ഭര്‍ത്താവിന്‍റെ ഗ്രാമത്തില്‍ ഇന്ത്യന്‍ ജീവിതരീതികളോട് സന്തോഷത്തോടെ പൊരുത്തപ്പെട്ടുപോകുന്ന ജര്‍മനയില്‍ ജനിച്ചുവളര്‍ന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

## Article Content

ഭര്‍ത്താവിന്‍റെ ഗ്രാമത്തില്‍ ഇന്ത്യന്‍ ജീവിതരീതികളോട് സന്തോഷത്തോടെ പൊരുത്തപ്പെട്ടുപോകുന്ന ജര്‍മനയില്‍ ജനിച്ചുവളര്‍ന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഭര്‍തൃമാതാവിനൊപ്പം കൃഷി ചെയ്യുന്ന ജൂലി ശര്‍മ എന്ന യുവതിയെ ആണ് വീഡിയോയില്‍ കാണുന്നത്. മോഡലും യൂട്യൂബറുമായ ജൂലി വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ഇന്ത്യയില്‍ തന്നെയാണ് കഴിയുന്നത്. കൃഷിയിടത്തില്‍ ഭര്‍തൃമാതാവിനൊപ്പം ഉള്ളി കൃഷി ചെയ്യുന്നതിനിടെ പകര്‍ത്തിയ വീഡിയോ ആണ് സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്.

മണ്ണില്‍ ഉള്ളി നടുന്ന ജൂലിയോട് വീഡിയോ പകര്‍ത്തുന്ന വ്യക്തി എവിടെ നിന്നാണ് വരുന്നതെന്ന് ചോദിക്കുന്നുണ്ട്. ജര്‍മനിയില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ ഇന്ത്യയില്‍ ഉള്ളി നടാനായി ഏഴ് കടലുകള്‍ കടന്നെത്തിയതാണോ എന്നായിരുന്നു വീഡിയോ പകര്‍ത്തിയ ആളുടെ രസകരമായ ചോദ്യം.

തനിക്ക് ഇഷ്ടപ്പെട്ട ജോലിയാണെന്നും ഒരുപാട് സന്തോഷം തോന്നുന്നു എന്നും ജൂലി മറുപടിയും നല്‍കുന്നുണ്ട്. ഹിന്ദി ഭാഷയിലാണ് യുവതി മറുപടി നല്‍കിയത്. ജൂലിക്ക് സമീപം തന്നെ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജൂലിയുടെ ഭര്‍തൃമാതാവിനെയും വീഡിയോയില്‍ കാണാം. ശല്യം ചെയ്യാതെ പോകാന്‍ വീഡിയോ പകര്‍ത്തിയ ആളോട് ജൂലി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ജൂലി തന്നെയാണ് രസകരമായ ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

കുടുംബത്തോടൊപ്പമുള്ള ഈ ലളിത ജീവിതം താന്‍ ആസ്വദിക്കുന്നുണ്ടെന്നും ഒരു മാസം ആയി ഈ ഗ്രാമത്തില്‍ തന്നെയാണ് താമസമെന്നും ജൂലി കുറിപ്പില്‍ പറയുന്നു. ലക്ഷങ്ങളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്.

ഇന്ത്യന്‍ സംസ്കാരവുമായി ഇണങ്ങി ജീവിക്കുന്ന ജൂലിയെ പ്രശംസിച്ചുകൊണ്ട് നിരവധി പേര്‍ കമന്‍റ് ചെയ്യുകയും ചെയ്തു. കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളും പാചകം ചെയ്യുന്നതിന്‍റെ വീഡിയോയുമൊക്കെ ജൂലി പങ്കുവച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/79735/a-german-woman-who-grows-onions-with-her-mother-in-law-the-video-went-viral)