---
title: "'കാതലി'ല്‍ , ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി'യായി മമ്മൂട്ടി"
english_title: "Mammootty as left independent candidate in 'Kathali'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/79183/mammootty-as-left-independent-candidate-in-kathali"
published_at: "2022-11-08T14:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636a1608a6d2e_mammootty.jpg"
keywords: []
---

# 'കാതലി'ല്‍ , ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി'യായി മമ്മൂട്ടി

> **Lead Summary:** സമീപകാല മലയാള സിനിമയില്‍ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം മമ്മൂട്ടിയാണ്. ഭീഷ്‍മ പര്‍വ്വം, സിബിഐ 5, പുഴു, റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം ഇതുവരെ പുറത്തെത്തിയ ചിത്രങ്ങള്‍.

## Article Content

സമീപകാല മലയാള സിനിമയില്‍ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം മമ്മൂട്ടിയാണ്. ഭീഷ്‍മ പര്‍വ്വം, സിബിഐ 5, പുഴു, റോഷാക്ക് എന്നിവയാണ് മമ്മൂട്ടിയുടേതായി ഈ വര്‍ഷം ഇതുവരെ പുറത്തെത്തിയ ചിത്രങ്ങള്‍.

ബി ഉണ്ണികൃഷ്ണന്‍റെ ക്രിസ്റ്റഫറും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കവും വരാനിരിക്കുന്നു. ഇപ്പോള്‍ ചിത്രീകരണം പുരോഗമിക്കുന്ന മറ്റൊരു ചിത്രവും ഇതിനകം സിനിമാപ്രേമികളുടെ ശ്രദ്ധ കവര്‍ന്ന ഒന്നാണ്. ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സംവിധായകന്‍ ജിയോ ബേബി ഒരുക്കുന്ന കാതല്‍ എന്ന ചിത്രമാണ് അത്.

തമിഴ് താരം ജ്യോതിക മമ്മൂട്ടിയുടെ നായികയായി എത്തുന്നു എന്നതും കൌതുകമാണ്. ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18 ന് ആണ് ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രത്തിലെ മമ്മൂട്ടിയുടെയോ ജ്യോതികയുടെയോ കഥാപാത്രങ്ങളെക്കുറിച്ചോ പ്രമേയത്തെക്കുറിച്ചോ ഒന്നുമുള്ള വിവരങ്ങള്‍ പുറത്തെത്തിയിരുന്നില്ല.

ഇപ്പോഴിതാ മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള ഒരു പ്രധാന വിവരം പുറത്തെത്തിയിരിക്കുകയാണ്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ കഥാപാത്രം മത്സരിക്കുന്നുമുണ്ട്. ചിത്രീകരണത്തിനായി വച്ചിരിക്കുന്ന ഒരു ഫ്ലക്സിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തീക്കോയി ഗ്രാമ പഞ്ചായത്ത് 3-ാം വാര്‍ഡ് ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥി മാത്യു ദേവസിയെ വിജയിപ്പിക്കുക എന്നാണ് മമ്മൂട്ടിയുടെ ചിത്രമുള്ള ഫ്ലെക്സില്‍ എഴുതിയിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/79183/mammootty-as-left-independent-candidate-in-kathali)