---
title: "ഒരേ ​ദിവസം തന്നെ രണ്ട് ലോട്ടറിയടിച്ചു, ഒറ്റദിവസം കൊണ്ട് മില്ല്യണയറായി സ്ത്രീ"
english_title: "Woman became a millionaire in one day after winning two lotteries on the same day"
publisher: "moviemax.in"
canonical_url: "https://moviemax.in/news/78951/woman-became-a-millionaire-in-one-day-after-winning-two-lotteries-on-the-same-day"
published_at: "2022-11-07T12:03:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368a76a6c795_viral.jpg"
keywords: []
---

# ഒരേ ​ദിവസം തന്നെ രണ്ട് ലോട്ടറിയടിച്ചു, ഒറ്റദിവസം കൊണ്ട് മില്ല്യണയറായി സ്ത്രീ

> **Lead Summary:** ലോട്ടറി അടിക്കുന്നവരെ ഭാ​ഗ്യമുള്ളവർ എന്ന് പറയാറുണ്ട്. എന്നാൽ, ഒരേ സമയം തന്നെ രണ്ട് ലോട്ടറി അടിച്ചാലോ? അങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുകയാണ് അങ്ങ് അമേരിക്കയിൽ. ഒരു സ്ത്രീക്ക് അടുപ്പിച്ച് രണ്ട് ലോട്ടറി അടിച്ചു. ഒറ്റ ദിവസം കൊണ്ട് അവരൊരു മില്ല്യണയർ ആയിരിക്കുകയാണ്.

## Article Content

ലോട്ടറി അടിക്കുന്നവരെ ഭാ​ഗ്യമുള്ളവർ എന്ന് പറയാറുണ്ട്. എന്നാൽ, ഒരേ സമയം തന്നെ രണ്ട് ലോട്ടറി അടിച്ചാലോ? അങ്ങനെ ഒരു സംഭവം ഉണ്ടായിരിക്കുകയാണ് അങ്ങ് അമേരിക്കയിൽ. ഒരു സ്ത്രീക്ക് അടുപ്പിച്ച് രണ്ട് ലോട്ടറി അടിച്ചു. ഒറ്റ ദിവസം കൊണ്ട് അവരൊരു മില്ല്യണയർ ആയിരിക്കുകയാണ്.

70 -കാരിയായ സ്ത്രീക്ക് ആദ്യം ലോട്ടറി അടിച്ചത് 83,43,406 രൂപയാണ്. ആ പണം വാങ്ങി സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് 2,49,37,514 രൂപ കൂടി ലോട്ടറി അടിക്കുന്നത്. ഡെൽവെയറിലെ സ്പീഡി ​ഗാസിൽ നിന്ന് വാങ്ങിയ സ്ക്രാച്ച് കാർഡിലാണ് ആദ്യം ഭാ​ഗ്യം സ്ത്രീയെ തേടിയെത്തിയത്.

ഒരാഴ്ചയ്ക്ക് ശേഷം സ്ത്രീ തനിക്ക് ലോട്ടറിയിലൂടെ ലഭിച്ച തുക വാങ്ങാൻ പോയി. ആ സമയത്ത് ലോട്ടറി അധികൃതരോട് ഏഴ് വർഷമായി ഡെൽവെയർ ലോട്ടറി എടുക്കുന്നുണ്ട് എന്നും ഇപ്പോഴാണ് ഇങ്ങനെ ഭാ​ഗ്യം കടാക്ഷിച്ചത് എന്നും പറഞ്ഞുവത്രെ. എന്നാൽ, അതിലും വലുതാണ് ഇനി വരാനുള്ളത് എന്ന് സ്ത്രീക്ക് അറിയില്ലായിരുന്നു.

വിജയം ആഘോഷിക്കുന്നതിന് വേണ്ടി ഡോവറിലുള്ള ടൈ​ഗർ മാർട്ടിൽ നിന്നും മൂന്ന് സീരിയസ് മണി ടിക്കറ്റ് അവരെടുത്തു. അതിലൊരു ടിക്കറ്റിലാണ് 2,49,37,514 രൂപ സ്ത്രീക്ക് ലഭിച്ചത്. സ്ത്രീക്കൊപ്പം അവരുടെ അടുത്ത സുഹൃത്ത് കൂടി ഉണ്ടായിരുന്നു. ഇരുവർക്കും സംഭവിച്ചത് എന്താണ് എന്ന് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല.

സുഹൃത്തും ആ പണം സ്വീകരിക്കാൻ സ്ത്രീക്കൊപ്പം എത്തി. വിവരം കേട്ട് ഉന്മാദാവസ്ഥയിലായിപ്പോയി എന്ന് സുഹൃത്ത് പറഞ്ഞു. ഏതായാലും ഒരേ ദിവസം തന്നെ രണ്ട് ലോട്ടറി അടിച്ച 70 -കാരിയുടെ വാർത്ത കേട്ട് ആളുകളെല്ലാം അവരുടെ ഭാ​ഗ്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/78951/woman-became-a-millionaire-in-one-day-after-winning-two-lotteries-on-the-same-day)