---
title: "നിര്‍മ്മാതാവ് വിശാഖ് വിവാഹിതനായി"
english_title: "Producer Visakh got married"
publisher: "moviemax.in"
canonical_url: "https://moviemax.in/news/78339/producer-visakh-got-married"
published_at: "2022-11-03T16:35:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6363a14f7d7e2_vyshak.jpg"
keywords: []
---

# നിര്‍മ്മാതാവ് വിശാഖ് വിവാഹിതനായി

> **Lead Summary:** ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. സംരംഭകയായ അദ്വിത ശ്രീകാന്ത് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ സിനിമാ താരങ്ങളും സന്നിഹിതരായി.

## Article Content

ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. സംരംഭകയായ അദ്വിത ശ്രീകാന്ത് ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽ സിനിമാ താരങ്ങളും സന്നിഹിതരായി.

മോഹൻലാൽ, ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർ​ഗീസ്, വിനീത് ശ്രീനിവാസൻ, എംജി ശ്രീകുമാർ, വിധു പ്രതാപ്, റഹ്മാൻ ഉൾപ്പടെ നിരവധി പേർ സകൂടുംബമാണ് വിവാഹത്തിൽ പങ്കെടുത്തത്. അവശതകളെ മാറ്റിവെച്ച്, വിനീതിന്‍റെ കയ്യും പിടിച്ച് ശ്രീനിവാസൻ വിവാഹ വേദിയിൽ എത്തിയതിന്‍റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.

ഈ വർഷം ഓ​ഗസ്റ്റിലാണ് വിശാഖിന്റെ വിവാഹ നിശ്ചയം നടന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായിരുന്ന മെറിലാന്‍ഡ് സ്റ്റുഡിയോ ഉടമ പി സുബ്രഹ്മണ്യത്തിന്‍റെ ചെറുമകനാണ് വിശാഖ് സുബ്രഹ്മണ്യം.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച 'ലവ് ആക്ഷന്‍ ഡ്രാമ'യിലൂടെയാണ് വിശാഖ് സുബ്രഹ്മണ്യം ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് എത്തിയത്. അജു വര്‍ഗീസിനൊപ്പം ആരംഭിച്ച ഫണ്‍ടാസ്റ്റിക് ഫിലിംസ് എന്ന ബാനറിലൂടെയായിരുന്നു ഇത്. പിന്നീട് സാജന്‍ ബേക്കറി സിന്‍സ് 1962 എന്ന ചിത്രവും ഇതേ ബാനര്‍ നിര്‍മ്മിച്ചു. ധ്യാന്‍ ഈ ചിത്രത്തിലെ നിര്‍മ്മാണ പങ്കാളിയായി.

ശേഷം പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്‍ത ഹൃദയം എന്ന ചിത്രത്തിലൂടെ മെറിലാന്‍ഡിന്‍റെ പേരില്‍ത്തന്നെ പുതിയ നിർമ്മാണ കമ്പനി വിശാഖ് ആരംഭിക്കുക ആയിരുന്നു. സിനിമാ നിര്‍മ്മാണത്തിനൊപ്പം തിരുവനന്തപുരത്ത് തിയറ്ററുകളും ഈ ഗ്രൂപ്പിന് ഉണ്ട്. ശ്രീകുമാര്‍, ശ്രീവിശാഖ്, ന്യൂ തിയറ്ററുകളാണ് ഇവരുടെ ഉടമസ്ഥതയില്‍ ഉള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/78339/producer-visakh-got-married)