---
title: "ഇരട്ടക്കുട്ടികളുടെ അച്ഛനാകാൻ ഒരുങ്ങി ക്രിസ്റ്റ്യാനോ, സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം"
english_title: "Cristiano Ronaldo ready to become father of twins"
publisher: "moviemax.in"
canonical_url: "https://moviemax.in/news/7786/cristiano-ronaldo-ready-to-become-father-of-twins"
published_at: "2021-10-29T10:53:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617b85d795474_ronaldo.jpg"
keywords: []
---

# ഇരട്ടക്കുട്ടികളുടെ അച്ഛനാകാൻ ഒരുങ്ങി ക്രിസ്റ്റ്യാനോ, സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം

> **Lead Summary:** ഇരട്ടക്കുട്ടികളുടെ അച്ഛനാകാനൊരുങ്ങുന്നുവെന്ന സന്തോഷം പങ്കുവെച്ച് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് റൊണാള്‍ഡോ ഈ വിവരം അറിയിച്ചിരിക്കുന്നത്. ജോര്‍ജിനയ്ക്കൊപ്പം സ്‌കാനിംഗ് റിപ്പോര്‍ട്ടിലെ ചിത്രങ്ങള്‍ പിടിച്ച് കിടക്കുന്ന റൊണാള്‍ഡോയാണ് പോസ്റ്റിലുള്ളത്.

## Article Content

ഇരട്ടക്കുട്ടികളുടെ അച്ഛനാകാനൊരുങ്ങുന്നുവെന്ന സന്തോഷം പങ്കുവെച്ച് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് റൊണാള്‍ഡോ ഈ വിവരം അറിയിച്ചിരിക്കുന്നത്. ജോര്‍ജിനയ്ക്കൊപ്പം സ്‌കാനിംഗ് റിപ്പോര്‍ട്ടിലെ ചിത്രങ്ങള്‍ പിടിച്ച് കിടക്കുന്ന റൊണാള്‍ഡോയാണ് പോസ്റ്റിലുള്ളത്.

‘ഞങ്ങള്‍ ഞങ്ങളുടെ ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് അറിയിക്കുന്നതില്‍ ഏറെ സന്തോഷം തോന്നുന്നു. ഞങ്ങളുടെ ഹൃദയം മുഴുവനായി സ്നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അവരെ കാണാനായി കാത്തിരിക്കുന്നു…’ റൊണാള്‍ഡോ പോസ്റ്റില്‍ കുറിച്ചു.

റൊണാള്‍ഡോയ്ക്ക് നിലവില്‍ നാല് മക്കളാണുള്ളത്. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും. ഇതില്‍ ഒരു പെണ്‍കുട്ടിയെ മാത്രമാണ് ജോര്‍ജിന പ്രസവിച്ചത്. മറ്റ് രണ്ട് കുട്ടികള്‍ വാടക ഗര്‍ഭധാരണത്തിലൂടെയാണ് ജനിച്ചത്. ഇവര്‍ ഇരട്ടകളാണ്.

മൂത്തമകന്‍ ക്രിസ്റ്റ്യാനോ ജൂനിയറിന് 11 വയസ്സാണ്. ഈ കുട്ടിയുടെ മാതാവിനെ റൊണാള്‍ഡോ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയിട്ടില്ല. തനിക്ക് ഏഴ് കുട്ടികള്‍ വേണമെന്നാണ് ആഗ്രഹമെന്ന് ക്രിസ്റ്റ്യനോ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/7786/cristiano-ronaldo-ready-to-become-father-of-twins)