വസ്ത്രങ്ങളില്‍ പല തരം പരീക്ഷണങ്ങള്‍ നടക്കുന്ന കാലമാണിത്. ഫാഷന്‍ ലോകത്തിലെ ഇത്തരം പരീക്ഷണങ്ങള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. അത്തരത്തില്‍ വ്യത്യസ്തമായ ഒരു വസ്ത്രത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
വെയിലടിച്ചാല്‍ നിറം മാറുന്ന ഒരു വസ്ത്രമാണിത്. സൂര്യപ്രകാശത്തില്‍ നിറം മാറുന്ന ഡ്രസ് എന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് ഇസി പൂപ്പി എന്ന യുവതി വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച ഇവര്‍ പുറത്ത് സൂര്യപ്രകാശമുള്ള സ്ഥലത്ത് പോയി നില്‍ക്കുമ്പോള്‍ ഡ്രസിന്റെ നിറം പിങ്കായി മാറുന്നതാണ് വീഡിയോയില്‍ കാണുന്നത്.
ഇന്‍ഡോറില്‍ നില്‍ക്കുന്ന യുവതിയെ ആണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. അപ്പോള്‍ വസ്ത്രത്തിന്‍റെ നിറം വെള്ള ആയിരുന്നു . ശേഷം ഇവര്‍ പുറത്തേയ്ക്ക് വെയിലടിക്കുന്ന സ്ഥലത്തേയ്ക്ക് നീങ്ങിയപ്പോള്‍ വസ്ത്രം പിങ്ക് നിറമാകുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ഈ വസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങളും ഇസി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 2.4 കോടി പേരാണ് ഈ വീഡിയോ ഇതു വരെ കണ്ടത്. 20 ലക്ഷത്തിലേറെ ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. നിറം മാറുന്ന വസ്ത്രം കണ്ട് അമ്പരന്നിരിക്കുകയാണ് സൈബര്‍ ലോകം.
ഇത്തരമൊരു വസ്ത്രമുണ്ട് എന്നത് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. വളരെ മനോഹരമായിരിക്കുന്നു എന്നും ഇതു വരെ കണ്ടതില്‍ ഏറ്റവും കൂളസ്റ്റ് വസ്ത്രം എന്നും മറ്റു ചിലര്‍ കമന്‍റ് ചെയ്തു. നേരത്തെ നിറം മാറുന്ന സ്‌കേര്‍ട്ടിന്റെ വീഡിയോയും യുവതി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
Content Highlight: clothing that changes color when exposed to the sun; Bewildered Cyber World; Video

































