---
title: "'മോൺസ്റ്ററി'ന്‍റെ വിലക്ക് നീക്കി ബഹ്റൈൻ; പകരം ഒഴിവാക്കിയത് 13 മിനിറ്റ്"
english_title: "Bahrain lifts ban on 'Monster'; Instead, 13 minutes were omitted"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75189/bahrain-lifts-ban-on-monster-instead-13-minutes-were-omitted"
published_at: "2022-10-18T20:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ec6d268b7e_monstar.jpg"
keywords: []
---

# 'മോൺസ്റ്ററി'ന്‍റെ വിലക്ക് നീക്കി ബഹ്റൈൻ; പകരം ഒഴിവാക്കിയത് 13 മിനിറ്റ്

> **Lead Summary:** മോഹൻലാലിന്‍റേതായി ഈ വർഷം തിയറ്ററുകളിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. ബി ഉണ്ണികൃഷ്ണൻറെ സംവിധാനത്തിലെത്തിയ ആറാട്ട് ആയിരുന്നു അദ്ദേഹത്തിൻറെ ഈ വർഷത്തെ ആദ്യ തിയറ്റർ റിലീസ്.

## Article Content

മോഹൻലാലിന്‍റേതായി ഈ വർഷം തിയറ്ററുകളിലെത്തുന്ന രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. ബി ഉണ്ണികൃഷ്ണൻറെ സംവിധാനത്തിലെത്തിയ ആറാട്ട് ആയിരുന്നു അദ്ദേഹത്തിൻറെ ഈ വർഷത്തെ ആദ്യ തിയറ്റർ റിലീസ്.

പുലിമുരുകന് ശേഷം വൈശാഖ്- ഉദയകൃഷ്ണ ടീമിനൊപ്പം മോഹൻലാൽ ഒരുമിക്കുന്നതിൻറെ പേരിൽ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് മോൺസ്റ്റർ. മോഹൻലാലിൻറെ സിഖ് ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. 21 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന് യുഎഇ ഒഴികെയുള്ള ജിസിസി രാജ്യങ്ങളിൽ പ്രദർശനാനുമതി നിഷേധിക്കപ്പെട്ടതായ റിപ്പോർട്ട് ഇന്നലെയാണ് എത്തിയത്.

എൽജിബിടിക്യുഐഎ പ്ലസ് സമൂഹവുമായി ബന്ധപ്പെട്ട ഉള്ളടക്കത്തിൻറെ പേരിലാണ് വിലക്ക് എന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോഴിതാ അണിയറപ്രവർത്തകർക്ക് ആശ്വാസത്തിന് വക നൽകുന്ന ഒരു വിവരം പുറത്തെത്തുകയാണ്. ജിസിസി രാജ്യമായ ബഹ്‍റൈൻ ചിത്രത്തിൻറെ വിലക്ക് പിൻവലിച്ചു എന്നതാണ് അത്.

എന്നാൽ 13 മിനിറ്റ് ഉള്ളടക്കം ഒഴിവാക്കിക്കൊണ്ടാണ് ബഹ്റൈനിൽ ചിത്രത്തിന് പ്രദർശനാനുമതി ലഭിച്ചിരിക്കുന്നത്. രാജ്യത്ത് മോണ്‍സ്റ്ററിന്‍റെ അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/75189/bahrain-lifts-ban-on-monster-instead-13-minutes-were-omitted)