---
title: "മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്നു;  ചിത്രത്തിന്റെ  ടൈറ്റില്‍  പുറത്ത് "
english_title: "Mammootty and Jyothika come together; The title of the film is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75169/mammootty-and-jyothika-come-together-the-title-of-the-film-is-out"
published_at: "2022-10-18T19:02:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634eab11c00c1_kathal.jpg"
keywords: []
---

# മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്നു;  ചിത്രത്തിന്റെ  ടൈറ്റില്‍  പുറത്ത് 

> **Lead Summary:** മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. കാതല്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. ജ്യോതികയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്.

## Article Content

മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപിച്ചു. കാതല്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. ജ്യോതികയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്.

ജ്യോതികയുടെ പിറന്നാള്‍ ദിനത്തിലാണ് ടൈറ്റില്‍ പോസ്റ്ററിനൊപ്പം ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു പഴയ ആല്‍ബത്തില്‍ നിന്നുള്ള ഇരുവരുടെയും പഴയ ഫോട്ടോ കണക്കെയാണ് മനോഹരമായ പോസ്റ്റര്‍ ഡിസൈന്‍ ചെയ്‍തിരിക്കുന്നത്. ആന്‍റണി സ്റ്റീഫന്‍ ആണ് പോസ്റ്റര്‍ ഡിസൈനര്‍.

തിയറ്ററുകളില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട റോഷാക്കിനു ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഇത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം ആയിരുന്നു ആദ്യ ചിത്രം. വരുന്ന ഐഎഫ്എഫ്കെയിലാണ് ഇതിന്‍റെ പ്രീമിയര്‍. അതേസമയം ജിയോ ബേബി സംവിധാനം ചെയ്യുന്ന എഴാമത്തെ ചിത്രമാണ് കാതൽ. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.

ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ആദർഷ് സുകുമാരനും പോൾസൺ സ്‌കറിയയും ചേര്‍ന്നാണ്.

എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റിംഗ് ഫ്രാൻസിസ് ലൂയിസ്, സംഗീതം മാത്യൂസ് പുളിക്കൻ, കലാസംവിധാനം ഷാജി നടുവിൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്സ്, സൗണ്ട് ഡിസൈൻ ടോണി ബാബു, ഗാനരചന അലീന, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് അമൽ ചന്ദ്രൻ, കോ ഡയറക്ടർ അഖിൽ ആനന്ദൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ മാർട്ടിൻ എൻ ജോസഫ്, കുഞ്ഞില മാസിലാമണി, സ്റ്റിൽസ് ലെബിസൺ ഗോപി, ഡിസൈൻ ആന്റണി സ്റ്റീഫൻ, പി ആർ ഒ പ്രതീഷ് ശേഖർ. കാതലിന്റെ ചിത്രീകരണം ഒക്ടോബർ 20 ന് കൊച്ചിയിൽ ആരംഭിക്കും.

### Related Links & Sources
- [Original Story Source](https://moviemax.in/news/75169/mammootty-and-jyothika-come-together-the-title-of-the-film-is-out)