---
title: "പുതിയ വാഹനം സ്വന്തമാക്കി ഫഹദ് ഫാസിൽ, സ്വന്തമാക്കിയത് മിനി കൂപ്പറിന്റെ കണ്‍ട്രിമാന്‍"
english_title: "Fahad Fazil owns a new vehicle"
publisher: "moviemax.in"
canonical_url: "https://moviemax.in/news/73516/fahad-fazil-owns-a-new-vehicle"
published_at: "2022-10-09T18:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342c7613d411_fahad_fasil.jpg"
keywords: []
---

# പുതിയ വാഹനം സ്വന്തമാക്കി ഫഹദ് ഫാസിൽ, സ്വന്തമാക്കിയത് മിനി കൂപ്പറിന്റെ കണ്‍ട്രിമാന്‍

> **Lead Summary:** മലയാളത്തിലെ പ്രശസ്ത നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. തന്റെ വ്യത്യസ്ത അഭിനയ ശൈലി കൊണ്ട് സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരെ സമ്പാദിച്ചിട്ടുണ്ട് ഫഹദ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലാണ് ഫഹദിന്റെതായി എത്തിയത്. 

## Article Content

മലയാളത്തിലെ പ്രശസ്ത നടന്മാരിൽ ഒരാളാണ് ഫഹദ് ഫാസിൽ. തന്റെ വ്യത്യസ്ത അഭിനയ ശൈലി കൊണ്ട് സൗത്ത് ഇന്ത്യ മുഴുവൻ ആരാധകരെ സമ്പാദിച്ചിട്ടുണ്ട് ഫഹദ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിലാണ് ഫഹദിന്റെതായി എത്തിയത്. 

 തന്റെ വാഹന ശേഖരത്തിലേയ്ക്ക് മിനി കൂപ്പറിന്റെ കണ്‍ട്രിമാന്‍ കൂടി എത്തിച്ചിരിക്കുകയാണ് ഫഹദ്. കൊച്ചിയിലെ മിനി വിതരണക്കാരായ ഇവിഎം മിനിയില്‍ നിന്നാണ് ഫഹദ് ഫാസില്‍ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

ലംബോര്‍ഗിനി ഉറുസ്, പോര്‍ഷെ 911 കരേര, ടൊയോട്ട വെല്‍ഫയര്‍ തുടങ്ങിയ ആഡംബര വാഹനങ്ങൾ സ്വന്തമായുള്ള നടന്റെ ശേഖരത്തിൽ പുതിയ അതിഥിയാണ് മിനി കണ്‍ട്രിമാന്‍ ജെസിഡബ്ല്യു ഇന്‍സ്പയേഡ് എഡിഷൻ.

മിനി വാഹന നിരയിലെ ഏറ്റവും കരുത്തന്‍ വാഹനമെന്ന വിശേഷണവും കണ്‍ട്രിമാനിനാണ്. കണ്‍ട്രിമാന്‍ കൂപ്പര്‍ എസ്, കണ്‍ട്രിമാന്‍ കൂപ്പര്‍ എസ്ജെസിഡബ്ല്യു എന്നീ രണ്ട് വകഭേദങ്ങളില്‍ വാഹനം എത്തിയിട്ടിണ്ട്.

രണ്ട് ലീറ്റർ നാല് സിലിണ്ടർ എൻജിനാണ് വാഹനത്തിന് കരുത്തു പകരുന്നത്. 192 എച്ച്പി കരുത്തും 280 എൻഎം ടോർക്കുമുണ്ട് വാഹനത്തിന്. ഏഴ് സ്പീഡ് ഡബിൾ ഡ്യുവൽ ക്ലച്ച് സ്റ്റെപ്ട്രോണിക് സ്പോർട്സ് ട്രാൻസ്മിഷൻ.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 7.5 സെക്കൻഡ് മതി ഈ കരുത്തൻ വാഹനത്തിന്. ഏകദേശം 58 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഓൺറോഡ് വില. ആറ് നിറങ്ങളില്‍ എത്തുന്ന കണ്‍ട്രിമാന്റെ സെയ്ജ് ഗ്രീന്‍ നിറത്തിലുള്ള മോഡലാണ് ഫഹദ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/73516/fahad-fazil-owns-a-new-vehicle)