---
title: "ലോകത്തിലെ ഏറ്റവും വലിയ പുഷ്പം വിടർന്നു നിൽ‌ക്കുന്ന കാഴ്ച, വൈറലായി വീഡിയോ"
english_title: "Video of world's largest flower in full bloom goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71702/video-of-worlds-largest-flower-in-full-bloom-goes-viral"
published_at: "2022-09-30T10:57:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63367e69d91b9_viral.jpg"
keywords: []
---

# ലോകത്തിലെ ഏറ്റവും വലിയ പുഷ്പം വിടർന്നു നിൽ‌ക്കുന്ന കാഴ്ച, വൈറലായി വീഡിയോ

> **Lead Summary:** പ്രകൃതി അതിമനോ​ഹരമാണ്. അതിന്റെ മായാജാലവും സൗന്ദര്യവും കാട്ടി അത് പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. എന്നാൽ, അതിലെ ഏറ്റവും മികവുറ്റ കാഴ്ചകൾ കാണാൻ അപൂർവം ചിലർക്കാണ് ഭാ​ഗ്യം ലഭിക്കുക.

## Article Content

പ്രകൃതി അതിമനോ​ഹരമാണ്. അതിന്റെ മായാജാലവും സൗന്ദര്യവും കാട്ടി അത് പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. എന്നാൽ, അതിലെ ഏറ്റവും മികവുറ്റ കാഴ്ചകൾ കാണാൻ അപൂർവം ചിലർക്കാണ് ഭാ​ഗ്യം ലഭിക്കുക.

അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ പൂവ് വിടർന്ന് നിൽക്കുന്നത് കാണാൻ ഒരാൾക്ക് അവസരം ലഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ പൂവായ റഫ്ലേഷ്യ വിടർന്ന് നിൽക്കുന്നതാണ് ഇന്തോനേഷ്യക്കാരനായ ഇയാൾ കണ്ടത്. @nowthisnews പങ്കുവച്ച ഇതിന്റെ ഒരു വീഡിയോ വൈറലായി.

അതിന് ഇങ്ങനെ അടിക്കുറിപ്പ് നൽകിയിട്ടുണ്ട്; ഇന്തോനേഷ്യൻ കാടുകളിലൂടെ നടക്കുമ്പോൾ ഒരാൾ അപൂർവമായ ഈ പൂവ് കണ്ടെത്തി. റഫ്ലേഷ്യ അർനോൾഡി ലോകത്തിലെ തന്നെ ഏറ്റവും വലിയ പുഷ്പമാണ്. കുറച്ച് ദിവസങ്ങൾ മാത്രമാണ് അത് വിടർന്ന് നിൽക്കുന്നത്. പ്രാദേശികമായി ഇത് ശവംനാറിപ്പൂവ് എന്നും അറിയപ്പെടാറുണ്ട്. അതിന്റെ രൂക്ഷമായ ​ഗന്ധമാണ് അതിന് കാരണം.

[**https://twitter.com/i/status/1574930137623105536**](https://twitter.com/i/status/1574930137623105536)

വളരെ വേ​ഗത്തിൽ തന്നെ മുപ്പതിനായിരത്തിലധികം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. ഇന്തോനേഷ്യയിലെ മഴക്കാടുകളിലൂടെ നടക്കുന്നതിനിടയിൽ അപ്രതീക്ഷിതമായിട്ടാണ് ഇയാൾ‌ ഈ പൂവ് വിടർന്ന് നിൽക്കുന്നത് കണ്ടത് എന്ന് പറയുന്നു. ചുവന്ന നിറത്തിലുള്ള ഈ പുഷ്പം മുഴുവനായും വിടർന്ന് നിൽക്കുന്നതാണ് കാണാൻ കഴിയുന്നത്.

അതിന്റെ വളരെ അടുത്ത് നിന്നുമുള്ള ദൃശ്യം പകർത്തിയിരിക്കുന്നത് കാണാം. ഏതായാലും ഈ വീഡിയോ വളരെ അധികം ആളുകൾ കണ്ടു. ഒരാൾ പറഞ്ഞത് ഇതെന്തോ അന്യ​ഗ്രഹജീവികളുടെ വസ്തുക്കൾ പോലെ ഉണ്ട് എന്നാണ്.

ഈ പൂവ് മൂന്നടി വരെ ഉയരത്തിൽ വളരുകയും 15 പൗണ്ട് വരെ ഭാരം വയ്ക്കുകയും ചെയ്യും. അഞ്ച് മുതൽ ഏഴ് ദിവസം വരെ ചിലപ്പോൾ ഇവ വിടർന്ന് നിൽക്കും. ഈ പുഷ്പത്തിന് ഇലയോ തണ്ടോ ഇല്ല. ലോകത്തിലെ ഏറ്റവും അധികം തേൻ ഉത്പാദിപ്പിക്കുന്ന പുഷ്പം കൂടിയാണ് ഇത് എന്ന് പറയപ്പെടുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/71702/video-of-worlds-largest-flower-in-full-bloom-goes-viral)