ബോളിവുഡ് താരം സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇക്കാര്യം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. 'തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു.
ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, പക്ഷേ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം'- ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.

മുത്തച്ഛനായതിന്റെ സന്തോഷം അനില്‍ കപൂറും അറിയിച്ചിരുന്നു. ഇപ്പോഴിതാ മകനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സോനം.
ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ചിത്രം പങ്കുവെച്ചത്. ആനന്ദ് അഹൂജയുടെ കയ്യില്‍ ഇരിക്കുകയാണ് കുഞ്ഞ്. മഞ്ഞ നിറത്തിലുള്ള വസ്ത്രത്തിലാണ് മൂവരും. ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മകന്‍റെ പേരും വെളിപ്പെടുത്തിയിരിക്കുകയാണ് ദമ്പതികള്‍.
'വായു കപൂർ അഹൂജ' എന്നാണ് കുഞ്ഞിന്‍റെ പേര്. മകൻ ജനിച്ച് ഒരു മാസം പൂർത്തിയായ വേളയിലാണ് സോനം കപൂറും ആനന്ദ് അഹൂജയും പേരിടൽ ചടങ്ങ് നടത്തിയത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2018-ലാണ് സോനം കപൂറും വ്യവസായിയായ ആനന്ദ് അഹൂജയും വിവാഹിതരായത്.
ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചതിന് ശേഷം മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും സോനം ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. കഴിഞ്ഞ മാസം ഇരുപതിനാണ് സോനം കപൂർ ആൺകുഞ്ഞിന് ജന്മം നൽകിയത്.
Content Highlight: Sonam Kapoor shared the first picture with her son


































