---
title: "നീ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്;  ​ഗായിക സുജാത മോഹൻ"
english_title: "You are always in our hearts; Singer Sujata Mohan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/69612/you-are-always-in-our-hearts-singer-sujata-mohan"
published_at: "2022-09-20T20:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329cf2b8a09e_sujatha.jpg"
keywords: []
---

# നീ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്;  ​ഗായിക സുജാത മോഹൻ

> **Lead Summary:** പാട്ടിനെ പ്രാർഥനയാക്കിയ ഗായികയെന്ന് വിശേഷിപ്പിക്കാം രാധിക തിലകിനെ. ജീവിച്ച് കൊതി തീരുംമുമ്പ് അവർ ഈ ലോകത്ത് നിന്നും പോയി. ഹൃദയം കൊണ്ടായിരുന്നു രാധിക പാടിയത്. 

## Article Content

പാട്ടിനെ പ്രാർഥനയാക്കിയ ഗായികയെന്ന് വിശേഷിപ്പിക്കാം രാധിക തിലകിനെ. ജീവിച്ച് കൊതി തീരുംമുമ്പ് അവർ ഈ ലോകത്ത് നിന്നും പോയി. ഹൃദയം കൊണ്ടായിരുന്നു രാധിക പാടിയത്. 

കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും മരിക്കാത്ത സംഗീതം ഈ ഭൂമിയിൽ ബാക്കി വെച്ചുപോയ കലാകാരിയെക്കുറിച്ച് താരത്തിന്റെ സഹോദരി സുജാത മോഹൻ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.

രാധികയുടെ വേർപാടിന്റെ ഏഴാം വാർഷികത്തിലാണ് ഓർമച്ചിത്രവുമായി സുജാത എത്തിയത്. 'നീ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്' എന്ന അടിക്കുറിപ്പോടെയാണ് സുജാത രാധികയുടെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്.

സുജാതയുടെ അടുത്ത ബന്ധുവായിരുന്നു രാധിക തിലക്. സംഗീത ജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും വിശേഷങ്ങളെല്ലാം സുജാതയും രാധികയും തമ്മിൽ പങ്കുവെച്ചിരുന്നു. രാധികയുടെ വേർപാട് ഏൽപ്പിച്ച ദുഖത്തിൽ നിന്നും തങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ലെന്ന് പൊതു വേദിയിൽ ഉൾപ്പെടെ ഇടറുന്ന സ്വരത്തോടെ സുജാത പറഞ്ഞിട്ടുണ്ട്. ‍‍

തികച്ചും അപ്രതീക്ഷിതമായിരുന്നു രാധിക തിലകിന്റെ വിയോഗം. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2015 സെപ്റ്റംബർ 20നാണ് രാധിക തിലക് അന്തരിച്ചത്. മായാമഞ്ചലിൽ, ദേവസംഗീതം നീയല്ലേ, മഞ്ഞക്കിളിയുടെ, കാനനക്കുയിലേ എന്നിവയാണ് ഗായികയുടെ ശ്രദ്ധേയമായ ഗാനങ്ങള്‍.

അടുത്തിടെ ഈ ഗാനങ്ങൾ കോർത്തിണക്കി രാധികയുടെ മകൾ ദേവിക ഒരുക്കിയ മെഡ്‍‌ലി ഏറെ ശ്രദ്ധേയമായിരുന്നു. സംഗീത പാരമ്പര്യമുള്ള എറണാകുളം രവിപുരത്തെ ശ്രീകണ്ഠത്ത് കുടുംബത്തിലാണ് രാധിക ജനിച്ചത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/69612/you-are-always-in-our-hearts-singer-sujata-mohan)