---
title: "കല്യാണം കഴിക്കാനോ പ്രേമിക്കാനോ സമയമില്ല; വെളിപ്പെടുത്തി  മൃണാല്‍ ഠാക്കൂര്‍ "
english_title: "Now Mrinal is opening his mind about marriage and love."
publisher: "moviemax.in"
canonical_url: "https://moviemax.in/news/67918/now-mrinal-is-opening-his-mind-about-marriage-and-love"
published_at: "2022-09-13T11:30:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63201d4c00545_mrunal_thakur.jpg"
keywords: []
---

# കല്യാണം കഴിക്കാനോ പ്രേമിക്കാനോ സമയമില്ല; വെളിപ്പെടുത്തി  മൃണാല്‍ ഠാക്കൂര്‍ 

> **Lead Summary:** പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിക്കൊണ്ടരിക്കുന്ന നടിയാണ് മൃണാള്‍ ഠാക്കൂര്‍. ടെലിവിഷനില്‍ നിന്നുമാണ് മൃണാല്‍ സിനിമയിലെത്തുന്നത്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയൊന്നും മൃണാലിനുണ്ടായിരുന്നില്ല.

## Article Content

പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിക്കൊണ്ടരിക്കുന്ന നടിയാണ് മൃണാള്‍ ഠാക്കൂര്‍. ടെലിവിഷനില്‍ നിന്നുമാണ് മൃണാല്‍ സിനിമയിലെത്തുന്നത്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്തുണയൊന്നും മൃണാലിനുണ്ടായിരുന്നില്ല.

ടെലിവിഷനില്‍ നിന്നും വരുന്നുവെന്ന കാരണത്താല്‍ ബോളിവുഡില്‍ നിന്നും തുടക്കത്തില്‍ മോശം സമീപനവും മൃണാലിന് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ തന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിരിക്കുകയാണ് മൃണാല്‍.

ഇപ്പോഴിതാ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മൃണാല്‍. ബംബിള്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മൃണാല്‍ മനസ് തുറക്കുന്നത്. മുപ്പതുകള്‍ക്ക് ശേഷമുള്ള പ്രണയത്തെക്കുറിച്ചും സമൂഹം കുട്ടികള്‍ക്കായി സമ്മര്‍ദ്ദം ചെലുത്തുന്നതിനെക്കുറിച്ചുമൊക്കെ മൃണാല്‍ സംസാരിക്കുന്നുണ്ട്. താന്‍ പങ്കാളിയില്‍ പ്രതീക്ഷിക്കുന്ന സ്വഭാവങ്ങളെക്കുറിച്ചും മൃണാല്‍ പറയുന്നുണ്ട്. 

''എനിക്ക് തോന്നുന്നത്, ഞാന്‍ എന്താണെന്നും എവിടെ നിന്നാണ് വരുന്നതെന്നും എന്റെ മനസില്‍ എന്താണ് നടക്കുന്നതെന്നും എന്റെ പ്രൊഫഷന്‍ എന്താണെന്നും മനസിലാക്കുന്ന ഒരാള്‍ ആയിരിക്കണമെന്നത് പ്രധാനപ്പെട്ടതാണ്.

ഒരുപാട് ഇന്‍സെക്യൂരിറ്റിയുള്ളൊരു മേഖലയാണിത്. അതിനാല്‍ നല്ല സെക്യുവര്‍ ആയി ഇതിനെയൊക്കെ ആശ്ലേഷിക്കാന്‍ സാധിക്കുന്നയാളാകണം. ഇത്തരത്തിലുള്ളൊരാളെ അപൂര്‍വ്വമായി മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂ. ഈ ഊര്‍ജ്ജത്തെ ഞാന്‍ വിളിക്കുന്നത് വാംപയര്‍ എന്നാണ്'' മൃണാല്‍ പറയുന്നു.

തന്റെ അമ്മയെക്കുറിച്ചും മൃണാല്‍ സംസാരിക്കുന്നുണ്ട്. ''എനിക്ക് കുട്ടികള്‍ വേണമെന്ന് തോന്നിയ സമയമുണ്ടായിട്ടുണ്ട്. പക്ഷെ അത്ഭുതമെന്ന് പറയട്ടെ, എന്റെ അമ്മ പറഞ്ഞത് നിനക്ക് വേണമെങ്കില്‍ എഗ്ഗ് ഫ്രീസ് ചെയ്ത് വെക്കുകയോ അല്ലെങ്കില്‍ സിംഗിള്‍ മദര്‍ ആവുകയോ ചെയ്യാം അതില്‍ തെറ്റില്ല എന്നായിരുന്നു. കൊളളാം അമ്മേ, ഇത് നന്നായിരിക്കുന്നുവെന്നാണ് ഞാന്‍ ചിന്തിച്ചത്'' എന്നാണ് താരം പറയുന്നത്. തനിക്ക് പ്രണയത്തില്‍ വീഴണ്ടെന്നും മറിച്ച് പ്രണയത്തില്‍ ഉയരുകയാണ് വേണ്ടതെന്നും മൃണാല്‍ പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/67918/now-mrinal-is-opening-his-mind-about-marriage-and-love)