---
title: "'ഗോഡ്ഫാദറി'ല്‍ താരമാകാൻ നയൻതാര, ക്യാരക്ടർ പോസ്റ്റർ പുറത്ത്  "
english_title: "Nayanthara to star in 'Godfather', character poster out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/67035/nayanthara-to-star-in-godfather-character-poster-out"
published_at: "2022-09-09T12:21:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/631ae28f4a03a_NAYANTHARA.jpg"
keywords: []
---

# 'ഗോഡ്ഫാദറി'ല്‍ താരമാകാൻ നയൻതാര, ക്യാരക്ടർ പോസ്റ്റർ പുറത്ത്  

> **Lead Summary:** തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിരഞ്ജീവി ചിത്രമാണ് 'ഗോഡ്ഫാദർ'. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആണ് ഈ സിനിമ.

## Article Content

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിരഞ്ജീവി ചിത്രമാണ് 'ഗോഡ്ഫാദർ'. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്‍ത സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്‍റെ തെലുങ്ക് റീമേക്ക് ആണ് ഈ സിനിമ.

അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് മലയാളികളും സിനിമയുടെ റിലീസിനായി കാത്തിരിക്കുന്നത്. ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പോസ്റ്ററുകളും ടീസറും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ നയൻതാര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

മലയാളത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രമായാണ് നയൻതാര ​ഗോഡ്ഫാദറിൽ എത്തുന്നത്. സത്യപ്രിയ ജയ്ദേവ് എന്നാണ് കഥാപാത്രത്തിന്റെ പേര്. ടൈപ്പിം​ഗ് ചെയ്തു കൊണ്ടിരിക്കുന്ന ലുക്കിലാണ് പോസ്റ്ററിൽ നയൻതാര ഉള്ളത്.

പിന്നാലെ നിരവധി പേരാണ് ചിത്രത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രമാണ് 'ഗോഡ്ഫാദർ'. മോഹന്‍ രാജ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയും സൂപ്പര്‍ ഗുഡ് ഫിലിംസും ചേര്‍ന്നാണ്.

ചിത്രത്തില്‍ സത്യദേവ് കഞ്ചാറാണയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ബോളിവുഡ് താരം സൽമാൻ ഖാനും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

വിജയ് നായകനായ മാസ്റ്റര്‍ ഉള്‍പ്പെടെ ക്യാമറയില്‍ പകര്‍ത്തിയ നീരവ് ഷായാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. എസ് തമന്‍ സംഗീത സംവിധാനവും പ്രഭുദേവ നൃത്തസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളുടെ കലാസംവിധാനം നിര്‍വ്വഹിച്ച സുരേഷ് സെല്‍വരാജനാണ് കലാസംവിധായകന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/67035/nayanthara-to-star-in-godfather-character-poster-out)