കേരളത്തിലെന്ന പോലെ ബംഗളൂരുവിലും കനത്ത മഴയാണ്. ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ നഗരത്തിലെ റോഡുകൾ പലയിടത്തും വെള്ളത്തിനടിയിലായി. രക്ഷാപ്രവർത്തകർ വീടുകളിൽ നിന്നും ആളുകളെ ഒഴിപ്പിക്കാനുള്ള അശ്രാന്ത്ര പരിശ്രമത്തിലായിരുന്നു.
മഴ മൂലം കനത്ത നാശനഷ്ടങ്ങൾ തന്നെ ബംഗളൂരുവിലും ഉണ്ടായി. അതുപോലെ നീണ്ട ഗതാഗതക്കുരുക്കിൽ ആളുകൾ പലയിടത്തും കുടുങ്ങി. അതിനിടയിൽ ചില കൗതുകകരമായ ദൃശ്യങ്ങളും വൈറലായി. അതിൽ റോഡിൽ ഒരാൾ ഒരു ക്യാറ്റ്‍ഫിഷിനെയും പിടിച്ച് നിൽക്കുന്ന ദൃശ്യവും പെടുന്നു.
സിംഘാര എന്നാണ് പ്രാദേശികമായി ഈ മത്സ്യം അറിയപ്പെടുന്നത്. ഒരു രക്ഷാപ്രവർത്തകനാണ് ക്യാറ്റ്ഫിഷിനെ പിടിച്ച് നിൽക്കുന്നത്. അതേ സമയം തന്നെ മറ്റൊരു രക്ഷാപ്രവർത്തകൻ മൊബൈൽ ഫോണിൽ ഇതിന്റെ ചിത്രം പകർത്തുന്നതും കാണാം. സമീർ മോഹൻ എന്നയാളാണ് ഈ ചിത്രം ട്വിറ്ററിൽ പങ്ക് വച്ചിരിക്കുന്നത്.
'ബംഗളൂരുവിലേക്ക് വരൂ, ഇപ്പോൾ റോഡിന്റെ നടുവിൽ നിങ്ങൾക്ക് മീൻ പിടിക്കാം' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുമായി എത്തിയിരിക്കുന്നത്. സെപ്തംബർ മൂന്ന് വരെ ബംഗളൂരുവിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുകയാണ്.
Content Highlight: Rescue worker standing with fish in the middle of the road, picture goes viral

































